പന്തളം : നമുക്കുചുറ്റും നമ്മള്‍ കാണാതെ പോകുന്ന മനോഹരമായ പ്രകൃതിഭംഗി ഇനി പല നാട്ടുകാര്‍ ആസ്വദിക്കും. കാട്ടിലെ അരുവികളും മൊട്ടക്കുന്നുകളും പാറക്കെട്ടുകളും ചരിത്രമുറങ്ങുന്ന നാട്ടിലെ സ്മാരകങ്ങളുമെല്ലാം തദ്ദേശീയരായ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ ഒരുങ്ങുകയാണ്. വിനോദസഞ്ചാര മേഖല ഗ്രാമങ്ങളിലേക്കിറങ്ങുമ്പോള്‍ നാട്ടുകാര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കീശ വീര്‍പ്പിക്കാന്‍ ഒരു ഉപാധിയുമാകും.

വിലങ്ങുവീണ സഞ്ചാരങ്ങള്‍

കോവിഡ് എല്ലാ മേഖലകളേക്കാളേറെ തളര്‍ത്തിയത് വിനോദസഞ്ചാര മേഖലയെത്തന്നെയാണ്. പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് കരകയറി പച്ചപിടിച്ചുവരുമ്പോഴാണ് കോവിഡ് സഞ്ചാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടത്. യാത്രകള്‍ നിലച്ചപ്പോള്‍, കൂട്ടം കൂടാന്‍ കഴിയാതെ വന്നപ്പോള്‍ വിദേശികള്‍ മാത്രമല്ല സ്വദേശികള്‍ക്കുപോലും ചലിക്കാനായില്ല. ഈ നില എന്ന് മാറുമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് ദൂരയാത്രയില്ലാതെ ഗ്രാമങ്ങളിലെ സാധ്യതകള്‍ പരീക്ഷിക്കുവാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്നിട്ടിറങ്ങുന്നത്.

ജില്ലയില്‍ വനംവകുപ്പുമായി ചേര്‍ന്ന് ഡി.ടി.പി.സി. നടപ്പാക്കിവന്ന ഗവി ടൂര്‍ പാക്കേജ്, ജില്ലാകളക്ടര്‍ പി.ബി.നൂഹിന്റെ താത്പര്യപ്രകാരം നടപ്പാക്കാനിരുന്ന പഞ്ചാപാണ്ഡവ ക്ഷേത്ര യാത്ര, പന്തളം-അച്ചന്‍കോവില്‍-ആര്യങ്കാവ്-കുളത്തൂപ്പുഴ യാത്ര എന്നിവയൊന്നും നടപ്പാക്കാന്‍ കഴിയാതെപോയി.

Manthuka Onnam Punja
കുളനട പഞ്ചായത്തിലെ മാന്തുക ഒന്നാം പുഞ്ചയുടെ തീരത്ത്
കാറ്റുകൊണ്ട് വിശ്രമിക്കാനും അസ്തമയം കാണാനും ആളുകൾ എത്തുന്ന സ്ഥലം

പ്രകൃതിക്ക് കോട്ടംതട്ടാതെ

ഗ്രാമീണ ടൂറിസം അഥവാ വില്ലേജ് ടൂറിസം എന്ന പദ്ധതിയുടെ സാധ്യതകളാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പരിശോധിക്കുന്നത്. വരുന്ന രണ്ടുവര്‍ഷത്തേക്കെങ്കിലും വിനോദ സഞ്ചാര സാധ്യതകള്‍ പരിമിതമാണെന്ന കാഴ്ചപ്പാടിലാണ് ഡി.ടി.പി.സി. നഗരവത്കരണം അധികം കടന്നുചെന്നിട്ടില്ലാത്ത ജില്ലയിലെ ഗ്രാമങ്ങളും മലയോര, വനമേഖലകളും ജലാശയങ്ങളുമാണ് പ്രധാനമായും ലക്ഷ്യംവെയ്ക്കുന്നത്. ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് ആസ്വദിക്കാന്‍പറ്റിയ കേന്ദ്രങ്ങള്‍ കണ്ടെത്തി പ്രകൃതിക്ക് കോട്ടംവരുത്താതെ പ്രാഥമിക സൗകര്യങ്ങളും ചെറിയ ഭക്ഷണകേന്ദ്രങ്ങളും ഒരുക്കി ജനങ്ങളെ അവിടേക്ക് എത്തിക്കാനും െട്രക്കിങ്, പുഴയിലൂടെയുള്ള വഞ്ചിയാത്ര, ക്യാമ്പ് ഫയര്‍, ചെറിയ ഒത്തുകൂടലുകള്‍ എന്നിവയാണ് നടപ്പാക്കാനായി ഉദ്ദേശിക്കുന്നത്. നാട്ടിലുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ക്കു പുറമേ ഓരോ പ്രദേശത്തിന്റെയും വികസനം, ചെറിയ വരുമാനം എന്നിവയും ഉണ്ടാകും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും അതാതു സ്ഥലത്തെ ഇത്തരം കേന്ദ്രങ്ങളെയും അവയുടെ പ്രാധാന്യത്തെയും കാണിക്കുന്ന അപേക്ഷകള്‍ സ്വീകരിച്ച് പഠനം നടത്തി പ്രധാനപ്പെട്ട കുറച്ചുസ്ഥലങ്ങളില്‍ ഇത് ആദ്യഘട്ടമായി നടപ്പാക്കും.

ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും

Sreerajകോവിഡില്‍ തളര്‍ന്നുവീണ വിനോദസഞ്ചാരമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് ലഭിക്കാനുതകുന്ന ചില പദ്ധതികളാണ് ഡി.ടി.പി.സി. തയ്യാറാക്കുന്നത്. ജില്ലാകളക്ടര്‍ പി.ബി.നൂഹിന്റെ നിര്‍ദേശത്തോടെ തയ്യാറാക്കിയ പദ്ധതികള്‍ അദ്ദേഹം പരിശോധിച്ച് അംഗീകാരം നല്‍കേണ്ടതുണ്ട്. അതിനുശേഷം മാത്രമാകും ബാക്കി നടപടികള്‍.

- ആര്‍.ശ്രീരാജ്, ഡി.ടി.പി.സി. സെക്രട്ടറി.

യാത്രകള്‍ക്കായി കാത്തിരിക്കുന്നു

Geethu Sreejithദൂരസ്ഥലങ്ങളല്ലെങ്കിലും സുരക്ഷിതമായ സമീപപ്രദേശത്തെ യാത്രകള്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്. നമുക്കുചുറ്റുമുള്ള മനോഹാരിത ആസ്വദിക്കാന്‍ അവസരം ലഭിച്ചാല്‍ സഞ്ചാരികള്‍ക്ക് ആശ്വാസമാകും

- ഗീതു ശ്രീജിത്ത് മണ്ണാകോണത്ത്, കുരമ്പാല.

ഗ്രാമീണമേഖലയ്ക്ക് ഉണര്‍വ് ലഭിക്കും

Mundakkal Sreekumarകാടുമൂടിയും ആരും കടന്നുചെല്ലാതെയും കിടക്കുന്ന ധാരാളം മനോഹരമായ പ്രദേശങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. ഇവിടെ സഞ്ചാരികള്‍ക്ക് എത്താനായാല്‍ ആ പ്രദേശം മാത്രമല്ല ആവിടെയുള്ള മറ്റ് പ്രദേശങ്ങള്‍ക്കും ജനങ്ങള്‍ക്കും തദ്ദേശീയ സ്ഥപനങ്ങള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കും

- മുണ്ടയ്ക്കല്‍ ശ്രീകുമാര്‍, പന്തളം.

നാട്ടുകാര്‍ക്കും പ്രയോജനം

S Sreedeviനാട്ടിലെ ജനങ്ങള്‍ക്കും കുടുംബശ്രീ പോലെയുള്ള വനിതാ സംരംഭങ്ങള്‍ക്കും ചെറിയ വരുമാനമാര്‍ഗത്തിനുള്ള വകകൂടിയാണ് ഗ്രാമീണടൂറിസം. ജില്ലയുടെ എല്ലാ മേഖലകളിലും ഇത്തരം മനോഹര പ്രദേശങ്ങളുണ്ടാകും. അത് കണ്ടെത്തി സാധ്യതകള്‍ പരിശോധിക്കണം

- എസ്.ശ്രീദേവി, കുടുംബശ്രീ ചെയര്‍ പേഴ്സണ്‍, പന്തളം

Content Highlights: Pathanamthitta Tourism, Village Tourism, Pathanamthitta DTPC, Kerala Tourism, Travel News