ഭുവനേശ്വര്‍: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായ പുരി ജഗന്നാഥക്ഷേത്രം മേയ് 15 വരെ അടച്ചിടും. രാജ്യത്ത് കോവിഡ് രോഗം ആഞ്ഞടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അധികൃതര്‍ ക്ഷേത്രം അടച്ചിടാനുള്ള ഉത്തരവ് പുറത്തിറക്കിയത്.

ഒഡിഷയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 12-ാം നൂറ്റാണ്ടിലാണ് ക്ഷേത്രം പണികഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലേക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനമില്ലെങ്കിലും നിത്യ പൂജകള്‍ മുടക്കമില്ലാതെ നടക്കും.

ക്ഷേത്രത്തില്‍ പുരോഗമിക്കുന്ന നവീകരണപ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളായ ചന്ദന്‍ യാത്ര, രഥ് യാത്ര, സ്‌നാന്‍ യാത്ര എന്നിവ നടക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

മേയ് 15 നാണ് രഥ് യാത്ര ആരംഭിക്കുക. കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ചടങ്ങ് മാറ്റിവെയ്ക്കും. കഴിഞ്ഞ വര്‍ഷം കോവിഡ് മൂലം ഉത്സവങ്ങള്‍ നടന്നിരുന്നില്ല. 

Content Highlights: Puri's Lord Jagannath Temple to remain closed for devotees till May 15