വിനോദസഞ്ചാരമേഖല നിശ്ചലമാണ്. നിയന്ത്രണങ്ങള്‍ കഴിയുമ്പോഴേക്കും വിനോദസഞ്ചാരമേഖല ശക്തിപ്പെടേണ്ടതുണ്ട്. പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തണം. നിലവിലുള്ളയിടങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. ബേപ്പൂര്‍ മണ്ഡലത്തിലെടൂറിസം സാധ്യതകളെപ്പറ്റിയുള്ള പരമ്പര തുടങ്ങുന്നു

ഇടതൂര്‍ന്ന് വളരുന്ന കണ്ടല്‍ച്ചെടികളും അപൂര്‍വയിനം സസ്യങ്ങളാലും ഹരിതാഭമായ പുല്ലിപ്പുഴയില്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത വിനോദസഞ്ചാര സാധ്യത ഒളിഞ്ഞു കിടപ്പുണ്ട.്

കടലുണ്ടിപ്പുഴയുടെ കൈവഴിയായ കനോലി കനാലും ചാലിയാറിന്റെ കൈവഴിയായ വടക്കുമ്പാട് പുഴയും സംഗമിച്ചുണ്ടാവുന്നതാണ് കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിപങ്കിടുന്ന പുല്ലിപ്പുഴ. ഏഴുകിലോമീറ്ററോളം നീളത്തില്‍ പുല്ലിപ്പുഴ ഒഴുകുന്നു. ഒരുകാലത്ത് പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ജീവിതത്തിന് നിറംപകര്‍ന്നത് ഈ പുഴയായിരുന്നു. പുഴ നിറയെ തോണികളും പുഴയോരം നിറയെ ചകിരിമില്ലുകളുമായിരുന്നു അക്കാലത്ത്. കയര്‍വ്യവസായം ശക്തമായതോടെ പുല്ലിപ്പുഴയുടെ തീരം ചകിരിമില്ലുകള്‍ കൈയടക്കി. പരമ്പരാഗതരീതിയിലുള്ള മത്സ്യബന്ധനവും പുഴയില്‍ സജീവമായിരുന്നു. ഉച്ചസൂര്യന്റെ കിരണങ്ങളേറ്റ് പുഴയുടെ അടിത്തട്ടില്‍ വെട്ടിത്തിളങ്ങിയിരുന്ന വെള്ളാരംകല്ലുകള്‍ ഇന്ന് പഴമക്കാരുടെ ഓര്‍മകളില്‍ മാത്രമായി.

കടലാസില്‍ ഒതുങ്ങിപ്പോയ പദ്ധതികള്‍

ഉത്തരവാദിത്വ വിനോദസഞ്ചാരത്തില്‍ ഉള്‍പ്പെട്ട പുല്ലിപ്പുഴമുതല്‍ മുക്കത്തുകടവുവരെയുള്ള പുഴയോരം കേന്ദ്രീകരിച്ച് വിനോദസഞ്ചാരപദ്ധതി നടപ്പാക്കാന്‍ ശ്രമങ്ങളാരംഭിച്ചിരുന്നു. നാലടി വീതിയില്‍ നടപ്പാത, എട്ടടി വീതിയില്‍ സൈക്കിള്‍പ്പാത, പെഡസ്റ്റല്‍ ബോട്ട്, ലാന്‍ഡിങ് സെന്റര്‍, മിനി കഫ്റ്റീരിയ, ഉള്‍നാടന്‍ മത്സ്യബന്ധനപദ്ധതികള്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഉദ്ദേശിച്ചിരുന്നത്. പദ്ധതിക്കാവശ്യമായ സ്ഥലവും അനുബന്ധസൗകര്യത്തിനായുള്ള 50 സെന്റ് സ്ഥലവും നല്‍കാമെന്ന് എം.എല്‍.എ.യെ പ്രദേശവാസികള്‍ അറിയിക്കുകയും ചെയ്തിരുന്നു.

