വള്ളപ്പാടുകൾക്ക് അകലെ... കൊറോണയുടെ കളിതുടരുമ്പോൾ വള്ളംകളിയൊക്കെ അനിശ്ചിതത്വത്തിലാണ്. ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച വള്ളംകളി പ്രേമികളെ പുളകംകൊള്ളിച്ച് നടക്കാറുള്ള നെഹ്രുട്രോഫി ജലമേള നടക്കുന്ന ആലപ്പുഴ പുന്നമടക്കായലിലെ നെഹ്രു പവിലിയൻ കാണാനെത്തിയ കുട്ടികളെ ചൂണ്ടിക്കാണിക്കുന്ന രക്ഷാകർത്താവ് ഫോട്ടോ: സി.ബിജു
ആലപ്പുഴ: ഓഗസ്റ്റ് മാസത്തെ രണ്ടാമത്തെ ശനിയാഴ്ച. വള്ളംകളിപ്രേമികള്‍ക്കും ആലപ്പുഴക്കാര്‍ക്കും വെറുമൊരു ദിവസമല്ലത്. ഒരു ദിവസത്തിനപ്പുറം ഒരു വികാരംകൂടിയാണ് ആ ദിനം. ചുണ്ടനും ചുരുളനും വെപ്പും ഓടിയും ഇരുട്ടുകുത്തിയും കായല്‍പ്പരപ്പില്‍ മിന്നല്‍പ്പിണരുകള്‍ തീര്‍ക്കുന്ന ദിനം. കരയിലും വെള്ളത്തിലും ഒരേ പോലെ ആവേശത്തിമര്‍പ്പ്.
പുന്നമടപ്പൂരത്തിന് കൊടിയേറി ആവേശത്തിന്റെ അമിട്ടുപൊട്ടുന്ന കായല്‍പ്പരപ്പ് ഇന്ന് നിശ്ചലമാണ്. വള്ളംകളിയെ വള്ളപ്പാടുകള്‍ക്ക് പിന്നിലാക്കി കോവിഡ് കുതിച്ചുകയറുമ്പോള്‍ മത്സരം ഉപേക്ഷിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു. ഓളമില്ലെങ്കിലും ഓളപ്പരപ്പ് കാണാന്‍ എല്ലാ ദിവസവും ആളുകള്‍ കുടുംബാംഗങ്ങളുമായെത്തുന്നുണ്ട്. കൂടെ കുട്ടികളുമുണ്ട്. കാണാത്തവര്‍ക്കായി കൈചൂണ്ടി കാണിച്ചുകൊടുത്ത് എല്ലാം വിശദീകരിച്ചു. ചിലര്‍ ഒറ്റയ്ക്കാണെത്തിയത്. മത്സരമില്ലെങ്കിലും അവര്‍ക്ക് പുന്നമടയിലേക്ക് എത്താതിരിക്കാന്‍ കഴിയുമായിരുന്നില്ല. വേദികളും പവിലിയനുമെല്ലാം തയ്യാറായി ശനിയാഴ്ചത്തേക്കായി ഒരുങ്ങിനില്‍ക്കുന്ന പുന്നമട ഇന്ന് ശൂന്യമാണ്. നെഹ്രുപവിലിയനില്‍ വെള്ളിക്കപ്പ് സമ്മാനിക്കുമ്പോഴുണ്ടാകുന്ന അലയൊലികള്‍ കാണാനെത്തിയവരുടെ മനസ്സില്‍ മാത്രമായി.

കൊറോണ പടര്‍ന്നുപിടിച്ചതും വള്ളംകളി ഇല്ലാത്തതും ടൂറിസംമേഖലയ്ക്ക് വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാക്കിയത്. നെഹ്രുട്രോഫി വള്ളംകളി ടൂറിസംമേഖലയ്ക്കും പ്രത്യേകിച്ച് പുരവഞ്ചിമേഖലയ്ക്കും വലിയ സാമ്പത്തികവരുമാനം നല്‍കുമായിരുന്നു. കോടികളുടെ നഷ്ടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്
- കെവിന്‍ റൊസാരിയോ, പുരവഞ്ചി ഉടമ.
കൊറോണയ്ക്കുശേഷം ആദ്യം ആഗ്രഹിക്കുന്നത് വള്ളംകളി

