പൈതൽമല
ശ്രീകണ്ഠപുരം: കനത്ത മഴയെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രമായ പൈതല്‍മലയില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി. ഇനി ദിവസം രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാലുവരെ സഞ്ചാരികള്‍ക്ക് പൈതല്‍മലയിലേക്ക് പ്രവേശിക്കാം. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 15 രൂപയുമാണ് പ്രവേശന ഫീസ്.
കഴിഞ്ഞ കോവിഡ് കാലത്ത് പൂര്‍ണമായും സഞ്ചാരവിലക്കിലായിരുന്ന പൈതല്‍ മല പിന്നീട് തുറന്നെങ്കിലും വേനലില്‍ കാട്ടുതീ ഭീതിയില്‍ വീണ്ടും പ്രവേശനം നിരോധിച്ചിരുന്നു. മഴക്കാഴ്ച കാണാനെത്തുന്ന സഞ്ചാരികളെ ഏറെ നിരാശരാക്കിയാണ് രണ്ടാഴ്ച മുന്‍പ് പ്രവേശനം വിലക്കിയത്. അപ്പോഴും മലയോരത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളായ പാലക്കയംതട്ടിലും കാഞ്ഞിരക്കൊല്ലിയിലും അളകാപുരിയിലും മതിലേരിത്തട്ടിലുമെല്ലാം സഞ്ചാരികളുടെ ഒഴുക്കായിരുന്നു.
സമുദ്രനിരപ്പില്‍നിന്ന് 4500 അടി ഉയരത്തില്‍ 4124 ഏക്കര്‍ പ്രദേശത്ത് പരന്നുകിടക്കുന്ന പൈതല്‍മലയില്‍ മഴക്കാലത്ത് ട്രക്കിങ്ങിനും മറ്റ് മഴക്കാല ക്യാമ്പുകള്‍ക്കുമൊക്കെയായി നിരവധി പേരാണ് എത്താറുള്ളത്. അത്യപൂര്‍വ സസ്യങ്ങളുടെയും വന്യജീവികളുടെയും കേന്ദ്രം കൂടിയാണ്. പൈതല്‍മലയിലെ റിസോര്‍ട്ടുകളും മണ്‍സൂണ്‍ സീസണ് ആഘോഷിക്കാന്‍ തയ്യാറായിക്കഴിഞ്ഞു.
കുടിയാന്മല പൊട്ടന്‍പ്ലാവ് വഴി പൈതല്‍മലയിലെത്താം. ആലക്കോട്, കാപ്പിമല, മഞ്ഞപ്പുല്ല് വഴിയും പാത്തന്‍പാറ, കരാമരംതട്ട് വഴിയും കുടിയാന്മല മുന്നൂര് കൊച്ചി വഴിയും സാഹസികയാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് എത്തിച്ചേരാം. യാത്രാവിലക്ക് നീങ്ങിയതോടെ വരുംദിവസങ്ങളില്‍ പൈതല്‍മലയില്‍ കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് കരുതുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..