കുമളി :പെരിയാർ കടുവാ സങ്കേതത്തിലെ ഇക്കോ ടൂറിസം പരിപാടികൾ 90 ശതമാനവും ഓൺലൈൻ ബുക്കിങ്ങിലേക്ക്. 50 ശതമാനം ബോട്ടിങ് ബുക്കിങ് പഴയതുപോലെ നിലനിർത്തിക്കൊണ്ടാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. 13 പരിപാടികളാണ് ഇക്കോ ടൂറിസത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്. വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ചുചേർത്ത ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന്റെ (പി.ടി.സി.എഫ്.) ഗവേണിങ് ബോർഡ് യോഗത്തിലാണ് പുതിയ തീരുമാനം. തേക്കടിയിലെ വിനോദസഞ്ചാരമേഖലയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന കുമളിയിലെ ആളുകളെ പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്.

കോവിഡ് തരംഗം ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചതോടെയാണ് ഓൺലൈൻ സംവിധാനം കൂടുതലായി നടപ്പാക്കാൻ പെരിയാർ കടുവാസങ്കേതം നിർബന്ധിതമായത്. നിലവിൽ 75 ശതമാനമാണ് ഇക്കോ ടൂറിസം പരിപാടികളുടെ ബുക്കിങ്ങിനായി മാറ്റിവച്ചിരുന്നത്. ഇക്കോ ടൂറിസം പരിപാടികൾ ഏറ്റവും കൂടുതൽ ബുക്ക് ചെയ്തിരുന്നവരിൽ പകുതിയിലധികവും വിദേശികളായിരുന്നു. അഞ്ചുമുതൽ എട്ടുവരെ ശതമാനം ഇതരസംസ്ഥാനത്തുനിന്നുള്ളവരും രണ്ടുമുതൽ അഞ്ചുവരെ ശതമാനം സംസ്ഥാനത്തുനിന്നുള്ളവരുമാണ്. എന്നാൽ, പെരിയാർ കടുവാ സങ്കേതത്തിന്റെ കണക്കുകൾ പ്രകാരം ഇക്കോ ടൂറിസം പരിപാടികൾക്ക് കുറേ വർഷങ്ങളായി ബുക്കിങ് പലപ്പോഴും 70 മുതൽ 80 വരെ ശതമാനമാണ്. ഓൺലൈൻ ബുക്കിങ് മിക്കപ്പോഴും 95 മുതൽ 100 ശതമാനംവരെ നിലനിർത്തിയിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. നേരിട്ടെത്തി ടിക്കറ്റുകൾ വാങ്ങി ഇക്കോ ടൂറിസം പരിപാടികളിൽ പങ്കാളികളാകുന്നവർ നാമമാത്രമായതും ഓൺലൈൻ ബുക്കിങ്ങിന് കൂടുതലാക്കാൻ ഇവരെ നിർബന്ധിതരാക്കുന്നത്.

വാദം, മറുവാദം

കോവിഡ് തരംഗം മാറുന്നതോടെ കൂടുതൽ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതിന് ഓൺലൈൻ സംവിധാനം കൂടുതൽ പ്രയോജനം ചെയ്യുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന മറുപടി.

എന്നാൽ, പുതിയ തീരുമാനത്തിനെ കൂട്ടുപിടിച്ച് തേക്കടിയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തടയാനാണ് വനംവകുപ്പ് ശ്രമിക്കുന്നതെന്ന് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

പ്രതിദിനം അയ്യായിരത്തിലധികം പേർ സീസണിലെത്തുന്ന തേക്കടിയിൽ ഓൺലൈൻ ബുക്കിങ് വ്യാപകമാക്കിയാൽ പലർക്കും അനുമതി കിട്ടാത്ത സ്ഥിതിയാകുമെന്നാണ് പുതിയ തീരുമാനത്തെ എതിർക്കുന്നവർ പറയുന്നത്. മൂന്നാർ, വാഗമൺ പോലെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികൾക്ക് പെട്ടെന്ന് തേക്കടിയിലെ ടൂറിസം പരിപാടികൾ ആസ്വദിക്കണമെന്നാഗ്രഹിച്ചാൽപോലും പുതിയ തീരുമാനം വിലങ്ങുതടിയാകും.

നിലവിലുണ്ടായിരുന്ന സംവിധാനംമുഖേന സഞ്ചാരികൾക്ക് ഒരുപരിധിവരെ ഇക്കോ ടൂറിസം പരിപാടികൾ ആസ്വദിക്കാനുള്ള സൗകര്യമൊരുക്കാൻ ടൂർ ഗൈഡുകൾക്കും ടുറിസവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർക്കും കഴിഞ്ഞിരുന്നു.

പുതിയ തീരുമാനം നടപ്പാകുന്നതോടെ ഈ സാധ്യത വിരളമാകും. ഈ പദ്ധതിയിലൂടെ പേരിൽ 50 ശതമാനം ഓൺലൈൻ ബുക്കിങ്ങുള്ള ബോട്ടിങ് 100 ശതമാനം ഓൺലൈനാക്കാനുള്ള നീക്കം വനംവകുപ്പ് പ്രാവർത്തികമാക്കാനുള്ള സാധ്യതയേറെയാണെന്ന് പ്രദേശിക ടൂറിസംമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

Content highlights :periyar tiger reserve eco tourism programmes boating is online booking