ചെന്നൈ: ലോക്ഡൗണിനെത്തുടർന്ന് ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമായി കുടുങ്ങിപ്പോയവരെ താമസിപ്പിക്കാനായി കെ.ടി.ഡി.സി.യുടെ ചെന്നൈ ഗ്രീംസ് റോഡ് റെയിൻഡ്രോപ്സ് ഹോട്ടലിലെ ഒഴിവുള്ള മുറികൾ വിട്ടുനൽകണമെന്ന് നോർക്ക ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർഥിച്ചു.

ലോക്ഡൗണിന് മുമ്പ് ചെന്നൈയിൽ ചികിത്സ, വ്യാപാരം തുടങ്ങിയ ആവശ്യങ്ങൾക്കായി എത്തിയവരാണ് കുടുങ്ങിപ്പോയവർ. ഭൂരിഭാഗം പേരുടെയും കൈയിൽ നിത്യച്ചെലവിനുള്ള പണം പോലുമില്ല. ഇത്തരമൊരു സാഹചര്യത്തിൽ നിസ്സഹായരായി വിവിധ ഭാഗങ്ങളിൽ കഴിയുന്നവർക്ക് നോർക്ക ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തകർ, വിവിധ മലയാളി അസോസിയേഷൻ പ്രവർത്തകർ, ലോക കേരള സഭാംഗങ്ങൾ എന്നിവർ ഭക്ഷണമെത്തിക്കുന്നുണ്ട്. എന്നാൽ മാനുഷിക പരിഗണന കണക്കിലെടുത്ത് ഇവർക്ക് താമസിക്കാനായി കെ.ടി.ഡി.സി.ഹോട്ടലിലെ മുറികൾ മേയ് മൂന്നുവരെ വിട്ടുനൽണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ അഭ്യർഥിച്ചു.

മുറികൾ വൃത്തിയാക്കാനും കിടക്ക വിരികൾ കഴുകാനും ഹോട്ടൽ സംവിധാനത്തെ ആശ്രയിക്കില്ലെന്നും നിവേദനത്തിൽ പറഞ്ഞു. കുടുങ്ങി കിടക്കുന്നവർക്ക് ആശ്വാസമേകാൻ കേരള സർക്കാർ അനുകൂല നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

Content Highlights: NORCA ROOTS, Help Desk WorkersApproached Pinarayi Vijayan, KTDC Raindrops Hoten Chennai