ന്യൂഡല്‍ഹി: വിദേശത്തുനിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവര്‍ക്ക് കോവിഡ് പരിശോധനയുടെ പേരില്‍ ദുരിതമെന്ന് യാത്രക്കാര്‍.
അഞ്ചും ആറും മണിക്കൂര്‍ വിമാനത്താവളത്തില്‍ കാത്തുകിടക്കേണ്ട അവസ്ഥയാണെന്നും തുടര്‍ന്ന് ഐസൊലേഷന്‍ ക്യാമ്പിലെത്തിയാല്‍ അവിടെ അതിനേക്കാള്‍ ദുരിതമാണെന്നും യാത്രക്കാര്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി 7.45ന് ഡല്‍ഹിയിലേക്ക് ഓസ്ട്രേലിയയില്‍ നിന്നെത്തിയ യാത്രക്കാര്‍ക്ക് പിറ്റേന്നു രാവിലെ വരെ വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടേണ്ടിവന്നു.
കോവിഡ് പരിശോധനയ്ക്കെന്ന പേരില്‍ ആറേഴ് മണിക്കൂര്‍ നിന്നിട്ടും വിമാനത്താവളത്തില്‍ ഒന്നും നടന്നില്ല. പിന്നീട് ഇവരെ മനേസറിലെ ഐസൊലേഷന്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. ക്യാമ്പിലാവട്ടെ സൗകര്യങ്ങള്‍ കുറവും വൃത്തിഹീനവുമാണെന്ന് ഓസ്ട്രേലിയയില്‍ നിന്നുവന്ന രമണ്‍ കുമാരി പറഞ്ഞു.
ഇരുനൂറോളം പേരുള്ള ക്യാമ്പില്‍ വളരെക്കുറച്ച് ശൗചാലയങ്ങള്‍ മാത്രമാണുള്ളത്. അതാവട്ടെ വൃത്തിഹീനവും. വിമാനത്താവളത്തില്‍ നിന്ന് പരിശോധന നടത്താതെയാണ് ക്യാമ്പിലെത്തിച്ചത്. വീട്ടില്‍ സമ്പര്‍ക്കവിലക്കില്‍ ഇരിക്കാന്‍ സാധിക്കുന്നവര്‍ എഴുതി ഒപ്പിട്ടുകൊടുത്താല്‍ ക്യാമ്പില്‍നിന്ന് പോകാമെന്ന് ഞായറാഴ്ച വൈകീട്ട് പറഞ്ഞുവത്രെ.
ഇതുപ്രകാരം എഴുതിക്കൊടുത്തവര്‍ക്ക് തിരിച്ചുപോകാനായി ബസുകളെത്തി. അതിലേക്ക് എല്ലാവരും ബാഗും സാധനങ്ങളും എടുത്തുവെച്ചു. എന്നാല്‍, ആരും തിരിച്ചു പോകേണ്ടെന്നും ക്യാമ്പില്‍തന്നെ കഴിയണമെന്നും പിന്നീടറിയിച്ചു. അതേസമയം, ഡല്‍ഹി വിമാനത്താവളത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും 90 ഹെല്‍ത്ത് കൗണ്ടറുകള്‍ തുടങ്ങിയെന്നും വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
നേരത്തേ ഇറ്റലി, ചൈന, ജപ്പാന്, ദക്ഷിണ കൊറിയ, ഇറാന്, സിംഗപ്പുര്‍, തായ്ലന്ഡ്, മലേഷ്യ, ഹോങ്കോങ്, വിയറ്റ്നാം, നേപ്പാള്‍, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് മാത്രമായിരുന്നു വിമാനത്താവളത്തില്‍ പരിശോധന.
എന്നാല്‍ ആ പട്ടികയിലേക്ക് യു.കെ., യു.എസ്., ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ കൂടി ആയപ്പോഴാണ് വിമാനത്താവളത്തില്‍ തിരക്ക് കൂടിയത്.
Content Highlights: problems faced by the travellers in Delhi airport
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..