വർക്കല: പ്രതിസന്ധിയിലൂടെ നീങ്ങിയിരുന്ന വിനോദസഞ്ചാരമേഖലയ്ക്ക് പുത്തനുണർവേകി ക്രിസ്‌മസ്- പുതുവത്സരകാലം. അവധി ദിവസങ്ങളിൽ ഒഴുകിയെത്തുന്ന തദ്ദേശീയരായ സഞ്ചാരികൾ പാപനാശം തീരത്തിന് പുതിയ പ്രതീക്ഷകൾ നൽകുന്നു. കോവിഡും വിദേശ വിനോദസഞ്ചാരികൾ എത്താത്തതും കാരണം നടുവൊടിഞ്ഞ വിനോദ സഞ്ചാരമേഖലയ്ക്ക് പിടിവള്ളിയായിരിക്കുകയാണ് ആഭ്യന്തര സഞ്ചാരികളുടെ വരവ്.
ക്രിസ്‌മസ്- പുതുവത്സര വാരത്തിൽ അഭൂതപൂർവമായ തിരക്കാണ് പാപനാശം തീരത്തും കുന്നിലും അനുഭവപ്പെട്ടത്. വൈകുന്നേരം തീരം സഞ്ചാരികളാൽ നിറയുന്ന കാഴ്ചയായിരുന്നു. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും കുടുംബസമേതം സഞ്ചാരികളെത്തി. ഉത്തരേന്ത്യ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും ടൂറിസ്റ്റ് ബസുകളിലും മറ്റുമായി ധാരാളം സഞ്ചാരികളെത്തി. പാപനാശം മേഖലയിൽ അടഞ്ഞുകിടന്ന പകുതിയോളം റസ്റ്റോറന്റുകളും റിസോർട്ടുകളും പുതുവർഷാഘോഷ പ്രതീക്ഷയിൽ തുറന്നിരുന്നു. ഇത്രയുംനാൾ അടഞ്ഞുകിടന്ന സ്ഥാപനങ്ങൾക്ക് ആശ്വാസമേകുന്ന കാഴ്ചയാണ് ഉണ്ടായത്. റിസോർട്ടുകളിൽ നല്ല ബുക്കിങ്ങും റസ്റ്റോറന്റുകളിൽ ആഭ്യന്തരസഞ്ചാരികളുടെ തിരക്കുമുണ്ടായി.
ടൂറിസവുമായി ബന്ധപ്പെട്ട മറ്റ് കച്ചവടസ്ഥാപനങ്ങൾക്കും നല്ല ബിസിനസ് ലഭിച്ചു. കോവിഡിനു ശേഷം റിസോർട്ട് മേഖലയിൽ ഇത്തരത്തിൽ ഒരുണർവുണ്ടായത് ആദ്യമായാണ്. കോവിഡ് കാലത്തും 127 വിദേശികൾ വർക്കലയിൽ തങ്ങിയിരുന്നു. ഇതുപോലെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ തങ്ങിയിരുന്ന നിരവധി വിദേശികൾ പുതുവത്സരാഘോഷത്തിന് വർക്കലയിലെത്തി. ഉത്തരേന്ത്യയിൽ തണുപ്പായതോടെയാണ് അവിടെ തങ്ങിയിരുന്ന സഞ്ചാരികൾ എത്തിയത്. ആഭ്യന്തര സഞ്ചാരികൾ ചുരുങ്ങിയദിവസം താമസിച്ച് മടങ്ങുന്നവരാണ്. അതിനാൽ അവധി ദിവസങ്ങളിൽ മാത്രമാണ് തിരക്ക്. വിദേശസഞ്ചാരികൾ കൂടുതൽ ദിവസം തങ്ങുകയും എല്ലാത്തരം വിപണികളിലും എത്തുകയും ചെയ്യും. അവരുള്ളപ്പോഴാണ് വിനോദ സഞ്ചാരമേഖല സജീവമാകുന്നത്. പുതിയ സാഹചര്യത്തിൽ അതിനു കഴിയാതെ വന്നപ്പോഴാണ് ആഭ്യന്തര സഞ്ചാരികൾ തുണയാകുന്നത്.
ക്രിസ്‌മസ് മുതലുള്ള അവധിദിവസങ്ങളിൽ വൈകീട്ട് പാപനാശം തീരത്തും ഹെലിപ്പാടിലും സഞ്ചാരികളെയും അവരുടെ വാഹനങ്ങളെയും കൊണ്ട് നിറഞ്ഞിരുന്നു. സാമൂഹിക അകലമൊന്നും നോക്കാതെ ഉല്ലസിക്കുന്ന കാഴ്ചയാണ് തീരത്ത് കണ്ടത്. തിരക്ക് കാരണം ബീച്ചിലേക്കും ഹെലിപ്പാടിലേക്കും വാഹനങ്ങൾ കടത്തിവിടുന്നതിന് നിയന്ത്രണവും ഏർപ്പെടുത്തി. കിളിത്തട്ടുമുക്ക് മുതൽ കുരയ്ക്കണ്ണി വരെ റോഡരികിൽ സഞ്ചാരികളുടെ വാഹനങ്ങളുടെ നിരയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മുതൽ ഞായറാഴ്ച വരെ തിരക്കേറിവരികയാണ്. വിദേശികൾ കൂടി എത്തിത്തുടങ്ങിയാൽ പഴയ നല്ലകാലത്തിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല. ഉണരുന്ന തീരത്തെക്കുറിച്ച് നവംബർ ആദ്യവാരം മാതൃഭൂമി പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ആഭ്യന്തര സഞ്ചാരികൾ മാത്രമാണ് പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള മാർഗമെന്നാണ് അതിൽ പ്രതികരിച്ചവർ അഭിപ്രായപ്പെട്ടത്. അത് യാഥാർഥ്യമാകുന്നതിന്റെ സൂചനയാണ് പുതുവർഷത്തിൽ കണ്ടത്.
