തിരപ്പിള്ളി: തുറസ്സായ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും അതിരപ്പിള്ളി, തുമ്പൂർമുഴി വിനോദസഞ്ചാരകേന്ദ്രങ്ങൾ വ്യാഴാഴ്ച തുറന്നില്ല. വെള്ളിയാഴ്ച രാവിലെ 11-ന് സംയുക്തസമിതി യോഗം അതിരപ്പിള്ളി പഞ്ചായത്തിൽ ചേരുന്നുണ്ട്. വേണ്ടത്ര മുൻകരുതലുകളെടുത്ത ശേഷമേ അതിരപ്പിള്ളി പഞ്ചായത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കൂ. വിനോദസഞ്ചാരകേന്ദ്രങ്ങൾ വൃത്തിയാക്കുന്ന ജോലികൾ തുടങ്ങി.

പീച്ചിയിൽ വൈകീട്ട് ആറുവരെ

മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷമാണ് പീച്ചി ഡാമിൽ പ്രവേശനാനുമതി. കോവിഡ് മാനദണ്ഡം പാലിച്ച് രാവിലെ എട്ടുമുതൽ ആറുവരെയാണ് സന്ദർശനസമയം. ജൂലായ് 27-ന് ഡാമിന്റെ നാല് ഷട്ടറുകളും തുറന്നിരുന്നു. മഴ ദുർബലമായതിനെത്തുടർന്ന് രണ്ട് ഷട്ടറുകൾ അടച്ചു. രണ്ട് ഇഞ്ചുവീതം രണ്ട് ഷട്ടറുകൾ ഇപ്പോഴും തുറന്നിട്ടുണ്ട്.

മുനയ്ക്കൽ കാത്തിരിക്കുന്നു

അഴീക്കോട് മുനയ്ക്കൽ മുസിരിസ് ബീച്ച്, കോട്ടപ്പുറം ആംഫി തിയേറ്റർ നടപ്പാതകൾ, കോട്ടപ്പുറം കോട്ട തുടങ്ങിയവ തുറന്നു. ബോട്ട് സർവീസും രണ്ടുദിവസത്തിനകം പുനരാരംഭിക്കും. പുതിയ കോവിഡ് മാനദണ്ഡങ്ങളനുസരിച്ചുള്ള രേഖകളുള്ളവർക്ക് മാത്രമാണ് പ്രവേശനമെന്ന് മുസിരിസ് പൈതൃകപദ്ധതി എം.ഡി. പി.എ. നൗഷാദ് പറഞ്ഞു. ജില്ലയിലെ ബീച്ചുകളിൽ സന്ദർശകർക്ക് പ്രവേശനാനുമതിയുണ്ടെങ്കിലും വ്യാഴാഴ്ച തിരക്കുണ്ടായിരുന്നില്ല.

വാഴാനി തിരക്കിലേക്ക്

വാഴാനി വിനോദസഞ്ചാരകേന്ദ്രവും സജീവമായി. സുരക്ഷാകാരണങ്ങളാൽ അണക്കെട്ടിലെ തൂക്കുപാലത്തിൽ സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല.

Content highlights :open tourist destinations like peechi vazhani in thrissur district