പ്രതികാത്മക ചിത്രം | Photo: ANI
ഷാര്‍ജ: ദേശീയദിനത്തിന്റെ ഭാഗമായുള്ള അവധിക്കാലം ആഘോഷിക്കാന്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ തിരഞ്ഞെടുത്തത് ബാങ്കോക്ക്, അര്‍മേനിയ, അസെര്‍ബയ്ജാന്‍, അല്‍ബേനിയ, ഇന്‍ഡൊനീഷ്യ തുടങ്ങിയ വിദേശരാജ്യങ്ങള്‍. ഹ്രസ്വ അവധിദിനങ്ങള്‍ ചെലവിടാനായി വിനോദയാത്രയ്ക്ക് പുറപ്പെടുന്നവര്‍ക്ക് വിമാനടിക്കറ്റിനുപുറമെ വിസ, താമസം, ആഹാരം, സ്ഥലംകാണാനുള്ള സൗകര്യമുള്‍പ്പെടെയുള്ള പാക്കേജുകളുമായി വിവിധ ട്രാവല്‍ ആന്‍ഡ് ടൂറിസം കേന്ദ്രങ്ങളും നേരത്തെതന്നെ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു.
ഈസ്താംബൂള്‍, ജോര്‍ജിയ, കിര്ഗിസ്താന്, സാന്‍സിബാര്‍, സെര്‍ബിയ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഒട്ടേറെ പേര് പറക്കുന്നുണ്ട്. ഇത്തരം രാജ്യങ്ങളിലേക്ക് ദുബായില്‍നിന്നുള്ള വിമാനടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന അടുത്തകാലത്തുണ്ടായിട്ടുണ്ട്. ജോര്‍ജിയയിലേക്ക് ഒരാള്‍ക്ക് 3000 ദിര്‍ഹംവരെയാണ് ഇപ്പോള്‍ പാക്കേജ്. അര്‍മേനിയ, അസര്ബയ് ജാന്‍, കിര്ഗിസ്താന് എന്നിവിടങ്ങളിലേക്കും ഏകദേശം ഇതേതുകയാണ് വേണ്ടിവരിക.
തിരിച്ചുവരാനുള്ളതടക്കമുള്ള വിമാനടിക്കറ്റ്, ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസം, പ്രഭാതഭക്ഷണം, ഹോട്ടല്‍ - എയര്‍പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. അബുദാബിയില്‍നിന്ന് സലാല, ഈസ്താംബൂള്‍, താഷ്കെന്റ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 1150 മുതല്‍ 1600 ദിര്‍ഹംവരെയാണ് പാക്കേജ്. സെര്‍ബിയയിലേക്ക് ഡിസംബര്‍ ഒന്നുമുതല്‍ നാലുവരെയുള്ള അവധിദിനങ്ങളില്‍ യു.എ.ഇ. യില്‍ നിന്ന് യാത്രചെയ്യാനായി ഒരാളില്‍നിന്ന് 4000 ദിര്‍ഹംവരെ ഈടാക്കുന്നുണ്ട്.
എന്നാല്‍ ഹോട്ടല്‍മുറിയില്‍ ഒരാള്‍ക്കുമാത്രമായി താമസസൗകര്യം വേണമെങ്കില്‍ കൂടുതല്തുകയും നല്‍കേണ്ടിവരും. നിലവില്‍ കൂടുതല്‍പേരും വിനോദയാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത് ഈസ്താംബൂള്‍ തന്നെയാണ്. യൂറോപ്യയിലെത്തിയ തോന്നലും ഈസ്താംബൂളിന്റെ പ്രത്യേകതയാണ്. പാരീസ്, സ്വിറ്റ്സര്‍ലന്‍ഡ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിസ ലഭിക്കാന്‍ കാലതാമസമുള്ളതിനാലാണ് സഞ്ചാരികളും ഈസ്താംബൂള്‍ അടക്കമുള്ള വിസ എളുപ്പംലഭിക്കുന്ന രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നത്. താരതമ്യേന ഈ രാജ്യങ്ങളിലേക്ക് യാത്രാച്ചെലവും കുറവാണ്.
അതേസമയം യാത്ര പോകാനുദ്ദേശിക്കുന്ന രാജ്യങ്ങളിലേക്ക് പാക്കേജ് ആയി മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതാണ് ആദായകരമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഓര്‍മിപ്പിക്കുന്നു. അടുത്തവര്‍ഷത്തെ പ്രധാന അവധിദിനങ്ങള്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതുകൊണ്ട് വിനോദയാത്രയ്ക്കൊരുങ്ങാന് പ്രവാസികള്‍ക്ക് ധാരാളം സമയമുണ്ട്.
Content Highlights: Peoples form gulf countries traveling to tourist nations to celebrate holiday
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..