പെരളശ്ശേരി: പെരളശ്ശേരിക്ഷേത്ര തീര്‍ഥാടന ടൂറിസം പദ്ധതി ഉടന്‍ നടപ്പിലാവും. കിഫ്ബിയില്‍ നിന്ന് 4.18 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. 3.5 കോടി രൂപ കൊടുത്ത് ഒരേക്കര്‍ ഭൂമി ക്ഷേത്രം വിലയ്ക്ക് വാങ്ങിയിരുന്നു.
കണ്ണൂര്‍-കൂത്തുപറമ്പ് റോഡരികിലായാണ് സ്ഥലം. ഇവിടേക്ക് പ്രധാന റോഡില്‍നിന്ന് ആറുമീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കും. ഇരുവശങ്ങളിലും നടപ്പാതയുമുണ്ടാകും. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, വാഹന പാര്‍ക്കിങ് കേന്ദ്രം, ഊട്ടുപുര, ഡോര്‍മിറ്ററി, ഓഡിറ്റോറിയം എന്നിവയും നിര്‍മിക്കും. ടൂറിസ്റ്റ് ബസ്സുകളുള്‍പ്പെടെ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും. ആധുനികരീതിയിലുള്ള ഊട്ടുപുരയാണ് ഒരുക്കുന്നത്.
കെട്ടിടത്തിന്റെ താഴത്തെനിലയിലാണ് അടുക്കളയും ഊട്ടുപുരയും. ഇതിന് മുകളില്‍ ഓഡിറ്റോറിയം. ഏറ്റവും മുകളിലാണ് ഡോര്‍മിറ്ററി. ഇത് കൂടാതെ റോഡരികിലായി കെട്ടിടസമുച്ചയം ദേവസ്വം ബോര്‍ഡ് പണിയുന്നുണ്ട്.
പഞ്ചായത്ത് മുന്‍കൈ എടുത്താല്‍ ഇവിടെ ബസ് പാര്‍ക്കിങ്ങിനുള്ള സൗകര്യം കണ്ടെത്താന്‍ കഴിയും. അങ്ങനെയായാല്‍ ബസ്സ്റ്റാന്‍ഡിന്റെ പ്രശ്‌നംകൂടി പരിഹരിക്കപ്പെടും.
ഇതിന് സമീപത്താണ് എ.കെ.ജി. മ്യൂസിയം വരുന്നത്. ഇത് കൂടാതെ കീഴത്തൂര്‍ തൂക്കുപാലത്തിന് പകരം പുതിയ പാലവും നിര്‍മിക്കുന്നുണ്ട്. ഇതിന് സമീപത്തായി ബോട്ടുജെട്ടിയും കൂടി വരുമ്പോള്‍ ടൂറിസത്തിന് പെരളശ്ശേരിയില്‍ വന്‍ സാധ്യതകളുണ്ടാവും. തീര്‍ഥാടനടൂറിസം പദ്ധതിയുടെ ശിലാസ്ഥാപനം സെപ്റ്റംബറില്‍ ഉണ്ടായേക്കും.
ടൂറിസം പദ്ധതി അനിവാര്യം
പെരളശ്ശേരി ക്ഷേത്രം ടൂറിസം പദ്ധതി നടപ്പാകുന്നതോടെ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കും. എല്ലാ ദിവസവും അന്നദാനം നല്‍കാന്‍ കഴിയും. ക്ഷേത്രത്തില്‍ ഇന്നനുഭവപ്പെടുന്ന സ്ഥലദൗര്‍ലഭ്യവും ജലദൗര്‍ലഭ്യവും പരിഹരിക്കാനാകും. ക്ഷേത്രത്തിന്റെ മുഖച്ഛായതന്നെ മാറും
- ടി.കെ. ബാബു, ക്ഷേത്രം മാനേജര്‍
Content Highlights: Peralassery Temple, Peralassery Temple Tourism Project, Spiritual Travel, Malayalam Travel News