നെടുമങ്ങാട് : നീണ്ട കാത്തിരിപ്പുകൾക്കുശേഷം മഞ്ഞുപൊഴിയുന്ന പൊന്മുടി ശനിയാഴ്ച രാവിലെ സന്ദർശകർക്കായി തുറന്നു കൊടുത്തു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് വനംവകുപ്പ് പൊന്മുടി അടച്ചിട്ടിരുന്നത്. ഒടുവിൽ പട്ടിണിയിലായ തൊഴിലാളികുടുംബങ്ങളുടേയും ആയിരക്കണക്കിന് സന്ദർശകരുടെയും അഭ്യർത്ഥന മാനിച്ചാണ് ഈ സീസണിൽ തന്നെ പൊന്മുടി തുറക്കുന്നത്.
പൊന്മുടി തുറക്കുന്നതറിഞ്ഞ് ശനിയാഴ്ച രാവിലെ തന്നെ കോടമഞ്ഞിന്റെ തണുപ്പുതേടി ആയിരത്തിൽപ്പരം സന്ദർശകർ കുടുംബസമേതം എത്തി. ആദ്യ ദിനത്തിൽത്തന്നെ അര ലക്ഷം രൂപയാണ് വനംവകുപ്പിന്റെ വരുമാനം. ആനപ്പാറ, കല്ലാർ ചെക്‌പോസ്റ്റുകളിൽ സന്ദർശകരേയും വാഹനങ്ങളേയും സുരക്ഷാപരിശോധനകൾക്ക് വിധേയമാക്കി.
കല്ലാർ ചെക്‌പോസ്റ്റിൽ ‘ബ്രേക്ക് ദി ചെയ്ൻ’ മാനദണ്ഡങ്ങൾ അനുസരിച്ച് സാനിറ്ററൈസേഷൻ നടത്തിയശേഷമാണ് അപ്പർ സാനിട്ടോറിയത്തിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നത്. ചെക്‌പോസ്റ്റിൽ സന്ദർശകർ തന്നെ കൊണ്ടുവരുന്ന സാനിെറ്റെസർ, ഗ്ലൗസ് എന്നിവ ഉപയോഗിച്ചശേഷമേ കടത്തിവിടൂ. മദ്യം, പ്ലാസ്റ്റിക് എന്നിവ പൂർണമായും ഒഴിവാക്കണം.
വനംസംരക്ഷണസമിതിക്കാണ് പൊന്മുടി സന്ദർശനത്തിന്റെ നടത്തിപ്പ് ചുമതല. വനംവകുപ്പും പൊന്മുടി പോലീസും ഇവർക്കാവശ്യമായ ഏകോപനം ഒരുക്കും. ശനിയാഴ്ച രാവിലെ പാലോട് റെയ്ഞ്ച് ഓഫീസർ അജിത്കുമാറിന്റെ നേതൃത്വത്തിൽ പൊന്മുടി സന്ദർശകർക്ക് കല്ലാറിൽ ബോധവത്‌കരണം നടത്തി.
പൊന്മുടി അടച്ചിട്ടതോടെ നൂറുകണക്കിന് തോട്ടംതൊഴിലാളി കുടുംബങ്ങളാണ് വരുമാനമില്ലാതെ കഷ്ടപ്പെട്ടിരുന്നത്. കല്ലാർ മുതലുള്ള നൂറുകണക്കിന് ചെറുകിട കച്ചവടകേന്ദ്രങ്ങൾ, ഹോട്ടലുകൾ, വഴിയോരകച്ചവടക്കാർ, തോട്ടം തൊഴിലാളികൾ എന്നിവരെല്ലാം പൊന്മുടി തുറന്നതോടെ ഏറെ സന്തോഷത്തിലാണ്. കൂടാതെ സന്ദർശകർക്ക് സന്തോഷം പകരുന്നതിനായി പൊന്മുടി ലോവർ സാനിട്ടോറിയത്തിലും അപ്പർ സാനിട്ടോറിയത്തിലും കോടിക്കണക്കിന് രൂപയുടെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്.
ട്രക്കിങ്ങിന് പുതിയ സൗകര്യം
പൊന്മുടിയിൽ സീസൺ തുടങ്ങുന്നതോടെ വനംവകുപ്പ് ട്രക്കിങ്ങിന് പുതിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സീതാതീർത്ഥത്തിലേക്കും വരയാട്ടുമൊട്ടയിലേക്കും രണ്ട് ട്രക്കിങ് പാക്കേജുകളാണ് തയ്യാറാക്കിയിട്ടുള്ളത്. സീതാതീർത്ഥത്തിലേക്ക് പത്തുപേരടങ്ങുന്ന സംഘത്തിന് 2000 രൂപനൽകി ട്രക്കിങ് നടത്താം. വരയാട്ടുമൊട്ടയിലേക്ക് അഞ്ചുപേരടങ്ങുന്ന സംഘത്തിന് 3500 രൂപയാണ് ട്രക്കിങ് ഫീസ്. രണ്ടിനും വനംവകുപ്പിന്റെ ഗൈഡിന്റെ സേവനം ലഭിക്കുമെന്നും കർശനനിയന്ത്രണങ്ങളോടെയാണ് ട്രക്കിങ് പാക്കേജ് നടപ്പാക്കുന്നതെന്നും റെയ്ഞ്ച് ഓഫീസർ ബി.അജിത്കുമാർ പറഞ്ഞു.
Content Highlights: Ponmudi Eco Tourism Center, Thiruvananthapuram Tourists Destinations, Kerala Tourism, Travel News