ഗൂഡല്ലൂർ: ഒമിക്രോൺ ആശങ്കയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ മുതുമലയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ്‌ കുറഞ്ഞു. മുതുമലയിലേക്ക്‌ അയൽ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന വിനോദസഞ്ചാരികളുൾപ്പെടെയുള്ളവർക്ക് കർശന വൈദ്യപരിശോധന നടത്താൻ ജില്ലാഭരണകൂടം തീരുമാനിച്ചിരുന്നു.

ഇതോടെ അന്തഃസംസ്ഥാനാതിർത്തികളിലെത്തുന്നവർക്ക് കോവിഡ് പരിശോധനാഫലം നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ബാധകമാക്കിയിരിക്കുകയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ വിനോദസഞ്ചാരികളുടെ എണ്ണം നവംബർ മാസത്തിലേതിനേക്കാൾ കുത്തനെ കുറഞ്ഞു. 

അടുത്തിടെയാണ് വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പൊതുപ്രവേശന നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയത്. ഇതിനെത്തുടർന്ന് നീലഗിരിയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. കനത്ത മഴ പെയ്തതോടെ ഇതു നിലച്ചു. പിന്നീട് മഴയുടെ ശക്തി കുറഞ്ഞതോടെ രണ്ടാഴ്ചയായി സഞ്ചാരികളുടെ വരവ് ക്രമാതീതമായി വർധിക്കാൻ തുടങ്ങി. ഇതിനിടയിലാണ് ഒമിക്രോണിന്റെ വരവ്. 

കേരളത്തെയും കർണാടകത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന മുതുമല, ഗൂഡലൂർ, മസിനഗുഡി മേഖലകളിൽ ഇപ്പോൾ വിനോദസഞ്ചാരികളുടെ വരവ് കുറവാണ്. ഇതോടെ ഭക്ഷണശാലകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ ആവശ്യത്തിന് കച്ചവടമില്ലാതായി. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾക്ക് ഒരാഴ്ചയിലേറെ ബാക്കിയുള്ളതിനാൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ.

നീലഗിരിയിൽ വിനോദസഞ്ചാരികൾക്ക് വേണ്ടത്

നീലഗിരിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ആർ.ടി.പി.സി.ആർ. പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ 72 മണിക്കൂറിനകമുള്ള പരിശോധനാ സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. രണ്ടുതവണ വാക്സിനേഷൻ നടത്തിയവർക്കും വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സർട്ടിഫിക്കറ്റ് നിർബന്ധം. വിദേശ ടൂറിസ്റ്റുകൾക്കും പ്രത്യേക പരിശോധനയുണ്ട്. കുട്ടികൾക്കും വയോജനങ്ങൾക്കും പ്രവേശനമില്ല.

Content Highlights: omicron alert, mudumalai wildlife sanctury, masinagudi travel