- അഡ്വ. ജി.മനോജ്കുമാര്‍, വള്ളംകളി പ്രേമി

നെഹ്രുട്രോഫിയും സി.ബി.എല്ലും മുന്നില്‍കണ്ട് ഏറെ മുന്‍പേ തന്നെ പദ്ധതികള്‍ തയാറാക്കിയിരുന്നതാണ്. കോവിഡ് കാരണം ഇനി മറ്റൊന്നിനും മാര്‍ഗമില്ല. കോവിഡിന് ശേഷം കൂടുതല്‍ തയാറെടുപ്പോടെ മത്സരത്തിനിറങ്ങും, സാഹചര്യം അനുകൂലമായാല്‍ വള്ളംകളി നടത്തണം
- ജയപ്രസാദ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ് പ്രസിഡന്റ്
തുടര്‍ച്ചയായ മൂന്നാംതവണയാണ് നെഹ്രുട്രോഫി വള്ളംകളി മാറ്റിവെക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും പ്രളയമായിരുന്നു കാരണമെങ്കില്‍ ഇത്തവണ വില്ലനായി അവതരിച്ചത് കൊറോണയാണ്.
രണ്ടു പ്രളയത്തിനുശേഷം വളരെ മനോഹരമായിത്തന്നെ വള്ളംകളി നടത്താന്‍ സംഘാടകര്‍ക്കായി. എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് തുഴച്ചില്‍ക്കാരും ക്ലബ്ബുകളും മാറ്റിവെച്ച മത്സരങ്ങളില്‍ പങ്കെടുത്ത് നെഹ്രുട്രോഫിയെ വീണ്ടും ആവേശത്തിന്റെ ട്രാക്കിലെത്തിച്ചിരുന്നു.
കഴിഞ്ഞ രണ്ടുകൊല്ലവും മത്സരം ഓഗസ്റ്റില്‍ നടത്തിയില്ലെങ്കിലും അതേ വര്‍ഷംതന്നെ നടത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, കൊറോണ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നെഹ്രുട്രോഫിയും ഈ വര്‍ഷം ഉപേക്ഷിക്കാനാണ് സാധ്യത. അതോടൊപ്പം സി.ബി.എലും ഈ വര്‍ഷം ഉപേക്ഷിക്കേണ്ടതായിവരും.
വെള്ളിടിക്കു മുന്‍പേ വെള്ളിയാഴ്ചയാണ് ജലരാജാക്കന്മാര്‍ വിശ്രമിക്കുന്നത്. ഇന്ന് വെള്ളിയാഴ്ചയാണ്. അങ്കപ്പുറപ്പാടിനുമുന്‍പേ ആളും ആരവവും ഒരുക്കി ഒരുദിവസം നീളുന്ന വിശ്രമത്തിന്റെ ഓര്‍മ ഓര്‍ത്തെടുക്കാനുണ്ടാകും ക്ലബ്ബുകാര്‍ക്കും തുഴച്ചില്‍ക്കാര്‍ക്കും. ശനിയാഴ്ച അവര്‍ സര്‍വ ആയുധങ്ങളും പുറത്തെടുത്ത് ഓളപ്പരപ്പുകള്‍ കീറിമുറിക്കും. ലക്ഷ്യം ആ വെള്ളിക്കപ്പ് മാത്രം.
കാണാന്‍ വിദേശത്തുനിന്നും സ്വദേശത്തുനിന്നും ആയിരങ്ങള്‍ പുന്നമടയിലേക്ക് ഒഴുകിയെത്തും. രണ്ടാഴ്ചയില്‍ കൂടുതല്‍ നീളുന്ന നീണ്ട പരിശീലനത്തിന് ക്ലബ്ബുകള്‍ ഇടവേള കൊടുക്കുന്നത് മത്സരദിവസത്തലേന്ന് മാത്രമാണ്.
വെള്ളിയാഴ്ച തുഴച്ചില്‍ക്കാര്‍ക്കും ചുണ്ടനും പൂര്‍ണവിശ്രമമാണ് നല്‍കുന്നത്. മത്സരത്തിനുമുന്‍പേ ചുണ്ടനുകളെ മിനുസപ്പെടുത്തി സൗന്ദര്യരാജനാക്കുന്ന ജോലിനടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..