കുറുപ്പംപടി: ന്യൂനമർദവും അതി തീവ്രമഴ മുന്നറിയിപ്പും മൂലം അടച്ചിട്ടിരുന്ന പെരിയാറിലെ പാണിയേലി പോര് ഇക്കോ ടൂറിസം കേന്ദ്രം തുറന്നു. ഞായറാഴ്ച 500-ഓളം സഞ്ചാരികളെത്തി.

രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെയാണ് പ്രവേശനം. മുതിർന്നവർക്ക് 30 രൂപയും അഞ്ചു മുതൽ 13 വയസ്സുവരെയുള്ള കുട്ടികൾക്ക് 10 രൂപയുമാണ് ഫീസ്.

ആലുവ-മൂന്നാർ റോഡിൽ കുറുപ്പംപടി ടൗണിൽ നിന്ന് 15 കി.മീ. സഞ്ചരിച്ചാൽ വേങ്ങൂർ പഞ്ചായത്തിലെ പോരിലെത്താം. വനം വകുപ്പിന്റെ മലയാറ്റൂർ ഡിവിഷനിലെ കോട്ടപ്പാറ വനാതിർത്തി പ്രദേശമാണ് പ്രകൃതിരമണീയമായ പാണിയേലി പോര്.

കാടും പുഴയും മലകളും അതിരിടുന്ന ഇവിടം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ്. പാറക്കെട്ടുകളും തുരുത്തുകളും നിറഞ്ഞതാണ് ഇവിടെ പെരിയാർ. പുഴയിലെ ചുഴികൾ മൂലം പാറക്കെട്ടുകളിൽ രൂപപ്പെടുന്ന വലിയ ഗർത്തങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.

അതീവ അപകടകാരികളാണ് ഇത്തരം ഗർത്തങ്ങൾ. പുഴയിലെ അടിയൊഴുക്കും പാറക്കെട്ടുകളിലെ വഴുക്കലും അപകടങ്ങൾക്കിടയാക്കും. പൊതുവേ ജലനിരപ്പ് കൂടുതലായതിനാൽ സന്ദർശകരെ പുഴയിലിറങ്ങാൻ അനുവദിക്കില്ല.

പാണിയേലി പോര് വനസംരക്ഷണ സമിതിയുടെ കീഴിൽ വനപാലകരും പ്രദേശവാസികളുമുൾപ്പെടുന്ന 15 ഗാർഡുമാരുടെ സേവനവും ഇവിടെയുണ്ട്. പ്രവേശന കവാടത്തിൽനിന്ന് പുഴയോരത്തുകൂടി ഒരു കിലോമീറ്ററോളം സന്ദർശകർക്ക് നടന്നുകാണാം.

ഊഞ്ഞാലുകളും ഒരുക്കിയിട്ടുണ്ട്. വനവിഭവങ്ങൾ ലഭിക്കുന്ന വനശ്രീ ഇക്കോ ഷോപ്പും പ്രവർത്തിക്കുന്നു.

Content Highlights: Paniyeli Poru eco tourism center, kerala tourism, tourism destinations in ernakulam