ഹനോയി: വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ കോക്ക് സന്ദര്‍ശകര്‍ക്കായി അടുത്ത മാസം തുറന്ന് നല്‍കും. കോവിഡ് മൂലം തകര്‍ന്നടിഞ്ഞ സാമ്പത്തിക മേഖലയെ കരകയറ്റുന്നതിന്റെ ഭാഗമായിട്ടാണിത്.  കമ്പോഡിയ കടല്‍ത്തീരത്തിന് 10 കിലോമീറ്റര്‍ അകലെയുള്ള ദ്വീപ് പരീക്ഷണാടിസ്ഥാനത്തില്‍ ആറ് മാസത്തേക്കായിരിക്കും തുറക്കുക.  

അനന്തമായി നീണ്ട കോവിഡ് മഹാമാരി ടൂറിസം മേഖലയെ തച്ചുടച്ചുവെന്ന് വിയറ്റ്‌നാം ടൂറിസം സാംസ്‌കാരിക മന്ത്രിയായ നുങ് വാന്‍ ഹങ് പറഞ്ഞു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ ചാര്‍ട്ടേര്‍ഡ് വിമാനത്തിലോ വാണിജ്യ വിമാനത്തിലോ  ദ്വീപിലെത്താം.  വിയറ്റ്‌നാം സന്ദര്‍ശിക്കുന്ന വിദേശ സന്ദര്‍ശകരുടെ എണ്ണം 2019-ല്‍ 18 കോടിയില്‍ നിന്നും ഇടിഞ്ഞിരുന്നു. 

വിയറ്റ്‌നാമില്‍ ഇതുവരെ കോവിഡ് ബാധിച്ചത് 5 ലക്ഷത്തിലധികം പേര്‍ക്കാണ്. 14,400 പേരാണ് രോഗബാധിതരായി മരിച്ചത്. ഫൂ കോക്ക് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്നതിന് മുന്‍പ് താമസക്കാരെയല്ലാം വാക്‌സിനേറ്റ് ചെയ്യിക്കുമെന്ന് ടൂറിസം മന്ത്രാലയം പറഞ്ഞു. ദ്വീപില്‍ ആവശ്യത്തിന് കോവിഡ് ക്വാറന്റീന്‍, ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Content Highlights: phu quoc, island in vietnam to be opened by next month