ചേലേമ്പ്ര സില്‍ക്ക്പാലം മുതല്‍ പുല്ലിക്കടവ് പാലംവരെയുള്ള പുഴയോരമാണ് പദ്ധതിയുടെ ആദ്യപരിഗണനയില്‍ ഉള്‍പ്പെട്ടിരുന്നത്. പുഴയോരത്തെ പുറമ്പോക്കുഭൂമിയുടെ അതിര്‍ത്തി നിര്‍ണയിച്ചുനല്‍കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയമിക്കുകയുംചെയ്തിരുന്നു. ഇതിനുള്ള ചെലവ് പഞ്ചായത്തുകളോട് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഫണ്ട് അനുവദിച്ചില്ല. അതോടെ പദ്ധതി വീണ്ടും മുടങ്ങി. പിന്നീട് അബ്ദുല്‍ ഹമീദ് എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് തുക അനുവദിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നടന്നില്ല.

നഗരസഭകള്‍ക്കുമുണ്ട് പദ്ധതികള്‍

ജെവവൈവിധ്യംകൊണ്ട് സമൃദ്ധമായ പുല്ലിപ്പുഴയെ ഉപയോഗപ്പെടുത്താന്‍ ഫറോക്ക്, രാമനാട്ടുകര നഗരസഭകള്‍ക്കും പദ്ധതികളുണ്ട്. രാമനാട്ടുകരയില്‍ പുല്ലിപ്പുഴയുമായി ചേരുന്ന നീലിത്തോട്ടിലൂടെയുള്ള വിനോദസഞ്ചാരസാധ്യതകള്‍ പരിശോധിച്ചിരുന്നു. ഫറോക്ക് നഗരസഭയുടെ നേതൃത്വത്തില്‍ പുഴയിലൂടെ തോണിയാത്ര നടത്തിയിരുന്നു.

വിവിധയിനം കണ്ടല്‍ വീണ്ടും വെച്ചുപിടിപ്പിച്ച് പുഴ കൂടുതല്‍ മനോഹരമാക്കല്‍, തോണിയാത്രയ്ക്കും ബോട്ടിങ്ങിനുമായി സംവിധാനമൊരുക്കല്‍, കല്ലംപാറ ചെമ്മീന്‍പാടം പള്ളിമുതല്‍ കല്ലംപാറ പാലംവരെയുള്ള ഭാഗത്ത് പുഴയോരത്ത് നടപ്പാത നിര്‍മാണം, പക്ഷിനിരീക്ഷണത്തിന് സൗകര്യം എന്നിവയെല്ലാം നടപ്പാക്കാമെന്ന ധാരണയില്‍ തോണിയാത്ര പിരിഞ്ഞെങ്കിലും സര്‍ക്കാരിലേക്ക് പദ്ധതി സമര്‍പ്പിച്ചില്ല. വിനോദസഞ്ചാരപദ്ധതികള്‍ നടപ്പാക്കുന്നതിനുമുമ്പ് പുഴയിലെ മാലിന്യം പൂര്‍ണതോതില്‍ നീക്കണം. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും വേണം.


ജോലിസാധ്യതയുള്ള പദ്ധതി

ഉത്തരവാദിത്വ വിനോദസഞ്ചാരപദ്ധതി ആരംഭിക്കാന്‍ അന്നത്തെ ടൂറിസംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് പദ്ധതി കോ-ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ പുല്ലിപ്പുഴത്തീരത്ത് വിനോദസഞ്ചാരഗ്രാമസഭയും നടത്തി. പ്രവര്‍ത്തനവുമായി മുന്നോട്ടുപോവുന്നതിനിടയ്ക്ക് പ്രളയം വന്നു. പിന്നീട് കോവിഡും തിരഞ്ഞെടുപ്പുവിജ്ഞാപനവുമെത്തിയതോടെ വീണ്ടും പദ്ധതി താളംതെറ്റി. ഒരുപാടുപേര്‍ക്ക് ജോലിസാധ്യതയുള്ള പദ്ധതി ഉടന്‍ നടപ്പാക്കണം

അസീസ് പാറയില്‍,

ചേലേമ്പ്ര പഞ്ചായത്തംഗം

Content highlights : pullipuzha river is opens up tourism possibilities border of calicut and malappuram