തൃത്താല: കോവിഡ് സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍മൂലം അടച്ചിട്ട വെള്ളിയാങ്കല്ല് പൈതൃകപാര്‍ക്കില്‍ വെള്ളിയാഴ്ചമുതല്‍ സന്ദര്‍ശകരെ പ്രവേശിപ്പിച്ചുതുടങ്ങും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചിടുന്നതിന്റെ ഭാഗമായാണ് പൈതൃകപാര്‍ക്ക് ഏപ്രില്‍ 27-ന് അടച്ചത്.

നാലുമാസങ്ങള്‍ക്കുശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണക്കാലം ആസ്വദിക്കാനും നിളാനദിയുടെ സൗന്ദര്യം ആസ്വദിക്കാനുമെല്ലാം വെള്ളിയാഴ്ചമുതല്‍ സന്ദര്‍ശകര്‍ക്ക് പൈതൃകപാര്‍ക്കിലെത്താം. കുറ്റിക്കാടുകള്‍ വെട്ടിമാറ്റിയും അലങ്കാരപ്പുല്ലുകള്‍ വെട്ടിയൊതുക്കിയും കുട്ടികളുടെ കളിയുപകരണങ്ങള്‍ വൃത്തിയാക്കിയുമെല്ലാം പാര്‍ക്കിനകത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. വിനോദസഞ്ചാരവകുപ്പ് നിധിയില്‍നിന്ന് 43.95 ലക്ഷം രൂപ ചെലവഴിച്ച് പൈതൃകപാര്‍ക്കിനെ നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.

കുടിവെള്ള സംവിധാനമൊരുക്കല്‍, കാസ്റ്റ് അയണ്‍ ഇരിപ്പിടങ്ങളുടെ നിര്‍മാണം, സന്ദര്‍ശകരുടെ സാധനങ്ങള്‍ സൂക്ഷിക്കുന്ന സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ നിര്‍മാണം എന്നിവയാണ് പൂര്‍ത്തീകരിക്കാനുള്ളത്.തിങ്കള്‍മുതല്‍ വെള്ളിവരെ കാലത്ത് പത്തുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് സന്ദര്‍ശകരെ പാര്‍ക്കിനകത്തേക്ക് പ്രവേശിപ്പിക്കുകയെന്ന് മാനേജര്‍ സി.എസ്. അനീഷ് അറിയിച്ചു. കുറഞ്ഞത് ഒരാഴ്ചമുമ്പെങ്കിലും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും 72 മണിക്കൂറിനകമെടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കും ഒരുമാസംമുമ്പെങ്കിലും കോവിഡ് ബാധിച്ച് രോഗമുക്തി നേടിയ രേഖകള്‍ കൈവശമുള്ളവര്‍ക്കും മാത്രമായിരിക്കും പാര്‍ക്കിനകത്തേക്ക് പ്രവേശനം അനുവദിക്കുക.

Content highlights : palakkad velliyamkallu heritage park repoen and allowed visitors