ഞ്ചാരികളുടെ പറുദീസയായ മാലദ്വീപില്‍ നിന്നും സഞ്ചാരികള്‍ക്ക് കൗതുകമുള്ള ഒരു വാര്‍ത്ത ഈയിടെ പുറത്തുവന്നു. കാശുണ്ടെങ്കില്‍ മാലദ്വീപില്‍ നിങ്ങള്‍ക്കും ഒരിടം സ്വന്തമായി വാങ്ങാം. 

16 സ്വകാര്യ ദ്വീപുകളാണ് മാലദ്വീപ് 50 വര്‍ഷത്തെ പാട്ടിന് നൽകാൻ ഉദ്ദേശിക്കുന്നത്. റിസോര്‍ട്ട് നിര്‍മിക്കുന്നവര്‍ക്ക് മാത്രമേ ദ്വീപ് നല്‍കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. ടൂറിസം മാത്രമാണ് മാലദ്വീപിന്റെ പ്രധാന വരുമാനമാര്‍ഗം. കോവിഡ് മൂലം ടൂറിസം രംഗത്ത് തിരിച്ചടികള്‍ നേരിട്ടതോടെ പുതിയ തീരുമാനങ്ങളുമായി മാലദ്വീപ് സര്‍ക്കാര്‍ രംഗത്തെത്തുകയായിരുന്നു.

ദ്വീപ് വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് 50 വര്‍ഷത്തേക്ക് പ്രദേശം സ്വന്തമായി ലഭിക്കും. ഇവിടെ 36 മാസത്തിനകം റിസോര്‍ട്ട് പണിയണം. ടൂറിസം വകുപ്പിന്റെ അനുവാദമില്ലാതെ ദ്വീപിലെ മരങ്ങള്‍ വെട്ടിമാറ്റാനോ പ്രകൃതിയെ നശിപ്പിക്കാനോ സാധിക്കില്ല. 

മാലദ്വീപ് വിമാനത്താവളം സ്ഥിതി ചെയ്യുന്ന മാലിയിലാണ് ഈ ദ്വീപുകളെല്ലാം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് നില്‍ക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ സര്‍ക്കാര്‍ അനുവദിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് tourism.gov.mv എന്ന ടൂറിസം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

ഇന്ത്യന്‍ സഞ്ചാരികളും സിനിമാതാരങ്ങളും ഏറ്റവുമധികം സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലൊന്നാണ് മാലിദ്വീപ്. നിലവില്‍ ഇന്ത്യന്‍ സഞ്ചാരികളെ മാലദ്വീപ് കോവിഡ് കാരണത്താല്‍ വിലക്കിയിരിക്കുകയാണ്.

Content Highlights: Private Islannds for sale in Maldives