പാകിസ്താനിലേക്ക് യാത്രയാവുന്ന സിഖ് തീർഥാടകർ (ഫയൽ ചിത്രം) Photo: AFP
ബൈശാഖി ആഘോഷങ്ങളുടെ ഭാഗമായി പാകിസ്താന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്ന 2856 സിഖ് തീര്‍ഥാടകര്‍ക്ക് പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ വിസ അനുവദിച്ചു. സിഖ് മതവിശ്വാസവുമായി ബന്ധപ്പെട്ട പ്രധാന ആഘോഷങ്ങളിലൊന്നാണ് ബൈശാഖി. ഇതിനായി എല്ലാവര്‍ഷവും ഏപ്രിലില്‍ സിഖ് വിശ്വാസികള്‍ പാകിസ്താനിലേക്ക് പോവാറുണ്ട്.
ഈ യാത്രയില്‍ പാകിസ്താനിലുള്ള സിഖ് ഗുരുദ്വാരകളായ ദേര സാഹിബ്, പഞ്ച സാഹിബ്, നങ്കന സാഹിബ്, കര്‍താപുര്‍ സാഹിബ് എന്നീ ഗുരുദ്വാരകളും തീര്‍ഥാടകര്‍ സന്ദര്‍ശിക്കും. ഏപ്രില്‍ 9 ന് പാകിസ്താനിലേക്ക് പ്രവേശിക്കുന്ന തീര്‍ഥാടകര്‍ ഏപ്രില്‍ 18 ന് ഇന്ത്യയില്‍ മടങ്ങിയെത്തും.
വാഗാ അതിര്‍ത്തിയിലൂടെയായിരിക്കും ഇവര്‍ പാകിസ്താനിലേക്ക് പ്രവേശിക്കുക. പാകിസ്താനിലെ ഉദ്യോഗസ്ഥര്‍ ഇവരെ സ്വീകരിക്കും. അതിര്‍ത്തിയിലെ നടപടികള്‍ക് ശേഷം പ്രത്യേക തീവണ്ടിയില്‍ ഇവരെ പഞ്ച സാഹിബിലേക്ക് എത്തിക്കും. 1974 ല്‍ ഇന്ത്യയും പാകിസ്താനുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് തീര്‍ഥാടകര്‍ക്ക് പാകിസ്താന്‍ വിസ അനുവദിക്കാറുള്ളത്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ ഗുരുദ്വാരകള്‍ സന്ദര്‍ശിക്കാനും ആഘോഷങ്ങളില്‍ പങ്കെടുക്കാനുമായി പാകിസ്താനിലേക്ക് പോവാറുണ്ട്.
ബൈശാഖി അല്ലെങ്കില്‍ വൈശാഖി എന്നറിയപ്പെടുന്ന ആഘോഷത്തിന് സിഖ് സമുദായത്തിനിടയില്‍ വലിയ പ്രധാന്യമാണുള്ളത്. സിഖ് പുതുവര്‍ഷത്തിന്റെ ആരംഭമായി ഈ ആഘോഷത്തെ കണക്കാക്കുന്നു. ഇന്ത്യയിലെ അമൃത്സര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും വലിയ ആഘോഷങ്ങള്‍ നടക്കും. ആട്ടും പാട്ടുമെല്ലാമായി അതിമനോഹരമായ ആഘോഷമാണ് ബൈശാഖി. ഇത് കാണാനായി നിരവധി സഞ്ചാരികളും പഞ്ചാബിലെത്താറുണ്ട്. പത്താമത്തെ ഗുരുവായ ഗുരു ഗോബിന്ദ് സിങിനെയാണ് ഈ ദിവസം അനുസ്മരിക്കുക.

ബൈശാഖി ദിവസം എല്ലാ സിഖ് മതവിശ്വാസികളും ഗ്രന്ഥപാരായണവും ഗുരുദ്വാര സന്ദര്‍ശനങ്ങളും ഒക്കെയായി ആചരിക്കും. സിഖ് മതവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പല ഗുരുദ്വാരകളും സ്ഥലങ്ങളും പാകിസ്താനിലാണ്. അതിനാല്‍ വൈശാഖി ദിവസം ലോകത്തെമ്പാടുമുള്ള സിക്ക് മതക്കാര്‍ ഇവിടേക്ക് തീര്‍ത്ഥാടനം നടത്താറുണ്ട്.
Content Highlights: Pakistan High Commission issues 2,856 visas to Sikh pilgrims for Baisakhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..