പാലക്കാട്: രണ്ട് പ്രളയങ്ങൾ തകർത്തെറിഞ്ഞ കെടുതികളിൽനിന്നും കോവിഡും അടച്ചുപൂട്ടലും തീർത്ത പ്രതിസന്ധിയിൽനിന്നും പുതുവർഷത്തെ പ്രത്യാശയോടെ നോക്കുകയാണ് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ നെല്ലിയാമ്പതിയും പറമ്പിക്കുളവും നിശ്ശബ്ദതാഴ്‌വരയും. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ഇവിടെയാക്കാമെന്ന് ആഗ്രഹിക്കുന്നവർക്ക് നിരാശപ്പെടേണ്ടിവന്നേക്കാം... കാരണം മിക്കയിടത്തും ഈ ദിവസങ്ങളിലെ ബുക്കിങ് പൂർത്തിയായി.
പരിധിക്കുപുറത്തായി നെല്ലിയാമ്പതി
നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ വിവിധ ഭാഗങ്ങളിലുള്ള റിസോർട്ടുകളും ഹോം സ്റ്റേകളും ഉൾപ്പെടെയുള്ള താമസസൗകര്യങ്ങൾക്ക് ബുക്കിങ് പൂർത്തിയായി. പലകപ്പാണ്ടി, ആനമട, പുലയമ്പാറ, ചന്ദ്രാമല, നൂറടി, പാടഗിരി, പകുതിപ്പാലം തുടങ്ങിയഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ 31 റിസോർട്ടുകളിലാണ് താമസസൗകര്യമുള്ളത്. എല്ലായിടത്തുമായി 300 പേർക്ക് താമസിക്കാം.
ടൂറിസംവകുപ്പിന്റെ നേതൃത്വത്തിലുള്ള റിസോർട്ടിൽ ഏഴ് മുറികളാണുള്ളത്. തോട്ടം മേഖലയോടുചേർന്നുള്ള സ്വകാര്യ റിസോർട്ടുകളാണ് സഞ്ചാരികൾക്ക് ആശ്രയം. ഇവയെല്ലാം ഡിസംബർ ആദ്യംതന്നെ ബുക്കിങ് പൂർത്തിയായതായി നെല്ലിയാമ്പതി റിസോർട്ട് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ അവധിദിവസങ്ങളിൽ മാത്രം 6,000-ത്തിലധികം സഞ്ചാരികളാണ് നെല്ലിയാമ്പതി കാണാനെത്തുന്നത്. സീതാർകുണ്ഡ്, സർക്കാർ ഓറഞ്ച് ഫാം, കേശവൻപാറ, കാരപ്പാറ തൂക്കുപാലം എന്നിവിടങ്ങളിലാണ് കൂടുതലും സഞ്ചാരികൾ എത്തുന്നത്. കാരാശൂരി, മിന്നാംപാറ ഭാഗങ്ങളിലേക്ക് വനംവകുപ്പിന്റെ അനുമതിയോടെ ട്രക്കിങ് നടത്താനും സൗകര്യമുണ്ട്. താമസസൗകര്യത്തിന്റെ കുറവുമൂലം പലരും കാഴ്ചകണ്ട് അന്നുതന്നെ മടങ്ങുകയാണ്.
