സര്‍വതും വിഴുങ്ങാനൊരുങ്ങിയെത്തിയ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ മുങ്ങിപ്പോയത് ഒരു നാടിന്റെ തന്നെ ചരിത്രത്തുടിപ്പുകളേയാണ്. സംഹാരനൃത്തമാടിവന്ന പ്രളയത്തില്‍ കൊച്ചിയിലെ പാലിയം കോവിലകത്തെ പുരാവസ്തുക്കള്‍ നാശത്തിന്റെ പിടിയിലമര്‍ന്നു.

രാജവംശത്തോളം തന്നെ പ്രാധാന്യമുണ്ട് പഴയ കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്തച്ചന്‍മാര്‍ക്ക്. മുസിരിസ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന പാലിയം കോവിലകത്തേയും നാലുകെട്ടിലേയും ചരിത്രശേഷിപ്പുകളേയാണ് പ്രളയജലം കവര്‍ന്നെടുത്തത്. വിലപ്പെട്ട താളിയോലകളും പുരാതന വിളക്കുകളും വാളുകളുമെല്ലാം വെള്ളംകയറി നശിച്ചു. ഛായാചിത്രങ്ങളടക്കം പഴയകാല പെയിന്റിങ്ങുകളിലെല്ലാം ചെളിയടിഞ്ഞു. ഓട്, നിലവിളുകള്‍, ചെമ്പുപാത്രങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം കേടുപാടുകള്‍ സംഭവിച്ചു. കോവിലകത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ താഴത്തെ നിലയിലായിരുന്നു എല്ലാം സൂക്ഷിച്ചിരുന്നത്. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. 

അതേസമയം വെള്ളപ്പൊക്കത്തില്‍ കെട്ടിടത്തിന് പരിക്കുകളൊന്നും ഉണ്ടായില്ല. നാലുകെട്ടിനോടു ചേര്‍ന്നുള്ള പുത്തന്‍ മാളികയുടെ ആദ്യനിലയിലെ ഗോവണിവരെയാണ് വെള്ളമെത്തിയത്. അന്ന് 25 പേരാണ് മുകളിലത്തെ നിലയില്‍ അഭയം തേടിയത്. വെള്ളം കയറി മുങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പഴയ പ്രൗഢിയില്‍ ഇതെല്ലാം വീണ്ടെടുക്കുക എന്നത് വെല്ലുവിളിയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും ഇതിനാവശ്യമാണ്.  

കൊച്ചി രാജ്യത്തെ പാലിയത്ത് എന്ന തറവാട്ടിലെ കാരണവരെയാണ് പാലിയത്തച്ചന്‍ എന്ന് വിളിച്ചിരുന്നത്. 1632 മുതല്‍ 1809 വരെ കൊച്ചി രാജാക്കന്മാരുടെ മന്ത്രി മുഖ്യന്‍ എന്ന പദവി വഹിച്ചുവന്നവരാണ് പാലിയത്തച്ചന്മാര്‍.