അരീക്കോട്: സഫാരി ട്രാവല്‍ ക്ലബ്ബ്, സുല്ലമുസ്സലാം സയന്‍സ് കോളേജ് സംഘടിപ്പിച്ച പ്രയാണ്‍ ട്രാവല്‍ ഫെസ്റ്റ് യാത്രാപ്രേമികള്‍ക്ക് ഒരു പുത്തനനുഭവമായി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്ത ഫെസ്റ്റ് പ്രമുഖ സഞ്ചാരികളുടേയും യാത്രാപ്രേമികളുടേയും ബാഹുല്യം കൊണ്ട് വേറിട്ടു നിന്നു. 

വിവിധ സെഷനുകളിലായി യാത്രാനുഭവങ്ങള്‍, യാത്രാ ഡോക്യുമെന്ററികള്‍, സംവാദങ്ങള്‍, പുസ്തക പരിചയം, പരമ്പരാഗത സഞ്ചാരരീതികളില്‍ നിന്നും വ്യത്യസ്ഥമായ യാത്രകള്‍, ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ, വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസരങ്ങള്‍ തുടങ്ങിയ പ്രമേയങ്ങളില്‍ ചര്‍ച്ച നടന്നു. 

ബാബ് സാഗര്‍ (മണാലി), ഫ്യൂയജിയോണ്‍ പോളാര്‍ എക്‌സ്‌പെഡിഷന്‍ 2017-ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നിയോഗ് എന്നിവര്‍ പങ്കെടുത്ത സെഷനുകളായിരുന്നു ഫെസ്റ്റിന്റെ മുഖ്യാകര്‍ഷണങ്ങള്‍. ഫെസ്റ്റിനോടനുബന്ധിച്ചൊരുക്കിയ ട്രാവല്‍ ലൈബ്രറി മലബാര്‍ ഗേറ്റ് വേ ടൂറിസം എം.ഡി. ജിഹാദ് ഹുസൈനും ഷഹ്മിലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സഫാരി ട്രാവല്‍ ക്ലബ്ബ് കോര്‍ഡിനേറ്റര്‍മാരായ മുനീര്‍ ഹുസൈന്‍, ജബ്ബാര്‍ എന്നിവര്‍ക്ക് കീഴില്‍ മുഹമ്മദലി ജൗഹര്‍ നേതൃത്വം നല്‍കിയ ഫെസ്റ്റില്‍ അഖില്‍ കൊമാച്ചി, നിസാം മൂര്‍ക്കനാട്, പി.ബി.എം.ഫര്‍മീസ്, ഹാമിദലി വാഴക്കാട് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു. 

യാത്രയുടെ വ്യത്യസ്ത അര്‍ത്ഥമാനങ്ങള്‍ പകര്‍ന്നു നല്‍കിയ ഫെസ്റ്റില്‍ വിവിധ കോളേജുകളില്‍ നിന്നായി അമ്പതിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Content Highlights: Prayan Travel Fest, Areekode Sullamussalam Science College