ബൊമ്മിയാംപടി പാക്കേജ് ബുക്കിങ് തുടങ്ങി
മണ്ണാർക്കാട്: സൈലന്റ്‌വാലി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ക്രിസ്മസ്-പുതുവത്സരത്തെ വരവേൽക്കാൻ ബൊമ്മിയാമ്പടി പാക്കേജാണ് ഇത്തവണത്തെ ആകർഷണം. സൈലന്റ്‌വാലിയിലേക്ക് വിനോദസഞ്ചാരികളുടെ വരവ് കൂടുന്നതായി അസി. വൈൽഡ് ലൈഫ് വാർഡൻ വി. അജയ്‌ഘോഷ് പറഞ്ഞു. അട്ടപ്പാടിയുടെ മനോഹാരിതയും സൈലന്റ്‌വാലിയുടെ കാനനഭംഗിയും സമന്വയിപ്പിക്കുന്ന ബൊമ്മിയാംപടി പാക്കേജാണ് സന്ദർശകർക്കായി തുറന്നിരിക്കുന്നത്. രണ്ടുപേർക്ക് താമസിക്കാനുള്ള സൗകര്യത്തിന് 6,500 രൂപയും അഞ്ചുപേർക്ക് 14,500 രൂപയുമാണ്. സഞ്ചാരികൾക്ക് കൈയ്യുറ, മുഖാവരണം, അണുനാശിനി എന്നിവയെല്ലാം വനംവകുപ്പുതന്നെ വിതരണംചെയ്യുന്നു. പത്തുവയസ്സിനുതാഴെയും 65-ന് മുകളിലുമുള്ളവർക്ക് തത്‌കാലം പ്രവേശനമില്ല. സൈരന്ധ്രിവരെ അഞ്ചുമണിക്കൂർ നേരത്തെ സഫാരിയിൽ സഞ്ചാരികളെ 23 കിലോമീറ്റർ കാട്ടിലൂടെ സഞ്ചാരംനടത്തി തിരിച്ചെത്തിക്കും. അഞ്ചുപേർക്ക് ഒരുജീപ്പിൽ 3,250 രുപയാണ് നിരക്ക്. എല്ലാ പ്രവേശനവും മുൻകൂട്ടി ബുക്ക് ചെയ്യണം.
ബുക്കിങ്ങിന്: 8589895652-ൽ വിളിക്കണം.

പറമ്പിക്കുളത്ത് വനഭംഗി കാണാനും തിരക്ക്
മുതലമട: പറമ്പിക്കുളം കടുവസങ്കേതം തുറന്നതോടെ താമസത്തിന് വിവരങ്ങൾ ആരാഞ്ഞ് വിളിക്കുന്നവരുടെ എണ്ണം വർധിച്ചു. തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കഴിഞ്ഞുള്ളദിവസങ്ങൾ മുതലാണ് താമസിക്കാൻ അന്വേഷണമുള്ളത്. ക്രിസ്മസ് ആഘോഷത്തിനായി 24, 25 തീയതികളിലും പുതുവർഷ ആഘോഷത്തിനായി ഡിസംബർ 31, ജനുവരി ഒന്ന് തീയതികളിലും നൽകാവുന്ന താമസസൗകര്യത്തിനും അന്വേഷണമുണ്ട്.

ഓൺലൈൻ ആയി പണം അടച്ചാൽ മാത്രമേ ബുക്കിങ് സ്വീകരിക്കുകയുള്ളു. www.Parambikulam.org എന്ന വെബ്‌സൈറ്റ് പ്രവർത്തനം തകരാറിലായതിനാൽ ഓൺലൈനായി പണമടയ്ക്കാൻ ഇനിയും ദിവസങ്ങൾ കഴിയും.മൂന്നുപേർക്കുവരെ താമസിക്കാവുന്ന 20 മുറികളും അഞ്ചുപേർക്ക് താമസിക്കാവുന്ന വീട്ടിക്കുന്നൻ ദ്വീപ് എന്നിവയാണ് ഇപ്പോൾ വാടകയ്ക്ക് നൽകുന്നത്. മറ്റ് താമസസ്ഥലങ്ങളിൽ അറ്റകുറ്റപ്പണി നടക്കുകയാണ്. ചങ്ങാടയാത്ര (ബാംബു റാഫ്റ്റിങ്), ട്രൈബൽ സിംഫണി (ആദിവാസി നൃത്തം) എന്നിവ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നടത്തുന്നില്ലെന്ന് വിനോദസഞ്ചാരത്തിന്റെ ചുമതലയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥൻ ജിതിൻ പറഞ്ഞു.
Content Highlights: Palakkad Tourism, Nelliyampathy, Parambikulam, Silent Velley National Park, Kerala Tourism