നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് അടച്ചിട്ട പൊന്മുടി | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
- പൊന്മുടി വിനോദസഞ്ചാരകേന്ദ്രം തുറക്കാൻ നടപടികളില്ല
- നൂറുകണക്കിന് സഞ്ചാരികൾ വന്ന് നിരാശരായി മടങ്ങിപ്പോകുന്നു
നെടുമങ്ങാട് : കോവിഡിന്റെ അതിവ്യാപനത്തിൽ അടച്ചിട്ട പൊന്മുടി തുറക്കാൻ നടപടികളില്ല. മാനദണ്ഡങ്ങൾ പാലിച്ച് പള്ളിക്കൂടങ്ങളും, അങ്കണവാടികളുംവരെ തുറന്നിട്ടും പൊന്മുടി തുറക്കാൻ നടപടികളില്ല. മധ്യവേനൽ അവധിക്കാലമായ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളാണ് വിനോദസഞ്ചാരമേഖലയുടെ ഹരിതകാലം. ഈ സമയത്താണ് പൊന്മുടി വിനോദ കേന്ദ്രങ്ങളിലേക്ക് കുടുംബസമേതം കൂടുതൽ ആളുകളെത്തുന്നത്. പൊന്മുടി അടഞ്ഞുകിടക്കുന്നതറിയാതെ നൂറുകണക്കിന് സഞ്ചാരികളാണ് കല്ലാറിൽ വരെ വന്ന് മടങ്ങിപ്പോകുന്നത്.
കല്ലാർ ഗോൾഡൻവാലി, മീൻമുട്ടി എന്നീ കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. പൊന്മുടിയിൽ സന്ദർശകരെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.കെ.മുരളി എം.എൽ.എ. വനംവകുപ്പ് അധികൃതർക്ക് കത്തുനൽകിയതനുസരിച്ച് ഒന്നരമാസം മുമ്പ് പൊന്മുടി തുറന്നിരുന്നു.
എന്നാൽ, കോവിഡ് സുരക്ഷകൾ കർശനമായി പാലിക്കാൻ കഴിയാതെ വന്നതോടെയാണ് വീണ്ടും പൊന്മുടി അടച്ചത്. സന്ദർശകർക്കായി പുതുതായി കോടിക്കണക്കിനു രൂപയുടെ വികസനപ്രവർത്തനങ്ങളാണ് പൊന്മുടിയിൽ സാധ്യമാക്കിയിരിക്കുന്നത്.
പാതയോരത്ത് ഇപ്പോൾ സദാ കാട്ടാനക്കൂട്ടങ്ങളുമുണ്ട്. വല്ലപ്പോഴുമെത്തുന്ന വാഹനങ്ങൾക്കും പൊന്മുടിയിലെ ജീവനക്കാർക്കും പേടിസ്വപ്നമാണിത്. പൊന്മുടിയിലെത്തുന്ന സർക്കാർ ജീവനക്കാർ തോട്ടംതൊഴിലാളികൾ എന്നിവരുടെ യാത്രയ്ക്ക് വിഘാതമായിട്ടാണ് കാട്ടാനശല്യം. സ്ഥിരമായി വാഹനങ്ങൾ ഓടിയാൽ കാട്ടാനശല്യം ഒഴിവാകുമെന്ന് വനം സംരക്ഷണസമിതി പ്രവർത്തകർ പറയുന്നു.
പൊന്മുടി അടച്ചതോടെ ഇവിടെ തേയില, വനവിഭവങ്ങൾ, പഴങ്ങൾ എന്നിവ വിറ്റ് കുടുംബം പുലർത്തിയിരുന്ന തോട്ടം തൊഴിലാളികളും പട്ടിണിയിലായി.
തേയിലത്തോട്ടങ്ങളിൽ ജോലിയില്ലാതെ ദുരിതമനുഭവിക്കുന്നവർക്ക് ഏക വരുമാനമായിരുന്നു പാതയോരത്തെ വനവിഭവങ്ങളുടെ കച്ചവടം. വനംസംരക്ഷണസമിതിയുടെ ഇരുന്നൂറിലധികം തൊഴിലാളികൾ വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്.
Content Highlights: Ponmudi eco tourism center is still not opened for tourists
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..