ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിയുടെ പ്രത്യേക സർവീസിനായി ഒരുക്കിയ ബോഗികൾ | ഫോട്ടോ: മാതൃഭൂമി
കോയമ്പത്തൂർ: മേട്ടുപ്പാളയം-ഊട്ടി പൈതൃക തീവണ്ടി സ്വകാര്യവത്കരിക്കാൻ റെയിൽവേ നീക്കം നടത്തുന്നതായി ആരോപിച്ച് എം.പി.മാർ രംഗത്തെത്തി. നീലഗിരി എം.പി. എ. രാജ, കോയമ്പത്തൂർ എം.പി. പി.ആർ. നടരാജൻ, മധുര എം.പി. എസ്. വെങ്കടേശൻ എന്നിവരാണ് നീക്കത്തിനെതിരേ റെയിൽവേ ബോർഡിന് കത്തെഴുതിയത്. മക്കൾ നീതിമയ്യം നേതാവും സിനിമാതാരവുമായ കമലഹാസനും ശക്തമായ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു.
മേട്ടുപ്പാളയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി.എൻ. 43 എന്ന പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബേക്കറി ശൃംഖലയാണ് പൈതൃക തീവണ്ടിയുടെ പ്രത്യേക സർവീസ് നടത്തിയത്. ഡിസംബർ അഞ്ച് മുതൽ ജനുവരി ആദ്യയാഴ്ച വരെ 13 ട്രിപ്പുകളാണ് ഇവർ പ്രത്യേക സർവീസായി ഓടിക്കുന്നത്. തീവണ്ടിയുടെ ബോഗികളിൽ ഓറഞ്ചു നിറമുള്ള സ്റ്റിക്കറുകൾ ഒട്ടിച്ച് ടി.എൻ.43 എന്ന ലേബലിലാണ് തീവണ്ടിയോടിച്ചത്.
യാത്രക്കാരിൽനിന്ന് 3000 രൂപ വീതം ഈടാക്കിയാണ് തീവണ്ടി ഓടിച്ചതെന്ന് ഉടമ പറഞ്ഞു. ഓൺലൈൻ ബുക്കിങ് നടത്തി മേട്ടുപ്പാളയം മുതൽ ഊട്ടി വരെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ പരസ്യബോർഡ് സ്ഥാപിച്ചാണ് ആളുകളെ കയറ്റിയത്. ആദ്യദിനം 109 യാത്രക്കാർ കയറിയെങ്കിലും പിന്നീടുള്ള യാത്രയിൽ യാത്രക്കാരുടെ എണ്ണം നാമമാത്രമായി ചുരുങ്ങി. 1,20,000 രൂപ ഡെപ്പോസിറ്റും 4,93,500 രൂപ ദിവസവാടകയും നൽകിയാണ് 13 ദിവസത്തേക്ക് തീവണ്ടി വാടകയ്ക്കെടുത്തത്.
ഇവരുടെ ഓൺലൈൻ സൈറ്റുകളിൽ അടുത്ത ഒരു വർഷത്തേക്ക് പൈതൃക തീവണ്ടിയുടെ പ്രത്യേക സർവീസ് ബുക്ക് ചെയ്യാമെന്ന് പരസ്യവും നൽകിയിട്ടുണ്ട്. തുടർന്നുള്ള യാത്രാദിനങ്ങളിൽ താമസസൗകര്യമടക്കം വാഗ്ദാനം ചെയ്ത് പരസ്യബോർഡുകളും സ്ഥാപിച്ചു.
പൈതൃക തീവണ്ടിയുടെ പ്രത്യേക സർവീസിന് റെയിൽവേതന്നെ ഫസ്റ്റ് ക്ലാസിന് 1,575 രൂപയും സെക്കൻഡ് ക്ലാസിന് 1,065 രൂപയും നികുതിയടക്കം വാങ്ങുന്നുണ്ട്. സാധാരണ മേട്ടുപ്പാളയം-ഊട്ടി സർവീസിന് ജനറൽ ടിക്കറ്റ് 175 രൂപയും ഫസ്റ്റ് ക്ളാസ് റിസർവേഷന്‍ 600 രൂപയും സെക്കൻഡ് ക്ലാസ് റിസർവേഷന്‍ 445 രൂപയുമാണ് റെയിൽവേ ഈടാക്കുന്നത്.
നീലഗിരി തീവണ്ടിക്ക് ചുറ്റുമുള്ള നീലനിറത്തിന് മുകളിൽ ഓറഞ്ച് സ്റ്റിക്കറുകൾ പതിപ്പിച്ചതാണ് ജനങ്ങളുടെ പ്രതിഷേധം ആളിക്കത്താൻ ഇടയാക്കിയത്. സാധാരണ സർവീസ് റദ്ദ് ചെയ്ത് പ്രത്യേക സർവീസ് മാത്രം ഇത്തരത്തിൽ റെയിൽവേ അനുവദിച്ചത് സ്വകാര്യവത്കരിക്കാൻ തയ്യാറായാണെന്ന് പി.ആർ. നടരാജൻ എം.പി. ആരോപിച്ചു. പ്രതിഷേധം കനത്തതോടെ തീവണ്ടിയിൽനിന്ന് സ്റ്റിക്കറുകൾ റെയിൽവേതന്നെ ഇളക്കിമാറ്റി.
റെയിൽവേയുടെ പ്രത്യേക സർവീസ് ആര് പണം നൽകി ബുക്ക് ചെയ്താലും യാത്രയ്ക്ക് നൽകുമെന്ന് റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു. ഇത്തരത്തിലാണ് ഇവർക്കും നൽകിയത്. എന്നാൽ ബേക്കറി ശൃംഖലയുടെ പരസ്യത്തിൽ ഒരുവർഷത്തേക്ക് ഇത്തരത്തിൽ പണം വാങ്ങി ഓടിക്കുമെന്നത് ചൂണ്ടിക്കാണിച്ചപ്പോൾ റെയിൽവേ ഉദ്യോഗസ്ഥർ മറുപടി നൽകിയില്ല.
പ്രത്യക്ഷസമരം നടത്തും
പൈതൃക തീവണ്ടിയുടെ പ്രത്യേക സർവീസ് സ്വകാര്യവത്കരിക്കാൻ നടത്തുന്ന നീക്കത്തിനെതിരേ വിവിധ പ്രതിപക്ഷ പാർട്ടികൾ പ്രത്യക്ഷസമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. തന്തൈപെരിയാർ ദ്രാവിഡകഴകം, കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടികൾ, എസ്.ഡി.പി.ഐ. തുടങ്ങിയവയുടെ യോഗം മേട്ടുപ്പാളയത്ത് നടന്നു. മേട്ടുപ്പാളയം-ഊട്ടി സാധാരണ തീവണ്ടി പുനഃസ്ഥാപിക്കുക, പൈതൃക തീവണ്ടി സ്വകാര്യവത്കരണനീക്കം ഉപേക്ഷിക്കുക, കോയമ്പത്തൂർ-മേട്ടുപ്പാളയം മെമു സർവീസ് പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളുയർത്തി ശനിയാഴ്ച രാവിലെ പുറപ്പെടുന്ന പൈതൃക തീവണ്ടിയുടെ പ്രത്യേക സർവീസ് തടയുമെന്ന് സമരക്കാർ അറിയിച്ചു.
Content Highlights: Ootty Heritage Train, Nilgiri Mountain Train, Ootty Train Controversy, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..