കുറുപ്പംപടി: വേനലവധിയായതോടെ പെരിയാറിലെ പാണിയേലി 'പോരി'ല്‍ സന്ദര്‍ശകരുടെ തിരക്കേറി. മലയാറ്റൂര്‍ തീര്‍ഥാടനത്തിന് എത്തുന്നവരും ധാരാളമായി കോടനാട് 'അഭയാരണ്യം', 'പോര്' എന്നീ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാണ് മടങ്ങുന്നത്. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തിനുശേഷം ഇതുവരെ ഒരുലക്ഷത്തോളം പേര്‍ പോര് സന്ദര്‍ശിച്ചതായാണ് കണക്ക്. 

അതുവരെയുണ്ടായിരുന്ന പോരിലെ കാഴ്ചകളെ പ്രളയം അപ്പാടെ മാറ്റിമറിച്ചു. പാറക്കെട്ടുകള്‍ നിറഞ്ഞ പുഴയോരം മണല്‍പ്പരപ്പായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കളിക്കുന്നതിനും വിശ്രമിക്കുന്നതിനും മണല്‍പ്പരപ്പ് സ്വാഭാവിക സൗകര്യമൊരുക്കുന്നു. പുഴയില്‍ കുളിക്കുന്നതിന് പോര് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സുരക്ഷിത കടവുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മുന്‍പ് യുവാക്കളുടെ ഇഷ്ടസങ്കേതമായിരുന്നെങ്കില്‍ ഇപ്പോള്‍ വിനോദയാത്രികരില്‍ അധികവും കുടുംബസമേതം എത്തുന്നവരാണ്.

Paniyeli Poru
'പോരി'ന്റെ പ്രവേശനകവാടം

ഇടയ്ക്ക് പുഴയില്‍ വെള്ളം കുടിക്കാനെത്തുന്ന ആനക്കൂട്ടങ്ങളും സന്ദര്‍ശകര്‍ക്ക് കൗതുകക്കാഴ്ച സമ്മാനിക്കും. ഏതാനും കൊല്ലം മുന്‍പുവരെ മുങ്ങിമരണങ്ങള്‍ കൊണ്ട് കുപ്രസിദ്ധമായിരുന്നു പോര്. മദ്യപിച്ചും മറ്റും പുഴയില്‍ ഉല്ലസിക്കാനെത്തുന്ന സംഘങ്ങളില്‍പ്പെട്ടവരാണ് അപകടങ്ങളില്‍പ്പെട്ടവര്‍ ഏറെയും. അതുകൊണ്ടുതന്നെ മദ്യം, മറ്റുലഹരിവസ്തുക്കള്‍ എന്നിവ ഇവിടെ കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. വനസംരക്ഷണ സമിതിയുടെ 12 ഗാര്‍ഡുമാരും വനംവകുപ്പുദ്യോഗസ്ഥരും ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നു. 

മലയാറ്റൂര്‍ വനവികസന ഏജന്‍സിയുടെ കീഴില്‍ പോരില്‍ 'വനശ്രീ' സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വനവിഭവങ്ങളായ തേന്‍, പുല്‍ത്തൈലം, യൂക്കാലിത്തൈലം, കല്ലൂര്‍വഞ്ചി തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ ഇവിടെ ലഭിക്കും.  ഇടമലയാര്‍, തുണ്ടം, കുട്ടമ്പുഴ, താളുംകണ്ടം തുടങ്ങിയ വനമേഖലയിലെ ആദിവാസികളില്‍ നിന്ന് വനംവകുപ്പ് ശേഖരിക്കുന്നതാണ് ഇവ. 

വനംവകുപ്പും കൂവപ്പടി ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് പുതിയ ശൗചാലയം നിര്‍മിക്കുന്നുണ്ട്. കുടിവെള്ളവും ലഘുഭക്ഷണവും ലഭിക്കുന്ന ചെറിയ കടകള്‍ മാത്രമാണ് ഇവിടെയുള്ളത്. രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെയാണ് സന്ദര്‍ശകര്‍ക സമയം. ആലുവ-മൂന്നാര്‍ റോഡില്‍ കുറുപ്പംപടി ടൗണില്‍ നിന്ന് 15 കി.മീ. സഞ്ചരിച്ചാല്‍ പോരില്‍ എത്താം.

Content Highlights: Paniyeli Poru, Kodanadu Forest, Abhayaranyam