ദുബായ്: രാജ്യം അംഗീകരിച്ച വാക്‌സിന്റെ രണ്ടുഡോഡ് എടുത്തവര്‍ക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ ഒമാനിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ഒമാന്‍ ഭരണകൂടം വ്യക്തമാക്കി. ഒമാനിലേക്ക് മടങ്ങാനാവാതെ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് ആശ്വാസമാവുന്നതാണ് തീരുമാനം.

ഏപ്രില്‍ അവസാനവാരമാണ് ഒമാന്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത്. പത്തുദിവസത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യയിലെ കോവിഡ് നിരക്കുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ നീണ്ടുപോയി. യു.എ.ഇ.ക്ക് പുറമെ ഒമാന്‍കൂടി പ്രവേശനവിലക്ക് അവസാനിപ്പിച്ച സാഹചര്യത്തില്‍ പ്രവാസികളുടെ പ്രതിസന്ധി കുറെയേറെ പരിഹരിക്കപ്പെടുകയാണ്.

ഒന്നരവര്‍ഷത്തെ നേരിട്ടുള്ള പ്രവേശനവിലക്ക് അവസാനിപ്പിച്ചുകൊണ്ട് കുവൈത്തും കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇനി സൗദിയിലേക്കുകൂടി നേരിട്ട് പ്രവേശിക്കാനുള്ള സാഹചര്യമുണ്ടായാല്‍ പ്രവാസികളുടെ ഗള്‍ഫിലേക്കുള്ള മടക്കം എളുപ്പമാകും.

ഇന്ത്യയെക്കൂടാതെ പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ഒമാനിലേക്ക് പ്രവേശിക്കാം.

Content Highlights: Oman lifts travel ban for vaccinated Indian nationals