ത്തരവാദിത്ത വിനോദസഞ്ചാരത്തില്‍ ജനപങ്കാളിത്തത്തോടെയുള്ള ജനകീയ ആസൂത്രണ, ശാക്തീകരണ പദ്ധതിയായ പെപ്പറിന്‍റെ  രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ 12 കേന്ദ്രങ്ങളില്‍ കൂടി വ്യാപിപ്പിച്ച് പ്രകൃതിയോട് ചേർന്ന വിനോദ സഞ്ചാര വികാസത്തിന്  ടൂറിസം വകുപ്പ് പദ്ധതി വരുന്നു.

കര്‍ഷകര്‍, കരകൗശല നിര്‍മാതാക്കള്‍, പരമ്പരാഗത തൊഴിലാളികള്‍, കലാകാരന്‍മാര്‍, ഫാം സ്റ്റേ, ഹോം സ്റ്റേ സംരംഭകര്‍, ടൂര്‍ ഗൈഡുകള്‍, എന്നിങ്ങനെ ടൂറിസം വ്യവസായവുമായി പ്രത്യക്ഷമായും, പരോക്ഷമായും, വരുമാനം ഉറപ്പ് വരുത്തി പരിസ്ഥിതി സൗഹാർദ വിനോദസഞ്ചാരം വികസിപ്പിക്കാനാണ് വിനോദ സഞ്ചാര വകുപ്പ് ഈ പദ്ധതി ആസൂത്രണം ചെയ്തത്. പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഇ - ബ്രോഷർ പ്രകാശനവും  ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.

വൈക്കത്തിനുസമീപം രണ്ടു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തുടര്‍ന്ന് മറ്റു കേന്ദ്രങ്ങളിലുമായിരിക്കും പദ്ധതി നടപ്പാക്കുക. ദാരിദ്ര്യ ലഘൂകരണം, സ്ത്രീ ശാക്തീകരണം, തദ്ദേശ ഗ്രാമ വികസനം എന്നിവക്കുള്ള പ്രധാന ഉപാധിയായി വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളെ മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ 2017 ഓഗസ്റ്റ് മുതല്‍ 2018 ഒക്ടോബര്‍ വരെ 11532 യൂണിറ്റുകള്‍  രൂപീകൃതമായി. ഈ കാലയളവില്‍ 5.35 കോടിരൂപ വരുമാനമായി ലഭിച്ചു. ആകെ 477 പാക്കേജുകള്‍ ഒരു വര്‍ഷം കൊണ്ട് മിഷന്‍ നടപ്പിലാക്കിയപ്പോള്‍ 30,422 വിനോദസഞ്ചാരികള്‍ ഈ പാക്കേജുകളുടെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളില്‍ എത്തുകയും അതിലൂടെ 48 ലക്ഷം രൂപയുടെ വരുമാനം പരമ്പരാഗത തൊഴിലാളികള്‍ക്ക് ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

ഉത്തരവാദിത്ത ടൂറിസം മിഷനു കീഴിലുള്ള യൂണിറ്റുകളുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വിറ്റഴിക്കുന്നതിന് കേരള റെസ്പോണ്‍സിബിള്‍ ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കും കലാകാരന്‍മാര്‍ക്കായി ആര്‍ട്ടിസ്റ്റ് ഡയറക്ടറിയും വിവിധ തൊഴില്‍ വിഭാഗത്തിലുള്ളവരെ കോര്‍ത്തിണക്കി ഓണ്‍ലൈന്‍ ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടറിയും അടുത്തമാസം പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.

ഓരോ പ്രദേശത്തും ലഭ്യമായ കാർഷിക വിളകളുടേയും കരകൗശല ഉല്പ്പന്നങ്ങളുടേയും കണക്കെടുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ എടുത്തിരുന്നു. ഒരു വിനോദ സഞ്ചാരി വരുമ്പോൾ അതിന്റെ ഗുണങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും പലർക്കും ലഭ്യമാക്കുന്ന ഉത്തരവാദിത്ത ടൂറിസത്തിന്റെ കേരള മാതൃക ആഗോള തലത്തിൽ ശ്രദ്ധ നേടുകയുണ്ടായി. പരിസ്ഥിതി ആവാസ വ്യവസ്ഥകൾക്ക് ആഘാതം വരുത്താതെയുള്ള വിനോദ സഞ്ചാര മാതൃകകൾ ആഗോള തലത്തിൽ തന്നെ വികസിച്ച് വരികയാണ്. തദ്ദേശവാസികൾക്ക് അധിക വരുമാനത്തോടൊപ്പം പരിസ്ഥിതിക്ക് കോട്ടമേൽക്കുന്നില്ല എന്നുള്ളതും ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രധാന സവിശേഷത ആകുന്നു.

വിനോദസഞ്ചാര മേഖലയുടെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്ക് എത്തുന്ന ഈ പദ്ധതിക്ക് ഗ്രാമീണരിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഉത്തരവാദിത്ത പരിസ്ഥിതി വിനോദ സഞ്ചാര വികാസത്തോടെ കേരള ത്തിന്റെ ഹരിത വിനോദ സഞ്ചാരത്തിന് കൂടിയാണ് വഴിയൊരുങ്ങുന്നത്.

Content Highlights: Pepper Project, Responsible Tourism