ഫുക്കറ്റ്: തായ്‌ലന്‍ഡിലെ അതിപ്രശസ്തമായ സഞ്ചാര കേന്ദ്രവും നഗരവുമായ ഫുക്കറ്റ് സഞ്ചാരികളെ കൂട്ടമായി ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. കോവിഡിന് ശേഷം പതിയേ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്ന തായ്‌ലന്‍ഡ്, ജൂലായ് ഒന്നുമുതല്‍ ഫുക്കറ്റിലേക്ക് സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

അതിനായി ഒരു ഡോളറിന് (ഏകദേശം 72 രൂപ) ഹോട്ടല്‍ മുറി സഞ്ചാരികള്‍ക്ക് വേണ്ടി ഒരുക്കും. 'വണ്‍ നൈറ്റ് വണ്‍ ഡോളര്‍' എന്ന പദ്ധതി പ്രകാരമാണ് പുതിയ പരിഷ്‌കാരം സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. തായ്‌ലന്‍ഡ് ടൂറിസം കൗണ്‍സിലാണ് ഈ പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഫുക്കറ്റില്‍ മാത്രമാണ് നിലവില്‍ സഞ്ചാരികള്‍ക്ക് ഈ ഓഫര്‍ ലഭിക്കുക. വെറും ഒരു ഡോളര്‍ മുടക്കിയാല്‍ ലോകോത്തര നിലവാരമുള്ള ഹോട്ടല്‍ മുറികള്‍ സഞ്ചാരികള്‍ക്ക് ബുക്ക് ചെയ്യാം. ഒരു രാത്രി തങ്ങാനാണ് ഈ തുക മുടക്കേണ്ടത്.

സാധാരണയായി ഫുക്കറ്റില്‍ ഒരു റൂമെടുക്കണമെങ്കില്‍ 2400 രൂപ മുതല്‍ 7000 രൂപ വരെ മുടക്കണമായിരുന്നു. എന്നാല്‍ കോവിഡ് മൂലം സഞ്ചാരികള്‍ എത്താതായതോടെ ഹോട്ടല്‍ മേഖലയും ടൂറിസവുമെല്ലാം ശിഥിലമായി. അതില്‍ നിന്നും കരകയറാനാണ് പുതിയ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.

പദ്ധതി വിജയകരമാകുകയാണെങ്കില്‍ ബാങ്കോക്ക്, കോഹ് സാമൂയി എന്നീ നഗരങ്ങളിലും ഈ പരീക്ഷണം നടത്തും. നിലവില്‍ ഫുക്കറ്റിലേക്ക് കോവിഡ് വാക്‌സിനെടുത്ത സഞ്ചാരികള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഒപ്പം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സഞ്ചാരികള്‍ കൈയ്യില്‍ കരുതണം.

Content Highlights: Phuket to welcome vaccinated tourists from July; rooms available for as low as $1