തദ്ദേശീയ സഞ്ചാരികളുടെ ഒഴുക്ക് ശുഭസൂചന
കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ ടൂറിസം മേഖലയ്ക്ക് തദ്ദേശീയരായ സഞ്ചാരികൾ എത്തിത്തുടങ്ങിയത് ശുഭസൂചനയാണ്. സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിന് നഗരസഭ നടപടികൾ സ്വീകരിക്കും. സൗന്ദര്യവത്കരണം, മാലിന്യനിർമാർജനം, സുരക്ഷ എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തും. സ്ത്രീസൗഹൃദ വിശ്രമകേന്ദ്രവും ശൗചാലയങ്ങളും വിപുലീകരിക്കും.
- കെ.എം.ലാജി, വർക്കല നഗരസഭാ ചെയർമാൻ
ടൂറിസം മേഖലയുടെ ഉണർവ് നാടിന് ഗുണകരം
തദ്ദേശീയരായ സഞ്ചാരികളുടെ വരവോടെ ടൂറിസം മേഖലയ്ക്ക് അടുത്തിടെ നല്ല ഉണർവുണ്ടായിട്ടുണ്ട്. ടൂറിസവുമായി ബന്ധപ്പെട്ട് കച്ചവടവും ജോലികളും ചെയ്തു ജീവിക്കുന്നവർക്ക് ഗുണകരമാണ്. ആഭ്യന്തര സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിന് നടപടി വേണം.
- മോഹനൻനായർ, കുരയ്ക്കണ്ണി
മുറിയെടുത്ത് തങ്ങുന്നവർ കുറവ്
ആഭ്യന്തര സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും റിസോർട്ടുകളിൽ മുറിയെടുത്ത് തങ്ങുന്നവർ കുറവാണ്. പുതുവത്സര സമയത്ത് നല്ല ബുക്കിങ്ങുണ്ടായിരുന്നു. എന്നാൽ രാത്രി 10-ന് ശേഷം പുറത്തിറങ്ങരുതെന്ന നിബന്ധന വന്നതോടെ ബുക്ക് ചെയ്തവർ പിൻവാങ്ങി. എത്തിയവർ രാത്രി തങ്ങാതെ പെട്ടെന്ന് മടങ്ങിയത് തിരിച്ചടിയായി.
- എച്ച്.ആർ. മനോജ്, എസ്.ബി. റീജൻസി ബീച്ച് റിസോർട്ട് പാപനാശം
മാറ്റത്തിന്റെ സൂചന
ക്രിസ്‌മസ്- പുതുവത്സര ദിനങ്ങളിൽ തീരത്തനുഭവപ്പെട്ട തിരക്ക് മാറ്റത്തിന്റെ സൂചനയാണ്. വിദേശികളില്ലെങ്കിലും ആഭ്യന്തര സഞ്ചാരികൾ ധാരാളമെത്തി. ബിച്ചിൽ മറ്റ് കച്ചവടങ്ങൾ ചെയ്ത് ജീവിക്കുന്നവർക്ക് സഞ്ചാരികളെത്തുന്നത് അനുഗ്രഹമാണ്.
- സൈനുദീൻ, ലൈഫ് ഗാർഡ്, പാപനാശം ബീച്ച്
പിടിച്ചുനിൽക്കാനുള്ള അവസരം
പുതുവത്സരത്തിൽ ആഭ്യന്തര സഞ്ചാരികൾ കൂട്ടമായി എത്തിയത് ടൂറിസം മേഖലയിൽ അടഞ്ഞുകിടന്ന സ്ഥാപനങ്ങൾക്ക് പിടിച്ചുനിൽക്കാനുള്ള അവസരമൊരുക്കുന്നു. തുറന്ന മിക്ക റിസോർട്ടുകൾക്കും നല്ല ബുക്കിങ് ലഭിച്ചു. അവധിദിവസങ്ങളിൽ മോശമല്ലാത്ത ബിസിനസും ലഭിക്കുന്നുണ്ട്. മറ്റ് ദിവസങ്ങളിൽ പഴയ അവസ്ഥയിൽ മാറ്റമില്ല.
- എൻ.എസ്.ബോസ്, ജനറൽ മാനേജർ, അഖിൽ ബീച്ച് റിസോർട്ട് പാപനാശം
Content Highlights: Papanasam Beach, Varkala Tourism, Kerala Tourism, Travel News