നെടുമങ്ങാട്: സന്ദർശകരില്ലാതെ പൊന്മുടിയിൽ ആദ്യമായി ഒരു സീസൺ കടന്നുപോകുകയാണ്. കോടമഞ്ഞിന്റെ തണുപ്പും നൂൽപ്പുഴകളുടെ ഒഴുക്കും ആസ്വദിക്കാൻ കുന്നുകയറി ഇത്തവണ ആരുമെത്തില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊന്മുടിയിൽ സഞ്ചാരികൾക്ക് പ്രവേശനമില്ല.
വനംവകുപ്പും കെ.ടി.ഡി.സി.യും വനംസംരക്ഷണസമിതിയും സംയുക്തമായിട്ടാണ് എല്ലാവർഷവും പൊന്മുടിയിൽ സഞ്ചാരികളെ വരവേൽക്കാൻ സംവിധാനങ്ങളൊരുക്കുന്നത്. എന്നാൽ ഇത്തവണ പൊന്മുടിയിലെ തോട്ടം തൊഴിലാളികൾക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സീസൺ പൂർണമായും ഒഴിവാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
ഡിസംബർ ആദ്യവാരം തുടങ്ങി ഏപ്രിൽ അവസാനംവരെയാണ് എല്ലാവർഷവും പൊന്മുടിയിൽ സീസൺ ആഘോഷിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുനിന്നുമുള്ള പതിനായിരക്കണക്കിന് സന്ദർശകരും വിദേശികളുമാണ് കേരളത്തിന്റെ ടൂറിസ്റ്റ് ഐക്കണായ പൊന്മുടി കാണാൻ എത്താറുള്ളത്. കല്ലാറിലെ ഗോൾഡൻവാലിയിൽ തുടങ്ങുന്ന പൊന്മുടിയിലെ സൗന്ദര്യക്കാഴ്ചകൾ അവസാനിക്കുന്നത് മേഘമഞ്ഞുകൾ മുട്ടിയുരുമ്മിക്കിടക്കുന്ന അപ്പർസാനിട്ടോറിയത്തിലാണ്. 22 ഹെയർപിന്നുകളിലൂടെ നൂൽപിടിച്ചുള്ള യാത്രയ്ക്ക് ആസ്വാദ്യതയേറെ.
സംസ്ഥാനത്ത് കോവിഡ് വ്യാപനം സ്ഥിരീകരിച്ചതിനെത്തുടർന്ന് 9 മാസങ്ങൾക്കു മുൻപാണ് പൊന്മുടി അടച്ചിട്ടത്. താത്‌കാലികമായിട്ടായിരുന്നു അന്ന് വനംവകുപ്പ് തീരുമാനം കൈക്കൊണ്ടത്. എന്നാൽ, സംസ്ഥാനത്തെ മറ്റ് ടൂറിസം കേന്ദ്രങ്ങളും പൂട്ടിയതോടെ പൊന്മുടിയും സന്ദർശകരുടെ മുന്നിൽ അടയുകയായിരുന്നു. എന്നാൽ, സംസ്ഥാനത്തെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം തുറന്നിട്ടും പൊന്മുടി മാത്രം സഞ്ചാരികൾക്കായി തുറന്നില്ല. പൊന്മുടി ടൂറിസം പാക്കേജുകൊണ്ട് ഉപജീവനം നടത്തിയിരുന്ന ടൂർ ഓപ്പറേറ്റർമാർ മാത്രമല്ല, പൊന്മുടിയെ ചുറ്റിപ്പറ്റി ജീവിതം പുലർത്തിയിരുന്ന നൂറുകണക്കിന് കുടുംബങ്ങളും പട്ടിണിയിലാണ്. കല്ലാർ മുതൽ പൊന്മുടി വരെ കാട്ടുവിഭവങ്ങൾ ശേഖരിച്ച് പാതയോരത്ത് വിൽപ്പന നടത്തി ഉപജീവനം നടത്തിയിരുന്നവർക്കും തൊഴിൽ ഇല്ലാതായി. ചെറുകിട ഹോട്ടലുകളും തട്ടുകടകളും പൂട്ടിയതോടെ നൂറുകണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു.
Content Highlights: Ponmudi Eco Tourism Center, KTDC, Golden Valley Kallar, Kerala Tourism, Kerala Tourist Icon