ബംഗളൂരു:  സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ തയ്യാറെടുത്ത് കര്‍ണാടകയില്‍ ഹൂബ്ലിയിലെ റെയില്‍വേ മ്യൂസിയം. മ്യൂസിയത്തിലേക്ക് ഈ മാസം അഞ്ചുമുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാം. മൈസൂരു റെയില്‍ മ്യൂസിയത്തിന് പിന്നില്‍ രണ്ടാമത്തേതാണ് ഹൂബ്ലിയിലേതെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സെന്‍ട്രല്‍ റെയില്‍വേ ആശുപത്രിക്ക് എതിര്‍ വശത്തുള്ള ഗഡഗ് റോഡിലെ ഹൂബ്ലി റെയില്‍വേ സ്‌റ്റേഷന്‍ രണ്ടാം കവാടത്തിനരികിലാണ് മ്യൂസിയം സജ്ജീകരിച്ചിട്ടുള്ളത്. 2020 ജൂലായ്‌ 31-നാണ് മ്യൂസിയം കമ്മീഷന്‍ ചെയ്തതെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ആദ്യ അഞ്ച് ദിവസം മ്യൂസിയത്തിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. വൈകിട്ട് നാലുമുതല്‍ ഏഴുവരെയാണ് പ്രവേശനസമയം. ആഗസ്റ്റ് 11 മുതല്‍ സാധാരണ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി ഏഴുവരെ മ്യൂസിയം പ്രവര്‍ത്തിക്കും. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടുമണി വരെയും പ്രവര്‍ത്തിക്കും. എല്ലാ തിങ്കളാഴ്ചകളിലും അവധിയായിരിക്കും.

12 വയസിന് മുകളിലുള്ളവര്‍ക്ക് 20 രൂപയും അഞ്ചു മുതല്‍ 12 വയസുവരെയുള്ളവര്‍ക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ടതില്ല.

പ്രത്യേക തിയേറ്റര്‍ കോച്ചില്‍ 12 മണി മുതല്‍ അഞ്ച് മണിവരെ ഓരോ മണിക്കൂറിലും പ്രദര്‍ശനമുണ്ടായിരിക്കും. 15 മിനിറ്റാണ് പ്രദര്‍ശനസമയം. പത്ത് പേരടങ്ങുന്ന സംഘത്തിന് ഒരാള്‍ക്ക് പത്തുരൂപയാണ് ഈടാക്കുക. പത്ത് രൂപ നല്‍കിയാല്‍ കളിപ്പാട്ട തീവണ്ടിയില്‍ കയറി ഒന്നു ചുറ്റാം. കൂടാതെ റോളിങ് സ്‌റ്റോക്കുകള്‍, മാലപ്രഭ, ഘടപ്രഭ എന്നിങ്ങനെയുള്ള കോട്ടേജുകള്‍, കഫേറ്റീരിയ, മെമ്മോറാബിലിയ ഷോപ്പ്, ടിക്കറ്റ് പ്രിന്റിങ് യന്ത്രം, മാതൃകാ തീവണ്ടി, കുട്ടികള്‍ക്കായുള്ള ആക്റ്റിവിറ്റി റൂം എന്നിവയും മ്യൂസിയത്തിലുണ്ട്.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും റെയില്‍വേയുടെ പൈതൃകത്തേക്കുറിച്ച് അറിയാനായി വരുന്നവര്‍ക്ക് ഹൂബ്ലി റെയില്‍വേ മ്യൂസിയം ഒരു വിരുന്നായിരിക്കും.

Content Highlights: Railway Museum, Hubballi, South Western Railway, Travel News