നൽ​ഗൊണ്ട ( തെലങ്കാന): മികച്ച വിനോദസഞ്ചാര ​ഗ്രാമങ്ങളിലൊന്നായി തെലങ്കാനയിലെ പോച്ചംപള്ളിയെ തിരഞ്ഞെടുത്ത് യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർ​ഗനൈസേഷൻ (യു.എൻ.ഡബ്ലിയൂ.ടി.ഓ). സ്പെയിനിലെ മാഡ്രിഡിൽ ഡിസംബർ 2-ന് നടക്കുന്ന 24-ാമത്  ടൂറിസം ഓർ​ഗനൈസേഷൻ ജനറൽ അസംബ്ലിയിൽ പുരസ്കാരം വിതരണം ചെയ്യും.  

വടക്കുപടിഞ്ഞാറൻ മേഖലയുടെ ചുമതലയുള്ള കേന്ദ്ര സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഡി പോച്ചംപള്ളിയിലെ ജനങ്ങളെ അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരതിന്റെ ഭാ​ഗമായുള്ള വോക്കൽ ഫോർ ലോക്കൽ പദ്ധതി വഴി പോച്ചംപള്ളിയുടെ തനത് പട്ടുനെയ്ത്ത് രീതിക്ക് പ്രത്യേക പരി​ഗണന കിട്ടിയെന്ന് അദ്ദേഹം പറഞ്ഞു. 

​ഗ്രാമീണ മേഖലകളിലെ മികച്ച ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾക്കാണ് യു.എൻ.ഡബ്ലിയൂ.ടി.ഓ പുരസ്കാരം നൽകുന്നത്. വിവിധ പരിശീലന പരിപാടികളിലൂടെ ​ഗ്രാമങ്ങൾക്ക് അവരുടെ വിനോദസഞ്ചാര സാധ്യതകൾക്ക് കരുത്തേകാനും പുരസ്കാരം നൽകുന്നതുവഴി  യു.എൻ.ഡബ്ലിയൂ.ടി.ഓ ലക്ഷ്യമിടുന്നു.

മേഘാലയയിലെ കോങ്തോങ്, മധ്യപ്രദേശിലെ ലധ്പുര ഖാസ് എന്നിവയാണ് പോച്ചംപള്ളിക്ക് പുറമേ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്ന് വിനോദസഞ്ചാര മന്ത്രാലയം നാമനിർദേശം ചെയ്ത ​ഗ്രാമങ്ങൾ.

ഹൈദരാബാദിൽ നിന്ന് 50 കിലോമീറ്റർ അകലെ തെലങ്കാനയിലെ നൽ​ഗൊണ്ട ജില്ലയിലാണ് പോച്ചംപള്ളി സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ പട്ടുന​ഗരം എന്നാണിവിടം അറിയപ്പെടുന്നത്. പട്ടുനെയ്ത്തിലെ വ്യത്യസ്തതകൊണ്ട് പോച്ചമ്പള്ളി ഇക്കട്ട് എന്ന ഈ ശൈലിക്ക് ഭൗമസൂചികാ പദവിയും ലഭിച്ചിട്ടുണ്ട്.

Content Highlights: Pochampally silk saree, UNWTO, best tourism village in India