കക്കട്ടില്‍: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിമാറുന്ന ഉറിതൂക്കിമലയും കൊരണപ്പാറയും പഷ്ണിക്കുന്നും കോര്‍ത്തിണക്കി കിഴക്കന്‍മലയോരം കേന്ദ്രീകരിച്ച് ടൂറിസം സര്‍ക്യൂട്ട് തുടങ്ങണമെന്ന ആവശ്യത്തിന് ശക്തിയേറി തുടങ്ങിയിട്ട് കാലം അധികമായില്ല. ഒട്ടേറെ സന്ദര്‍ശകരെത്തുന്ന ഇടമാണെങ്കിലും ഇവിടെ അടിസ്ഥാനസൗകര്യങ്ങളൊന്നും ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. നാദാപുരം നിയോജകമണ്ഡലത്തിലുള്‍പ്പെട്ട പ്രദേശങ്ങളാണ് ഉറിതൂക്കിമല, കൊരണപ്പാറ, പഷ്ണിക്കുന്ന്, പത്തേക്കര്‍, എടോനിമല, വലിയകുന്ന്, മുത്താച്ചിക്കോട്ട, കമ്മായി തുടങ്ങിയവ. ഉയരംകൂടിയ കുന്നുകളും കിഴുക്കാംതൂക്കായിനില്‍ക്കുന്ന പാറക്കൂട്ടങ്ങളും നീര്‍ച്ചാലുകളും കൊച്ചരുവികളും പുല്‍മേടുകളുമെല്ലാം വശ്യമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.

ചരിത്രപ്രാധാന്യമേറെ

പഴശ്ശിരാജയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ കുന്നുകളില്‍ പലതും. പഴശ്ശി ഭക്ഷണം സൂക്ഷിച്ചിരുന്ന കുന്ന് ഉറിതൂക്കിമലയെന്നും ഭക്ഷണം കിട്ടാതെ ഒരുദിനം പട്ടിണികിടന്ന കുന്ന് പഷ്ണിക്കുന്നെന്നും പടയൊരുക്കം നടത്തിയ സ്ഥലം പടച്ചില്‍ എന്നും അറിയപ്പെട്ടെന്നാണ് പ്രാദേശികചരിത്രം പറയുന്നത്. പഴശ്ശിയുടേതെന്ന് കരുതുന്ന ഉടവാളിന്റെ സ്വര്‍ണപ്പിടി പഷ്ണിക്കുന്നില്‍നിന്ന് കണ്ടെടുത്തത് ഇതിന് തെളിവായും ചൂണ്ടിക്കാട്ടുന്നു.

തിരക്ക് കൂടി, മാലിന്യവും

സഞ്ചാരികളുടെ എണ്ണം കൂടിയതോടെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം തള്ളുന്നതും കൂടിയിട്ടുണ്ട്. മദ്യക്കുപ്പികള്‍, വെള്ളക്കുപ്പികള്‍, ബേക്കറി സാധനങ്ങള്‍ പൊതിഞ്ഞ പ്ലാസ്റ്റിക് കവറുകള്‍, പുകയില ഉത്പന്നങ്ങളുടെ കവറുകള്‍, ഉപയോഗിച്ച മാസ്‌കുകള്‍ തുടങ്ങിയവയെല്ലാം അലക്ഷ്യമായി വലിച്ചെറിയുന്നുണ്ട്. ഇതുണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല.

മൂന്ന് പഞ്ചായത്തുകള്‍ക്ക് പ്രയോജനം

ഈ പ്രദേശങ്ങളിലെ വിനോദസഞ്ചാരസാധ്യതകള്‍ വികസിപ്പിച്ചാല്‍ നരിപ്പറ്റ, കായക്കൊടി, കാവിലുംപാറ പഞ്ചായത്തുകള്‍ക്ക് പ്രയോജനം ലഭിക്കും. ഉറിതൂക്കിമല നരിപ്പറ്റ പഞ്ചായത്തിലും കൊരണപ്പാറ കായക്കൊടി പഞ്ചായത്തിലുമാണ്. കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട്ട് മല വഴിയാണ് രണ്ടിടത്തേക്കും പോകേണ്ടത്. എടോനി വഴിയുള്ള മൂന്നുകിലോമീറ്റര്‍ റോഡ് വികസിപ്പിച്ചാല്‍ ഇതുവഴിയും ഇവിടെയെത്താം.

അപകടമുണ്ട്, സൂക്ഷിക്കുക

ഉറിതൂക്കിയിലേയും കൊരണയിലേയും ചെങ്കുത്തായതും കിഴുക്കാം തൂക്കായതുമായ ഉയര്‍ന്ന പാറക്കൂട്ടങ്ങള്‍ക്ക് താഴെ അഗാധമായ ഗര്‍ത്തമാണ്. ശ്രദ്ധയൊന്ന് പാളിയാല്‍ വലിയ അപകടം ഉറപ്പ്. ഉറിതൂക്കിമലയിലെ ഉയര്‍ന്ന പാറയിലേക്ക് പോകുന്നതിന്റെ ഒരുഭാഗത്ത് 24 മണിക്കൂറും വൈദ്യുതി പ്രവഹിക്കുന്ന കമ്പിവേലിയുണ്ട്. ഇതില്‍ സ്പര്‍ശിക്കുന്നതും അപകടത്തിനിടയാക്കും.

എങ്ങനെ എത്താം

നാദാപുരം ഭാഗത്തുനിന്ന് വരുമ്പോള്‍ ഏകദേശം 22 കിലോമീറ്റര്‍ സഞ്ചരിച്ചും കുറ്റ്യാടിയില്‍നിന്ന് വരുമ്പോള്‍ 14 കിലോമീറ്ററോളം സഞ്ചരിച്ചും കരിങ്ങാട്ട് എത്താം. ഇവിടെനിന്ന് വടക്ക് ഭാഗത്തേക്ക് പോയാല്‍ ഉറിതൂക്കിയിലും തെക്കുഭാഗത്തേക്ക് കൊരണപ്പാറയിലേക്കുമെത്താം. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരം അടിയോളം ഉയരത്തിലാണ് ഈ രണ്ട് മലകളും. കൊരണപ്പാറയുടെ ഏറ്റവും ഉയര്‍ന്നസ്ഥലത്ത് നിന്നാല്‍ കടല്‍ക്കാഴ്ചവരെ തെളിയും.

Content Highlights: no tourism circuit have been still developed in uruthookkimala, koranppara, pashnikkunnu