തൃശ്ശൂർ രാമനിലയം പുത്തൻ പ്രൗഢിയിൽ | ഫോട്ടോ: പി.ആർ.ഡി തൃശ്ശൂർ
തൃശ്ശൂര്‍: രാജകീയ തീരുമാനങ്ങള്‍ക്കും രാഷ്ട്രീയ ചാണക്യതന്ത്രങ്ങള്‍ക്കും ലോകമഹായുദ്ധത്തില്‍ പട്ടാള റിക്രൂട്ട്മെന്റിനും സാക്ഷിയായ രാമനിലയം വീണ്ടും പ്രതാപകാലത്തേക്ക്. രാമനിലയത്തിന്റെ 120 വര്‍ഷം പഴക്കമുള്ള പൈതൃക ബ്ലോക്ക് പഴമയുടെ പ്രൗഢി ചോരാതെ നവീകരിച്ചു. മൂന്നുഘട്ടമായുള്ള നവീകരണത്തിന്റെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. ആര്‍ക്കിടെക്ട് എം.എം. വിനോദ്കുമാര്‍ നല്കിയ സംരക്ഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 3.45 കോടിയില്‍ കെട്ടിടനവീകരണം നടത്തിയത്. 1.25 കോടിയുടെ ലാന്‍ഡ്സ്കേപ്പിങ്ങും ലൈറ്റിങ്ങും ഉള്‍പ്പെടുന്ന പരിസര നവീകരണവും ഉടന്‍ പൂര്‍ത്തിയാക്കും.
പുതിയ കെട്ടിടസമുച്ചയത്തില്‍ 34 മുറികളുണ്ട്. പുതുക്കിയ പൈതൃക ബ്ലോക്ക് ജനുവരി ഒന്നിന് വൈകിട്ട് ആറിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് നാടിന് സമര്‍പ്പിക്കും.

ചരിത്രം
നിലവിലെ പൈതൃക ബ്ലോക്ക് ഈ രീതിയില്‍ സ്ഥാപിക്കപ്പെട്ടത് 120 വര്‍ഷം മുമ്പാണെങ്കിലും ശക്തന് തമ്പുരാന് കൊട്ടാരത്തിന്റെ ഔട്ട്ഹൗസായ അണിപറമ്പ് ഇവിടെയായിരുന്നതായാണ് അനുമാനം. പിന്നീട് ദിവാന് ബംഗ്ലാവായും ബ്രിട്ടീഷ് റസിഡന്റിന്റെ വാസസ്ഥാനമായ ട്രിച്ചൂര് റസിഡന്സിയായും രണ്ടാംലോക യുദ്ധകാലത്ത് മിലിട്ടറി ഓഫീസായുമൊക്കെ രൂപാന്തരങ്ങളുണ്ടായി. കൊച്ചി മഹാരാജാവ് രാമവര്‍മയുടെ സ്മരണയിലാണ് രാമനിലയം എന്ന പേര്.
രാമവര്‍മ കൊച്ചി മഹാരാജാവും രാജഗോപാലാചാരി ദിവാനുമായിരിക്കെയാണ് അണിപറമ്പിലെ കെട്ടിട സമുച്ചയം ഈ മാതൃകയില്‍ സ്ഥാപിതമായത്. ദിവാന് എ.ആര്. ബാനര്‍ജിയുടെ കാലത്താണ് റസിഡന്‍സി രാമനിലയം പാലസായി നാമകരണം ചെയ്യപ്പെട്ടത്. രണ്ടാം ലോകയുദ്ധകാലത്ത് രാമനിലയത്തെ മിലിട്ടറി റിക്രൂട്ട്മെന്റ് ഓഫീസായും രാമനിലയം വളപ്പ് മിലിട്ടറി ബാരക്കുകളായും ഉപയോഗിച്ചു. 1939-'45 കാലഘട്ടത്തില്‍ 1.7 ലക്ഷം പേരാണ് ഇവിടെനിന്ന് പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്.

മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവും ഇ.എം.എസ്. നമ്പൂതിരിപ്പാട്, പട്ടം താണുപിള്ള മുതലുള്ള മുഖ്യമന്ത്രിമാരും മറ്റ് ദേശീയനേതാക്കളും ഇവിടെ തങ്ങിയിരുന്നു. ഇവിടത്തെ ഒന്നാം നമ്പര്‍ മുറി മുഖ്യമന്ത്രി കരുണാകരന് ഏറെ പ്രിയപ്പെട്ടതായിരുന്നു.
- കരിങ്കല്ലും ചെങ്കല്ലും കുമ്മായവും കൊണ്ട് നിര്‍മിച്ച മന്ദിരത്തിന്റെ നവീകരണത്തിലും കുമ്മായമാണ് ഉപയോഗിച്ചത്.
- തേക്കിലും ഈട്ടിയിലുമുള്ള മുഖപ്പുകളും അലങ്കാരപ്പണികളും കേടുപാടുകള്‍ തീര്‍ത്തു മിനുക്കി.
- തറയോടുകള്‍, മരം കൊണ്ടുള്ള ഫ്ളോറിങ്, ഭിത്തികവചങ്ങള്‍ എന്നിവയും തനിമയില്‍ പുനഃസ്ഥാപിച്ചു.
- കസേരകള്‍, മേശകള്‍ തുടങ്ങിയ മര ഉരുപ്പടികളും തിളക്കം വീണ്ടെടുത്തു.
- ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് സംവിധാനങ്ങളും ഉപകരണങ്ങളും പൈതൃക ബ്ലോക്കിന് യോജിക്കുംവിധമാക്കി.
- നാല് ആഡംബര സ്യൂട്ട് മുറികളോടു കൂടിയ പൈതൃക ബ്ലോക്കിന് 14,500 ചതുരശ്ര അടിയാണ് വിസ്തീര്‍ണം.
- കെട്ടിടത്തിലെ രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍ നവീകരണത്തില്‍ നിലനിര്‍ത്തി.
- മുറികളിലൊന്ന് വി.വി.ഐ.പി.കള്‍ക്കുള്ള പ്രസിഡന്‍ഷ്യല്‍ സ്യൂട്ടാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..