മുംബൈ: തീവണ്ടി യാത്രക്കാർക്ക് വിശ്രമിക്കാൻ ഒരു കിടക്കയുടെ വലുപ്പത്തിലുള്ള മുറികളുമായി പോഡ് ഹോട്ടലുകൾ. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ പോഡ് ഹോട്ടൽ ബുധനാഴ്ച മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സഹമന്ത്രി റാവുസാഹേബ് ധൻവേ ഉദ്ഘാടനം ചെയ്തു.

എട്ടടി നീളവും ആറടി വീതിയുമുള്ള മുറിയിൽ ഒരാൾക്ക് മാത്രം കിടക്കാവുന്ന കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 12 മണിക്കൂറിന് 999 രൂപയും 24 മണിക്കൂറിന് 1999 രൂപയുമാണ് നിരക്ക്. തീവണ്ടി യാത്രക്കാർക്ക് ഒരു രാത്രി ചുരുങ്ങിയ ചെലവിൽ വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഒന്നാംനിലയിൽ 3000 ചതുരശ്ര അടി സ്ഥലത്താണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. നാലു തരത്തിലുള്ള 48 കാപ്‌സ്യൂളുകൾ (മുറികൾ) ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരാൾക്കുമാത്രം കിടക്കാവുന്ന 37 കാപ്‌സ്യൂളുകളുകളിൽ ഏഴെണ്ണം സ്ത്രീകൾക്കായി മാറ്റിവെച്ചിട്ടുണ്ട്. അല്പംകൂടി വലുപ്പമുള്ള 10 സ്വകാര്യ കാപ്‌സ്യൂളുകൾ വേറെ. ഇവയുടെ നിരക്കിൽ നേരിയ വർധനയുണ്ട്. ഭിന്നശേഷിക്കാർക്കായി ഒരു കാപ്‌സ്യൂളും.

പെട്ടികളും മറ്റും വെക്കാനുള്ള പ്രത്യേക സൗകര്യം, ശൗചാലയം എന്നിവയെല്ലാം പുറത്താണ്. എന്നാൽ ടെലിവിഷൻ, വൈഫൈ, വായിക്കാനുള്ള പ്രത്യേക വെളിച്ചം, ലോക്കർ, കണ്ണാടി തുടങ്ങിയ സൗകര്യങ്ങളൊക്കെ കാപ്‌സ്യൂളിനകത്തുണ്ട്. അടുത്ത ഒൻപത് വർഷത്തേക്ക് ഇവ നടത്താനായി ഐ.ആർ.സി.ടി.സി. സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചിരിക്കുകയാണ്. ഈ സംരംഭം വിജയിച്ചാൽ മറ്റ് റെയിൽവേ സ്റ്റേഷനുകളിലും പോഡ് ഹോട്ടൽ സൗകര്യങ്ങൾ എത്തും.

Content Highlights: POD rooms, mumbai central railway station, ministry of railways