മുഹമ്മ: ലോക ടൂറിസംഭൂപടത്തിൽ ഇടംപിടിച്ചിട്ടും പാതിരാമാണൽ ദ്വീപ് വിനോദത്തിനുള്ള ഇടമായില്ല. കാടുപടലങ്ങൾ മൂടി അവഗണനയുടെ ഭൂപടത്തിലാണ് ഇന്നും അതിന്റെ സ്ഥാനം. വേമ്പനാട്ടുകായലിനു നടുവിലാണ് പാതിരാമണൽ ദ്വീപ്. നൂറേക്കർ വരുമിത്. ചേർത്തലയിലെ അന്ത്രപ്പേർ കുടുംബത്തിൽനിന്നു മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത ഈ ദ്വീപ് മുഹമ്മ പഞ്ചായത്ത് പരിധിയിലാണ്.

മുഹമ്മ കുമരകം ബോട്ടുയാത്രയ്ക്കിടയിൽ വേമ്പനാട്ടുകായലിന്റെ നടുവിലായി ഈ ദ്വീപ് കാണാം. തലമുറകളായി ഈ ദ്വീപിൽ താമസിച്ചിരുന്ന 13 കുടുംബങ്ങൾക്ക് മുഹമ്മ പഞ്ചായത്തിൽ പകരം സ്ഥലംനൽകിയാണ് ടൂറിസംപദ്ധതിക്കായി കൈമാറിയത്.

Shiala
പാതിരാമണൽ ദ്വീപിലെ ശിലാഫലകം | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

ഉദ്ഘാടനമാമാങ്കങ്ങൾ പലവട്ടം

1989-ൽ ഇന്ത്യൻ വൈസ് പ്രസിഡന്റായിരുന്ന ശങ്കർ ദയാൽ ശർമയാണ് പാതിരാമണൽ ദ്വീപിലെ ടൂറിസം പദ്ധതിക്ക് ആദ്യം കല്ലിട്ടത്. 2008 നവംബർ 10-ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ ബയോപാർക്ക് നിർമാണോദ്ഘാടനം നടത്തി. എം. ശിവശങ്കർ ആയിരുന്നു അന്നത്തെ ടൂറിസം ഡയറക്ടർ.

32 വർഷം കഴിഞ്ഞിട്ടും ശിലാഫലകങ്ങളല്ലാതെ ഒന്നും ദ്വീപിൽ ഉയർന്നില്ല. നോക്കുകുത്തിയായപ്പോൾ നാണക്കേടിൽനിന്നു രക്ഷനേടാൻ ‘ബയോ പാർക്കി’ന്റെ ഉദ്ഘാടനഫലകം മുഹമ്മ പഞ്ചായത്ത് ഓഫീസ് അങ്കണത്തിലേക്ക് അധികൃതർ മാറ്റിസ്ഥാപിച്ചു.

സൗകര്യമില്ലെങ്കിലും സഞ്ചാരികളേറെ

പ്രാഥമികസൗകര്യം പോലുമില്ലാത്ത പാതിരാമണലിൽ ദിനംപ്രതി നൂറുകണക്കിനു വിനോദസഞ്ചാരികളാണെത്തുന്നത്. ആലപ്പുഴയിൽനിന്ന്‌ ജലഗതാഗതവകുപ്പ് നടത്തുന്ന എട്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന കായൽയാത്രയിലും പാതിരാമണൽ ദ്വീപ് മുഖ്യ ആകർഷണമാണ്.

മുഹമ്മ കായിപ്പുറം ജെട്ടിയിൽ സ്വകാര്യ ഉടമസ്ഥതയിൽ എപ്പോഴും ലഭിക്കുന്ന ‘ഷാമിയാന’ ബോട്ടുകളും വള്ളങ്ങളും ലഭിക്കും. ആലപ്പുഴയിൽനിന്നു പാതിരാമണൽവഴി ബോട്ട് സർവീസുമുണ്ട്. പുരവഞ്ചികളും മോട്ടോർബോട്ടുകളും വേറെ.

പ്രാഥമികസൗകര്യം പോലുമില്ലാത്ത പാതിരാമണലിൽ ദിനംപ്രതി നൂറുകണക്കിനു വിനോദസഞ്ചാരികളാണെത്തുന്നത്. ആലപ്പുഴയിൽനിന്ന്‌ ജലഗതാഗതവകുപ്പ് നടത്തുന്ന എട്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന കായൽയാത്രയിലും പാതിരാമണൽ ദ്വീപ് മുഖ്യ ആകർഷണമാണ്

കർമപദ്ധതി നടപ്പാക്കണം

വേമ്പനാട് നേച്ചർ ക്ലബ്ബ്‌ സമർപ്പിച്ച പദ്ധതി നടപ്പാക്കി പാതിരാമണൽ ദ്വീപിനെ പരിസ്ഥിതിസൗഹൃദ സഞ്ചാരകേന്ദ്രമാക്കണം. ദ്വീപിനുചുറ്റും കണ്ടൽക്കൃഷിയും മത്സ്യങ്ങളുടെ പ്രജനനകേന്ദ്രവും ഒരുക്കണം. നടപ്പാത, നീന്തൽക്കുളം, പാർക്ക് എന്നിവയും നടപ്പാക്കണം.

ബി. ശ്രീകുമാർ, മുഹമ്മ വേമ്പനാട് നേച്ചർ ക്ലബ്ബ്

പഞ്ചായത്ത് അവഗണിക്കുന്നു

ദ്വീപിനെ അവഗണിക്കുന്ന സമീപനമാണ് മുഹമ്മ ഗ്രാമപ്പഞ്ചായത്തിന്. ദ്വീപുനിവാസികളെ പറഞ്ഞുപറ്റിച്ച് കായിപ്പുറത്തെ വെള്ളക്കെട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ ജനകീയപ്രക്ഷോഭങ്ങൾക്കു നേതൃത്വംനൽകും.

ലൈലാ ഷാജി, വാർഡംഗം

പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി

ദ്വീപിനുള്ളിൽ നിലവിലുള്ള തോടുകൾ വൃത്തിയാക്കി താമരകളും ആമ്പലുകളും വളർത്തി മനോഹരമാക്കാനും സൂര്യകാന്തി ഉൾപ്പെടെയുള്ള പൂക്കളുടെ ഉദ്യാനം സ്ഥാപിക്കാനും പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. നീന്തൽക്കുളം, നടപ്പാതകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

സ്വപ്നാ ഷാബു, പ്രസിഡന്റ്, മുഹമ്മ പഞ്ചായത്ത്

അധികാരികൾക്ക് അലസത

ദ്വീപിനുള്ളിൽ യാതൊരു വികസനപ്രവർത്തനങ്ങളും നടപ്പാക്കാത്തത് അധികാരികളുടെയും സർക്കാരിന്റെയും അലസതകൊണ്ടാണ്. വേമ്പനാട് നേച്ചർ ക്ലബ്ബും മറ്റു സംഘടനകളും പല പദ്ധതികളും തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. പാതിരാമണലിന്റെ വികസനത്തിന് പരിസ്ഥിതിപ്രവർത്തകർ തടസ്സം നിൽക്കുകയാണെന്ന് വ്യാജപ്രചാരണം നടത്തുകയാണ് അധികൃതർ.

കെ.വി. ദയാൽ, പരിസ്ഥിതിപ്രവർത്തകൻ

Content Highlights: Pathiramanal island Kumarakom, Pathiramanal tourism, Pathiramanal Island entry fee