തിരുവനന്തപുരം: പൊന്മുടി വിനോദസഞ്ചാരകേന്ദ്രം ഈ മാസം അഞ്ച് മുതൽ നിയന്ത്രണവിധേയമായി തുറക്കും. കോവിഡും പേമാരിയിൽ റോഡ് തകർന്നതും കാരണം കഴിഞ്ഞ കുറേ നാളുകളായി ഇവിടം അടച്ചിട്ടിരിക്കുകയായിരുന്നു. ഡി.കെ. മുരളി എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.

ക്രിസ്മസ് കാലത്ത് തന്നെ പൊന്മുടിയിലേക്ക് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം എം.എൽ.എ വിനോദ സഞ്ചാര വകുപ്പ് മന്ത്രിയുടേയും ഡി.എഫ്.ഒ യുടേയും ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ടൂറിസം വകുപ്പ് മന്ത്രിക്കും വനംവകുപ്പു മന്ത്രിക്കും പോലീസ് , റവന്യൂ വകുപ്പുകൾക്കും ഇത് സംബന്ധിച്ച് വിശദമായ നിവേദനവും നൽകിയിരുന്നു. എന്നാൽ റോഡിൻ്റെ അപകടാവസ്ഥ പരിഹരിക്കാത്തതിനാൽ‌ പൊന്മുടി ഈ സീസണിൽ തുറക്കുന്നതിൽ അനിശ്ചിതത്വമുണ്ടായിരുന്നു.

ഈ സാഹചര്യത്തിൽ 27 - 12 - 2022 ന് ചേർന്ന ജില്ലാ വികസ സമിതിയിൽ ഇക്കാര്യം വീണ്ടും ഉന്നയിച്ചു. ജില്ലാ കളക്ടറുടെ നിർദേശമനുസരിച്ച് റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടും, ഡി.എഫ്.ഒ യും, തഹസിൽദാറും നേരിട്ട് സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വരുന്ന ബുധനാഴ്ച മുതൽ വിനോദസഞ്ചാരകേന്ദ്രം തുറക്കാൻ തീരുമാനമാവുന്നത്. അപകടാവസ്ഥയിലുള്ള റോഡിന്റെ ഭാഗത്ത് പ്രത്യേക കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

സമുദ്രനിരപ്പിൽ നിന്നും 610 മീറ്റർ ഉയരത്തിൽ കിടക്കുന്ന വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടിക്ക് സമാനതകളില്ലാത്ത പ്രകൃതിസൗന്ദര്യമാണുള്ളത്. കല്ലാറിലെ കാട്ടരുവികളും വള്ളിപ്പടർപ്പുകളും നിറഞ്ഞതാണ് പൊൻമുടിയുടെ പ്രവേശനകവാടം. കാട്ടരുവികളും മലമടക്കുകളും പിന്നിട്ട് കുത്തനെയുള്ള 22 ഹെയർപിന്നുകളും കടന്നു ചെന്നെത്തുന്ന അപ്പർസാനിട്ടോറിയം ഓരോ സഞ്ചാരിയുടേയും മനസിൽ മഞ്ഞിന്റെ കുളിർമയുള്ള അനുഭവമാണ് സമ്മാനിക്കുക.

അവധിദിനങ്ങളുടെ ആലസ്യമാസ്വദിക്കാൻ സ്വദേശികളും കോടമഞ്ഞിന്റെ തണുപ്പുതേടി വിദേശികളുമായി ലക്ഷക്കണക്കിന് ആളുകളാണ്  പൊന്മുടി സന്ദർശിക്കാനെത്തിയിരുന്നത്.

Content Highlights: ponmudi eco tourism center reopening, kerala tourism