വാഗമൺ: ജില്ലയിലെ ഇഷ്ട ടൂറിസം സ്‌പോട്ടായ വാഗമൺ പൈൻവാലിയിൽ പ്രവേശിക്കണമെങ്കിൽ ഇനിമുതൽ ടിക്കറ്റെടുക്കണം. ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലാണ്‌(ഡി.എം.സി.) പൈൻവാലിയിൽ ടിക്കറ്റ് കൗണ്ടർ തുടങ്ങിയത്. ടിക്കറ്റ് കൗണ്ടറിന്റെ ഉദ്ഘാടനം ഇ.എസ്.ബിജിമോൾ നിർവഹിച്ചു.

ES Bijimol Pinevalley
പൈൻവാലിയിലെ ടിക്കറ്റ് കൗണ്ടർ എം.എൽ.എ. 
ഇ.എസ്.ബിജിമോൾ ഉദ്ഘാടനം ചെയ്യുന്നു

നേരത്തെ പൈൻവാലിയിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. സഞ്ചാരത്തിരക്കേറിയ ഇവിടെ ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കുന്നതോടുകൂടി മികച്ച വരുമാനമാവും ഡി.എം.സി.ക്ക്‌ ലഭിക്കുക. വിനോദസഞ്ചാരികൾക്ക് അപകടം സംഭവിച്ചാൽ പ്രഥമശ്രുശൂഷ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിനും തീരുമാനമായിട്ടുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലാണ് വാഗമൺ ഡി.എം.സി. പ്രവർത്തിക്കുന്നത്.യോഗത്തിൽ സജികുമാർ, ആർ.രവികുമാർ, സി. സിൽവസ്റ്റർ വർഗീസ്, സുധാകരൻ നീലാംബരൻ, ഡി.ടി.പി.സി. ഉദ്യോഗസ്ഥരും ഡി.എം.സി.യിലെ ജീവനക്കാരും പങ്കെടുത്തു.

പ്രവേശന നിരക്ക്

ആളൊന്നിന് 10 രൂപയും 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് അഞ്ചു രൂപയുമാണ് പ്രവേശന ഫീസ്. ഇതിനുപുറമേ ക്യാമറ-50, വീഡിയോ-100, ഫോട്ടോഗ്രാഫി-100, ആൽബം ഷൂട്ടിങ്-2500, ഫിലിം ഷൂട്ടിങ്-10000 എന്നിങ്ങനെയും ഇരുചക്രവാഹനങ്ങൾ 20 രൂപയും വലിയ വാഹനങ്ങൾക്ക് 50 രൂപയുമാണ് ഫീസ് ഈടാക്കുന്നത്.
വനം വകുപ്പിന്റെ റിസർവ് വനമായ പൈൻകാട്ടിൽ ടിക്കറ്റ് കൗണ്ടർ സ്ഥാപിച്ചത് അനധികൃതമാണെന്നും ഇതു മാറ്റണമെന്നും വനം വകുപ്പ് ആവശ്യപ്പെട്ടു. കോട്ടയം ഡി.എഫ്.ഒ.യുടെ കീഴിലുള്ളതാണ് പൈൻവാലി.   

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് പരാതി

വാഗമണിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രാഥമിക സൗകര്യങ്ങളില്ലെന്ന പരാതിക്ക് കാലമേറെയാണ്. 
ഇവിടേക്കുള്ള പ്രധാന റോഡുകളും സഞ്ചാരയോഗ്യമല്ലാത്തവിധം പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. 

 
ഗതാഗതക്കുരുക്ക്

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി എത്തുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതോടെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് വാഗമണിലെ നിരത്തുകൾ.  വീതി കുറഞ്ഞ റോഡിലെ അശാസ്ത്രീയ പാർക്കിങ്ങും മറ്റു പാർക്കിങ്‌ സംവിധാനങ്ങൾ ഇല്ലാത്തതുമാണ് വാഗമണിൽ ഗതാഗത തടസ്സമുണ്ടാക്കുന്നത്. വാഗമൺ ടൗൺ, പൈൻവാലി, മൊട്ടക്കുന്ന്, ആത്മഹത്യാമുനമ്പ് എന്നിവിടങ്ങളിലാണ് ഗതാഗതതടസ്സം കൂടുതലായുള്ളത്.