റശ്ശിനിക്കടവ്: കോവിഡ് രണ്ടാം വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച പറശ്ശിനിക്കടവിലെ വിനോദ സഞ്ചാര മേഖല പതുക്കെ ഉണരുന്നു. മാര്‍ച്ചിലാണ് പറശ്ശിനിക്കടവിലും വളപട്ടണം പുഴയിലും സര്‍വീസ് നടത്തിയിരുന്ന പൊതു-സ്വകാര്യ ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. സര്‍ക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബുധനാഴ്ച സ്വകാര്യ ഉല്ലാസ-ഹൗസ് ബോട്ടുകള്‍ സര്‍വീസ് തുടങ്ങിയത്. യാത്രക്കാര്‍ കുറവാണെങ്കിലും സര്‍വീസ് തുടങ്ങാനായതിന്റെ ആശ്വാസത്തിലാണ് ബോട്ടുകളുടെ നടത്തിപ്പുകാര്‍. സ്വകാര്യമേഖലയില്‍ ആറ് ഉല്ലാസ-ഹൗസ് ബോട്ടുകളാണ് പറശ്ശിനിക്കടവ് കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്നത്.

ജലഗതാഗത വകുപ്പിന്റെ കീഴില്‍ ഓണത്തിനോടനുബന്ധിച്ച് സര്‍വീസ് തുടങ്ങാനാകുമോ എന്നത് പരിഗണിക്കുന്നുണ്ട്. വാട്ടര്‍ ടാക്‌സിയടക്കമുള്ളവയുടെ യന്ത്രത്തകരാര്‍ പരിഹരിക്കാനുണ്ട്. ഒരു യാത്രാബോട്ടും കെ.ടി.ഡി.സി.യുടെ രണ്ട് സ്പീഡ് ബോട്ടുകള്‍ വേറെയും ഉണ്ട്. അവയെല്ലാം ഊഴം കാത്തുകിടക്കുന്നുണ്ട്.

പറശ്ശിനിക്കടവില്‍ വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കോടികള്‍ ചെലവിട്ട് ബോട്ട് ജെട്ടികള്‍ നവീകരിച്ചിരുന്നു. എന്നാല്‍ കോവിഡ് മൂലം ഇവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനായിട്ടില്ല.

Content highlights : Parassinikadavu tourism and boat service alive now