മട്ടന്നൂര്‍: യു.എ.ഇ.യിലേക്കുള്ള യാത്രാനിബന്ധനകളില്‍ ഇളവുവന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരും സര്‍വീസുകളും കൂടി. കഴിഞ്ഞദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബുദാബിയിലേക്കുള്ള സര്‍വീസ് കൂടി പുനരാരംഭിച്ചു. ഇതോടെ ഷാര്‍ജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്ക് സര്‍വീസുകളായി.

എല്ലാ സെക്ടറുകളിലും 70 ശതമാനത്തിലധികം യാത്രക്കാരുമായാണ് സര്‍വീസ് നടത്തുന്നത്. കൂടുതല്‍ പേര്‍ ഗള്‍ഫ്‌നാടുകളിലേക്ക് മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നതോടെ ടിക്കറ്റ് നിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ജൂലായ് ഏഴിനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍ഷാര്‍ജ സര്‍വീസ് പുനരാരംഭിച്ചത്.

53 യാത്രക്കാര്‍ മാത്രമാണ് ആദ്യ വിമാനത്തില്‍ ഉണ്ടായിരുന്നത്. യു.എ.ഇ.യിലേക്ക് പ്രവേശനത്തിന് കൂടുതല്‍ ഇളവുകള്‍ വന്നതോടെയാണ് യാത്രക്കാരുടെ എണ്ണം കൂടിയത്.

ആഴ്ചയില്‍ നാലുദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ദുബായിലേക്ക് എയര്‍ ഇന്ത്യയും ഗോ ഫസ്റ്റ് എയര്‍ലൈനും സര്‍വീസുകള്‍ നടത്തുന്നുണ്ട്. അബുദാബിയിലേക്കും ആഴ്ചയില്‍ നാലുദിവസം സര്‍വീസുണ്ട്.

കോവിഡ് മൂലമുള്ള യാത്രാവിലക്കിനെ തുടര്‍ന്ന് മൂന്നുമാസത്തോളം പരിമിതമായ തോതിലായിരുന്നു സര്‍വീസുകളുണ്ടായിരുന്നത്. വിവിധ രാജ്യങ്ങളുമായുള്ള എയര്‍ബബിള്‍ ക്രമീകരണം അനുസരിച്ചുള്ള സര്‍വീസുകള്‍ മാത്രമാണ് ഇക്കാലയളവില്‍ നടത്തിയത്.

Content Highlights: Number of travellers increased in Kannur International Airport