പെരിന്തല്‍മണ്ണ: പച്ചപിടിച്ച് കുളിരണിഞ്ഞുകിടക്കുന്ന കൊടികുത്തിമല ടൂറിസം കേന്ദ്രത്തിലേക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ പൊതുജനങ്ങള്‍ക്കു പ്രവേശനം നല്‍കാന്‍ തീരുമാനം. 2020 ഓഗസ്റ്റിലെ പ്രളയസമയത്ത് ഉരുള്‍പൊട്ടല്‍ ഭീഷണികളെത്തുടര്‍ന്നാണ് മലയിലേക്ക് പ്രവേശനം കളക്ടര്‍ നിരോധിച്ചത്. താഴേക്കോട് പഞ്ചായത്തില്‍ അമ്മിനിക്കാടന്‍ മലനിരകളില്‍പ്പെട്ട കൊടികുത്തിയിലേക്ക് പ്രവേശനം അനുവദിക്കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. നജീബ് കാന്തപുരം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ മല സന്ദര്‍ശിച്ച് ഡി.എഫ്.ഒ. അടക്കമുള്ള വനം ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തിയിരുന്നു. തുടര്‍ന്നാണ് ഓഗസ്റ്റ് ഒന്നിന് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്.

ടൂറിസം മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് എത്തിയതെന്നും കൊടികുത്തിമലയുടെ വികസനത്തിന് സര്‍ക്കാര്‍ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ തുടങ്ങാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും എം.എല്‍.എ. പറഞ്ഞു. രണ്ടുവര്‍ഷത്തോളമായി അടച്ചിട്ടിരുന്ന കേന്ദ്രത്തില്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിന് അടിയന്തരമായി ചില നവീകരണം നടത്തേണ്ടതുണ്ട്. വനംവകുപ്പും പഞ്ചായത്തിന്റെ തൊഴിലുറപ്പ് തൊഴിലാളികളെയും ചേര്‍ത്ത് ഇക്കാര്യങ്ങള്‍ നടപ്പാക്കും.

ഡി.എഫ്.ഒ പി. പ്രവീണ്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. പദ്മകുമാര്‍, വനം റേഞ്ച് ഓഫീസര്‍ പി. വിനു, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി. രാമദാസ്, ഡ്രാഫ്റ്റ്‌സ്മാന്‍ ജയന്ത്കുമാര്‍ തുടങ്ങിയവരും എം.എല്‍.എ.യ്‌ക്കൊപ്പം മലയിലെത്തിയിരുന്നു. 2020-ല്‍ മഴക്കാലത്ത് അടച്ചിട്ടെങ്കിലും േവനല്‍ക്കാലത്ത് കാട്ടുതീ പ്രശ്നത്തെ തുടര്‍ന്ന് തുറന്നില്ല.

കോവിഡും ലോക്ഡൗണും എത്തിയതോടെ വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും പ്രതീക്ഷകള്‍ അണഞ്ഞു. കുടിവെള്ളം, ശൗചാലയം, വിശ്രമകേന്ദ്രം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയശേഷമേ പ്രവേശനം അനുവദിക്കാനാവൂവെന്ന് വനംവകുപ്പ് നിലപാടെടുത്തിരുന്നു.

മലയുടെ താഴെയുള്ള ബേസ് സ്റ്റേഷനില്‍ നിര്‍മിച്ച കെട്ടിടത്തിലാണ് സൗകര്യങ്ങളൊരുക്കേണ്ടത്. മലമുകളില്‍ നിരീക്ഷണഗോപുരമാണുള്ളത്. തണുത്ത കാലാവസ്ഥയും പ്രകൃതിരമണീയമായ കുന്നുകളും കാടിന്റെ പച്ചപ്പുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പെരിന്തല്‍മണ്ണ-പാലക്കാട് പാതയില്‍ താഴേക്കോട്ടുനിന്ന് ഇടത്തോട്ടുതിരിഞ്ഞാണ് മലയിലേക്കു പോകേണ്ടത്. സമുദ്രനിരപ്പില്‍നിന്ന് 522 മീറ്റര്‍ ഉയരത്തിലാണ് കൊടികുത്തിമല.

Content highlights : perintalmanna  kodikuthimala tourist destination open august 1