ഊട്ടി: മുതുമല കാട്ടിലെ വന്യമൃഗങ്ങൾക്ക് ഇപ്പോൾ ആഘോഷങ്ങളുടെ ദിവസങ്ങളാണ്. വാഹനത്തെയോ, സഞ്ചാരികളെയോ പേടിക്കാതെ സ്വതന്ത്രമായി വിഹരിക്കാം. വാഹനങ്ങളുടെ ഇരമ്പലോ, ഹോൺ ശബ്ദമോ, ക്യാമറ ക്ലിക്കുകളോ, സഞ്ചാരികളുടെ ബഹളമോ ഒന്നുമില്ലാത്ത സൊയ്‌ര്യമായ ജീവിതം.

ഊട്ടി -തെപ്പക്കാട് റോഡിലൂടെ ഒരു വാഹനത്തിൽ യാത്രചെയ്താൽ മൃഗങ്ങൾ ഒന്നിനേയും പേടിക്കാതെ സ്വസ്ഥമായി മേയുന്നത് ഒരു നല്ല കാഴ്ചതന്നെയാണ്. നൂറുകണക്കിന് മാനുകളുള്ള കൂട്ടങ്ങൾ, കുട്ടികളോടൊപ്പം മേച്ചിൽപ്പുറങ്ങളിൽ ഉലാത്തുന്ന കാട്ടുപോത്തുകൾ, ആന, പല ഇനത്തിൽപ്പെട്ട കുരങ്ങുകൾ, കഴുതപ്പുലി, മയിൽ, കഴുകൻ... എന്നിങ്ങനെ പോകുന്നു വനവാസികളുടെ പേരുകൾ.

മേയ്‌ അവസാനം മുതൽ നല്ല മഴ ലഭിച്ചതിനാൽ വനത്തിലും റോഡോരങ്ങളിലും പുല്ലുകൾ കിളിർത്തതോടെ മൃഗങ്ങൾ മേയാനെത്തുക പതിവാണ്. തെപ്പക്കാട്, മസിനഗുഡി, സീഗൂർ, വാഴത്തോട്ടം, മാവനെല്ല ഭാഗങ്ങളിലാണ് വന്യമൃഗങ്ങളെ കൂടുതലായി കണ്ടുവരുന്നത്‌. ലോക്ഡൗണൊക്കെ കഴിഞ്ഞ് സഞ്ചാരികൾ വീണ്ടും എത്തുന്നതുവരെ മുതുമലയിലെ വന്യമൃഗങ്ങൾക്ക് ആഘോഷത്തിന്റെ കാലമാണ്.

Content Highlights: Ooty Wildlife Sanctuary Covid 19 Lock Down