പതങ്കയം( ഫയൽ ചിത്രം)
അപകടങ്ങള്‍ പതിവായ കോഴിക്കോട് കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് വിനോദസഞ്ചാരികളെ തടയുന്നതിന് പോലീസ് കടുത്ത നടപടികളിലേക്ക്. ആനക്കാംപൊയിലില്‍നിന്നും നാരങ്ങാത്തോടുനിന്നും പതങ്കയത്തേക്കുള്ള പ്രധാന പ്രവേശനകവാടങ്ങള്‍ തിങ്കളാഴ്ച പോലീസിന്റെ നേതൃത്വത്തില്‍ അടച്ചു.
ആനക്കാംപൊയില്‍ ഭാഗത്തുനിന്നുള്ള പ്രവേശനകവാടത്തില്‍ തിരുവമ്പാടി പോലീസും നാരങ്ങാത്തോടുഭാഗത്തുള്ള പ്രവേശനകവാടത്തില്‍ കോടഞ്ചേരി പോലീസും കാവല്‍ ഏര്‍പ്പെടുത്തി. നിരോധനം നിലനില്‍ക്കുന്ന പ്രദേശത്ത് സ്വകാര്യവ്യക്തികളുടെ ഭൂമിയില്‍ കൂടിയുള്ള ഊടുവഴികള്‍ അടയ്ക്കാന്‍ ഉടമകള്‍ക്ക് നിര്‍ദേശവും നല്‍കി.
തിങ്കളാഴ്ച കളക്ടര്‍ വിളിച്ചുചേര്‍ത്ത അവലോകനയോഗത്തില്‍ നിരോധനം സംബന്ധിച്ചുള്ള നടപടികളും ക്രമീകരണങ്ങളും ചര്‍ച്ചയായി. പതിവായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനം കര്‍ശനമാക്കാനാണ് തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, ദുരന്തനിവാരണവിഭാഗം തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനം.
നിരോധനം മാറ്റുന്ന മുറയ്ക്ക് പിന്നീട്, പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പ്രദേശവാസികളെ ഉള്‍പ്പെടുത്തി ഒരു സുരക്ഷാസമിതി രൂപവത്കരിക്കാനും ആലോചനയുണ്ട്. അടിയന്തരഘട്ടങ്ങളില്‍ ഇടപെടാന്‍ ഇവര്‍ക്കുവേണ്ട പരിശീലനവും സുരക്ഷാ ഉപകരണങ്ങളും നല്‍കുന്നതും ആലോചിക്കും.
ഒരാഴ്ചയ്ക്കുള്ളില്‍ 30 പേരില്‍നിന്നും കോടഞ്ചേരി പോലീസ് പിഴ ഈടാക്കി. മദ്യപിച്ച് അതിക്രമിച്ചുകയറാനെത്തിയ സഞ്ചാരിക്കെതിരേ പോലീസ് ഞായറാഴ്ച കേസുമെടുത്തു. നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തുന്ന വിനോദസഞ്ചാരികളെ മടക്കി അയക്കാനും അധികൃതര്‍ക്ക് ചൂണ്ടിക്കാണിച്ചുകൊടുക്കാനും നാട്ടുകാരും സംഘടിക്കുകയാണ്. തിങ്കളാഴ്ച രാവിലെയും ഒട്ടേറെ വാഹനങ്ങളില്‍ സഞ്ചാരികളെത്തി പോലീസിനെ കണ്ടും നാട്ടുകാരുടെ ചെറുത്തുനില്‍പ്പ് മനസ്സിലാക്കിയും തിരിച്ചുപോയി. ഒരു ദശകത്തിനിടെ 21 പേര്‍ പതങ്കയത്ത് മുങ്ങിമരിച്ചതായാണ് അനൗദ്യോഗിക കണക്ക്. ഞായറാഴ്ചയായിരുന്നു ഒടുവിലത്തെ സംഭവം. കൂട്ടുകാരോടൊപ്പമെത്തിയ കോഴിക്കോട് സ്വദേശിയായ യുവാവാണ് മരിച്ചത്.
Content Highlights: pathankayam waterfalls kodanjeri kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..