മാലൂർ: കണ്ണൂർ ജില്ലയിലെ മാലൂർ പാലുകാച്ചിപ്പാറയിൽ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറുന്നു. മലയും പാറക്കെട്ടുകളും ചേർന്ന അപൂർവ ദൃശ്യവിരുന്നാണ് പുരളിമലയുടെ ഭാഗമായ പാലുകാച്ചിപ്പാറയിലുള്ളത്.

സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിലുള്ള പാറയുടെ സൗന്ദര്യം കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ആളുകൾ എത്തുന്നുണ്ട്. കോടമഞ്ഞ് വർധിച്ചതോടെ പുലർച്ചെമുതൽ സന്ധ്യമയങ്ങുംവരെ നൂറുക്കണക്കിനാളുകൾ ഇവിടെയെത്തുന്നു.

മാലൂർ പഞ്ചായത്തിലെ പാലുകാച്ചിപ്പാറയുടെ മുകളിലെത്തിയാൽ വിദൂര കാഴ്ചകൾ വിസ്മയകരമാണ്. പഴശ്ശിരാജാവിന്റെ ഒളിപ്പോർ സങ്കേതമായിരുന്ന പുരളിമലയുടെ ഭാഗമാണ് പാലുകാച്ചിപ്പാറ. ഇവിടം ഇക്കോ ടൂറിസം പദ്ധതിയിൽ പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപുതന്നെ ഇവിടെ മൈക്രോവേവ് ടവർ സ്ഥാപിച്ചിരുന്നു. അക്കാലത്ത് ദൂരദർശൻ ഭൂതല സംപ്രേഷണ ടവർ, എസ്.ടി.ഡി. സംവിധാന യന്ത്രങ്ങൾ തുടങ്ങിയവയും സ്ഥാപിച്ച് ശ്രദ്ധേയമായിരുന്നു. അപൂർവ സസ്യങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രമാണ് പാലുകാച്ചിപ്പാറയും സമീപ പ്രദേശങ്ങളും.

പാറയുടെ മുകളിൽനിന്നാൽ മട്ടന്നൂർ വിമാനത്താവളവും അറബിക്കടലും അടക്കമുള്ള വിദൂരദൃശ്യങ്ങൾ കാണാം. അവധിദിവസങ്ങളിലും മറ്റും സ്കൂൾ, കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ തിരക്കാണ്. ചില സംഘങ്ങൾ ഭക്ഷണവും മദ്യവുമായാണ് വരവെന്ന് നാട്ടുകാർ പറയുന്നു. ചിലർ അലക്ഷ്യമായി മദ്യക്കുപ്പികൾ വലിച്ചെറിയുന്നത് സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കോവിഡ് വർധനയുണ്ടായ അവസരത്തിൽ സഞ്ചാരികൾക്ക് ഇവിടത്തേക്ക് പ്രവേശനം നിരോധിച്ചിരുന്നു. നിരോധനം പിൻവലിച്ചതിനെ തുടർന്ന് ധാരാളം ആളുകൾ എത്തുന്നുണ്ട്. മാലൂർ ഇൻസ്പെക്ടർ എം.വി. ബിജു, സബ് ഇൻസ്പെക്ടർ ബി.വി. അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പട്രോളിങ്‌ ശക്തമാക്കിയിട്ടുണ്ട്.

Content Highlights: palukachippara, puraluimala, unknown tourism destinations, kerala tourism