ഹംപിയില്‍ ഡ്രോണ്‍ പട്രോളിങ്ങിന് നിരോധനം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഡ്രോണുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  സഞ്ചാരികളുടെ ചലനങ്ങള്‍ വീക്ഷിക്കാന്‍ ഡ്രോണ്‍ പട്രോളിങ് സജീവമായി നിലവിലുണ്ടായിരുന്നു.

ഒരു കാരണവശാലും ഡ്രോണുകള്‍ ഹംപിയിലെ ചരിത്രസ്മാരകങ്ങള്‍ക്ക് മുകളിലൂടെ പറത്താന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനുപകരം സഞ്ചാരികളെ നിരീക്ഷിക്കുന്നതിനായി കൂടുതല്‍ സി സി ടിവികള്‍ ഹംപിയില്‍ സ്ഥാപിക്കും. 

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഡ്രോണുകള്‍ പറത്തുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ എ എസ് ഐ ശ്രമിച്ചിരുന്നെങ്കിലും ഹംപി വേള്‍ഡ് ഹെറിറ്റേജ് ഏരിയ മാനേജ്‌മെന്റ് അതോറിറ്റിയാണ് അത് എതിര്‍ത്തത്. ഡ്രോണുകള്‍ പറത്തുന്നതുവഴി സഞ്ചാരികളെ വ്യക്തമായി നിരീക്ഷിക്കാനാകും എന്ന കാരണമാണ് അവര്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഡ്രോണ്‍ പറത്തല്‍ കാരണം ചരിത്രസ്മാരകങ്ങള്‍ക്ക് കേടുപാടുകള്‍ വരാന്‍ തുടങ്ങിയതോടെ പുതിയ തീരുമാനത്തിലെത്തുകയായിരുന്നു. 

ഹംപി കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഹംപി വേള്‍ഡ് ഹെറിറ്റേജ് ഏരിയ മാനേജ്‌മെന്റ് അതോറിറ്റി ഒരുക്കുന്നുണ്ട്. ഇതുപയോഗിച്ച് ഹംപി എങ്ങനെ ആസ്വദിക്കണം എന്ന കാര്യം ആപ്പ് പറഞ്ഞുതരും. നിലവില്‍ ഹസാര രാമ ക്ഷേത്രത്തിന്റെയും വിജയ വിഠല ക്ഷേത്രത്തിന്റെയും വിവരങ്ങളാണ് ആപ്പിലുള്ളത്. വരും ദിവസങ്ങളില്‍ ആപ്ലിക്കേഷനില്‍ എല്ലാ വിവരങ്ങളും ചേര്‍ക്കും. പത്തുരൂപയാണ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ഫീസ്. 

Content Highlights: No drones to be allowed for patrolling in the Hampi heritage area