ഈട് വര്‍ധിപ്പിക്കാന്‍ കശുവണ്ടിക്കറ പൂശുന്നു; പുനലൂര്‍ തൂക്കുപാലം അടച്ചു


പുനലൂർ തൂക്കുപാലം | ഫോട്ടോ: സി.ആർ ഗിരീഷ്‌കുമാർ

സംരക്ഷണപ്രവൃത്തികള്‍ പുരോഗമിച്ചതോടെ പുരാവസ്തുവകുപ്പിന്റെ സംരക്ഷിതസ്മാരകമായ പുനലൂര്‍ തൂക്കുപാലം പൂര്‍ണമായും അടച്ചു. ഇനി പാലത്തില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. പുനരുദ്ധാരണപ്രവൃത്തികള്‍ പൂര്‍ത്തിയായശേഷമേ ഇനി പാലം തുറക്കൂ. ഫെബ്രുവരിയോടെ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ആലോചന.

പാലത്തില്‍ പാകിയിട്ടുള്ള കമ്പക മരപ്പലകകളില്‍ കശുവണ്ടിക്കറ പൂശുന്ന ജോലി ആരംഭിച്ചതോടെയാണ് കഴിഞ്ഞദിവസം പാലം പൂര്‍ണമായും അടച്ചത്. പ്രവേശനം നിരോധിച്ചെങ്കിലും പാലം കാണുന്നതിനും ചിത്രമെടുക്കുന്നതിനുമായി ദൂരസ്ഥലങ്ങളില്‍നിന്നു വന്ന സന്ദര്‍ശകരെ കഴിഞ്ഞദിവസം കിഴക്കേ കവാടത്തിലെ ക്യാബിന്‍വരെ പ്രവേശിപ്പിച്ചിരുന്നു.ഈട് വര്‍ധിപ്പിക്കുന്നതിനാണ് നടപ്പലകകളില്‍ കശുവണ്ടിക്കറ പുരട്ടുന്നത്. വടക്കുവശത്തെ തകര്‍ന്ന പാര്‍ശ്വഭിത്തിയുടെ പുനര്‍നിര്‍മാണവും നടക്കുന്നുണ്ട്. പ്രവൃത്തി കഴിഞ്ഞയാഴ്ച ആരംഭിച്ചെങ്കിലും പാലം പൂര്‍ണമായും അടച്ചിരുന്നില്ല.

പി.എസ്.സുപാല്‍ എം.എല്‍.എ. ഇടപെട്ട് പുരാവസ്തുവകുപ്പില്‍നിന്ന് അനുവദിപ്പിച്ച 26.88 ലക്ഷം രൂപയ്ക്കുള്ള അറ്റകുറ്റപ്പണികളാണ് പാലത്തില്‍ നടക്കുന്നത്. നവീകരണം കഴിയുന്നത്ര വേഗം പൂര്‍ത്തിയാക്കി പാലം സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കുമെന്ന് എം.എല്‍.എ. അറിയിച്ചിട്ടുണ്ട്.

പുനലൂരിന്റെ സ്വന്തം തൂക്കുപാലം

കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരില്‍, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂര്‍ തൂക്കുപാലം. പുനലൂര്‍ വഴി കടന്നു പോകുന്ന കല്ലടയാറിനു കുറുകേ പണിത തൂക്ക് പാലത്തിന്റെ നിര്‍മ്മാണം 1877ലാണ് പൂര്‍ത്തിയാക്കിയത്. പുനലൂരിന്റെ സാമൂഹികസാംസ്‌കാരികവാണിജ്യ രംഗങ്ങളെ പൊളിച്ചെഴുതുന്നതില്‍ തൂക്കുപാലം വഹിച്ച പങ്ക് വലുതാണ്. ദക്ഷിണേന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു ഇത്.

1872ല്‍ ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ കാലത്താണ് ആല്‍ബര്‍ട്ട് ഹെന്‍ട്രി എന്ന ബ്രിട്ടീഷ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ തൂക്കുപാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 3 ലക്ഷം രൂപ ചെലവഴിച്ച് 2212 ദിവസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പാലത്തിന് 400 അടിയോളം നീളവും 16 അടി വീതിയുമുണ്ട്. ചിത്രപ്പണികള്‍ അടങ്ങിയ കരിങ്കല്ലില്‍ കെട്ടിയുയര്‍ത്തിയ രണ്ട് ആര്‍ച്ചുകള്‍ക്കുള്ളിലൂടെ രണ്ട് കൂറ്റന്‍ ചങ്ങലകളിലാണ് പാലം തൂക്കിയിട്ടിരിക്കുന്നത്.

53 കണ്ണികള്‍ വീതമുള്ള രണ്ട് കൂറ്റന്‍ ഉരുക്ക് ചങ്ങലകളിലാണ് പാലം ബന്ധിപ്പിച്ചിരിക്കുന്നത്. രണ്ട് ചങ്ങലകളും ആറ്റിന്റെ രണ്ട് കരകളിലുമുള്ള നാല് കിണറുകള്‍ക്കുള്ളിലാണ് ഘടിപ്പിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ചങ്ങലയില്‍ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ് ചട്ടകൂടുകളിലുറപ്പിച്ച തമ്പകം പാളങ്ങള്‍ കൊണ്ടുള്ള പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വാഹന ഗതാഗതമുള്‍പ്പടെ സാധ്യമായിരുന്നത്. 1974ല്‍ തൊട്ടുചേര്‍ന്ന് കോണ്‍ക്രീറ്റ് പാലം തുറക്കുന്നതുവരെ തൂക്കുപാലത്തിലൂടെയായിരുന്നു ഗതാഗതം.

Content Highlights: punalur suspension bridge


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented