റെ പ്രതീക്ഷിച്ചെത്തിയ രണ്ടാംസീസണും കഴിഞ്ഞു. ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിച്ച ഊട്ടിയിലെ വിനോദസഞ്ചാരമേഖലയ്ക്ക് പ്രതീക്ഷയുടെ നാമ്പുപോലും നല്‍കാതെ... സഞ്ചാരികളെക്കാത്ത് കച്ചവടക്കാര്‍ ഒരുക്കിയ പൂക്കളും അധികംവൈകാതെ വാടും. പൂക്കച്ചവടക്കാരുടെ ഇപ്പോഴത്തെ ജീവിതംപോലെ.

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളാണ് ഊട്ടിയിലെ രണ്ടാംസീസണ്‍. ഈ കാലയളവില്‍ അഞ്ചുലക്ഷത്തില്‍ക്കൂടുതല്‍ സഞ്ചാരികള്‍ എത്താറുണ്ട്. നീലഗിരി ജില്ലയിലെ പ്രധാന സാമ്പത്തിക സ്രോതസ്സാണ് വിനോദസഞ്ചാര മേഖല. ലക്ഷക്കണക്കിന് പേരുടെ ഉപജീവന മാര്‍ഗവും ഇതിനെ ചുറ്റിപ്പറ്റിയാണ്. ഇതില്‍ പ്രധാനം പൂക്കച്ചവടമാണ്. രണ്ടാം സീസണിലെ പ്രത്യേകതയില്‍ ഒന്ന് വാടാമല്ലിയാണ്. ദീര്‍ഘകാലം വാടാതിരിക്കുന്ന ഈ പൂവിന് ആവശ്യക്കാര്‍ ഏറെയാണ്. കൂടുതലായും മലയാളികള്‍. വാടാമല്ലിപ്പൂക്കള്‍ വിറ്റ് ജീവിതം പച്ചപിടിപ്പിക്കുന്ന നൂറില്‍പ്പരം കുടുംബങ്ങള്‍ ഇപ്പോള്‍ കഷ്ടത്തിലാണ്. നീലഗിരി കുന്നിന്‍ചെരുവുകളില്‍നിന്ന് പറിച്ചെടുത്തുകൊണ്ടുവന്ന് സസ്യോദ്യാനം, ബോട്ട് ഹൗസ്, ദോഡബെട്ട എന്നിവിടങ്ങളില്‍ വഴിയോരക്കച്ചവടം നടത്തുകയാണ് പതിവ്. ഇപ്പോള്‍ ചിലര്‍മാത്രം പൂക്കളുമായി സഞ്ചാരികളെയും പ്രതീക്ഷിച്ച് കാത്തിരിക്കുന്നത് കാണാം.

സെപ്റ്റംബര്‍ ഒന്‍പതാം തീയതി ലോക്ഡൗണില്‍ ഇളവുവരുത്തി നിയന്ത്രണങ്ങളോടെ സഞ്ചാരികള്‍ക്ക് ഊട്ടിയില്‍ സന്ദര്‍ശനം നടത്താന്‍ അനുമതി നല്‍കിയെങ്കിലും നാമമാത്ര സഞ്ചാരികള്‍ മാത്രമേ എത്തുന്നുള്ളൂ. ഇ-പാസ് നിബന്ധനകളാണ് സഞ്ചാരികള്‍ കുറയാന്‍ കാരണം.

Ootty Flower Selling
ഊട്ടി സസ്യോദ്യാനത്തിനരികിലെ പൂക്കച്ചവടക്കാർ

ഉദ്യാനംമാത്രം തുറന്നാല്‍പ്പോരാ

പാര്‍ക്കുകള്‍ തുറന്നിട്ടും സഞ്ചാരികള്‍ എത്താത്തതിനാല്‍ മിക്ക ഹോട്ടലുകളും ലോഡ്ജുകളും ഇപ്പോഴും അടഞ്ഞുകിടക്കയാണ്. താങ്ങാനാവാത്ത പ്രവര്‍ത്തനച്ചെലവാണ് തുറക്കാതിരിക്കാന്‍ കാരണം.

വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ ഇ-പാസ് സംവിധാനം പൂര്‍ണമായും എടുത്തുകളയണമെന്ന് ഹോട്ടലുകാരും ലോഡ്ജുകാരും സഞ്ചാരികളെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരും ഒരുപോലെ ആവശ്യപ്പെടുന്നു.

നിലവില്‍ ഒരുദിവസം 200 സഞ്ചാരികള്‍ക്കാണ് ഇ-പാസ് നല്‍കുന്നത്. ഒരുപാസില്‍ നാലോ അഞ്ചോ പേര്‍ക്ക് മാത്രമാണ് അനുമതി. കൂടാതെ ഉല്ലാസകേന്ദ്രങ്ങളായ ദോഡബെട്ട, ബോട്ട് ഹൗസ്, പൈക്കര, മുതുമല കടുവാസങ്കേതം എന്നിവ തുറന്നുകൊടുത്തിട്ടില്ല. ഉദ്യാനങ്ങള്‍മാത്രം സന്ദര്‍ശിക്കാന്‍ പലരും തയ്യാറാകുന്നുമില്ല.

മലയാളികള്‍ എത്തണം

മലയാളികളായ സഞ്ചാരികള്‍ ഇല്ലെങ്കില്‍ ഊട്ടി വിനോദസഞ്ചാരമേഖല തളരും. ഇരുപത് വര്‍ഷമായി വാടാമല്ലിപ്പൂക്കള്‍ വിറ്റാണ് ജീവിക്കുന്നത്. ആവശ്യക്കാര്‍ കൂടുതലും മലയാളികളാണ്. ദീപാവലിസമയത്തെങ്കിലും ഇ-പാസ് സംവിധാനം ഒഴിവാക്കിയാല്‍ നല്ലതായിരുന്നു.

-എം. മാരിമുത്തു, പൂക്കച്ചവടക്കാരന്‍

താളംതെറ്റി

ഊട്ടി വിനോദസഞ്ചാരമേഖല താളംതെറ്റിയ നിലയിലാണ്. സന്ദര്‍ശനത്തിനുള്ള നിയന്ത്രണം നീക്കംചെയ്താല്‍ മേഖലയില്‍ ഉണര്‍വുണ്ടാകും. ഇല്ലാത്തപക്ഷം സഞ്ചാരികളെ ആശ്രയിച്ചുകഴിയുന്ന കച്ചവടക്കാര്‍ സാമ്പത്തിക തകര്‍ച്ചയെ നേരിടേണ്ടിവരും.

-പി.സി. പ്രവീണ്‍, ബേക്കറിയുടമ.

Content Highlights: Ootty Travel, Ootty Tourism, Nilgiri Tourism, Tamil Nadu Tourism, Travel News