ഭുവനേശ്വര്‍: 100 സ്ഥലങ്ങളില്‍ ബോട്ട് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഒഡിഷ സര്‍ക്കാര്‍. കോവിഡ് മൂലം സഞ്ചാരികളെത്താതായതോടെ വലിയ സാമ്പത്തിക നഷ്ടമാണ് ഇക്കാലയളവില്‍ ഒഡിഷയ്ക്കുണ്ടായത്. അത് മറികടക്കുന്ന എന്നതാണ് പുതിയ പദ്ധതി കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.

ഈ മാസം അവസാനത്തോടെ പദ്ധതിയുടെ പ്രാരംഭഘട്ട ജോലികള്‍ ആരംഭിക്കും. അടുത്ത വര്‍ഷം 100 സ്ഥലങ്ങളില്‍ ബോട്ടിങ് ആരംഭിക്കും. ചീഫ് സെക്രട്ടറി എസ്.സി.മഹാപത്രയുടെ നേതൃത്വത്തിലാണ് പദ്ധതി പൂര്‍ത്തീകരിക്കുക.

ഒഡിഷയില്‍ വലുതും ചെറുതുമായ 118 അണക്കെട്ടുകളുണ്ട്. ഹിരാക്കുഡ്, മന്ദ്ര, പട്ടോറ, ദേരാസ്, ഹദ്ഗഢ് തുടങ്ങിയ പ്രശസ്തമായ ഡാമുകളെല്ലാം ഒഡിഷയിലാണ് സ്ഥിതി ചെയ്യുന്നത്. അതുപോലെ ചിലിക്ക, അന്‍സുപ, കഞ്ജിയ, ഹിരാക്കുഡ് തുടങ്ങിയ തടാകങ്ങളും ഒഡിഷയിലുണ്ട്. ഇവയെല്ലാം ബോട്ടിങ് കേന്ദ്രമാക്കി മാറ്റും.

മഹാനദി, ബ്രംഹ്മാനി, ബൈത്തരാണി തുടങ്ങിയ നദികളിലും ബോട്ടിങ് ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇവിടെയെല്ലാം ബോട്ടിങ് ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

Content Highlights: Odisha eyes boating services at 100 locations by year-end to woo tourists