അമ്പലവയൽ: അരനൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷുകാർ നിർമിച്ച നീസൺ ഹട്ടുകൾ നാമാവശേഷമാകുന്നു. എട്ടെണ്ണമുണ്ടായിരുന്നവയിൽ അവശേഷിക്കുന്ന രണ്ടെണ്ണം നവീകരിച്ച് ടൂറിസത്തിന് ഉപയോഗിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഉപയോഗശൂന്യമായ കെട്ടിടങ്ങൾ ഇപ്പോൾ സാമൂഹികവിരുദ്ധരുടെ താവളമാണ്.

അമ്പലവയലിലെ വയനാട് പൈതൃക മ്യൂസിയത്തിന് തൊട്ടടുത്താണ് ആകൃതികൊണ്ട് വ്യത്യസ്തമായ നീസൺ ഹട്ടുകൾ. വയനാട്ടിൽ മലമ്പനി പടർന്നുപിടിച്ച കാലത്ത് മരുന്നുകൾ സൂക്ഷിക്കുന്നതിനാണ് ബ്രിട്ടീഷുകാർ ഇവ നിർമിച്ചത്. പിൽക്കാലത്ത് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതുൾപ്പടെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ ഉപയോഗശൂന്യമാണ്. ചുറ്റിലും കാടുമൂടി ഭീകരാന്തരീക്ഷമാണിവിടെ. പൈതൃകമ്യൂസിയം കാണാനെത്തുന്നവർ വാഹനം നിർത്തിയിടുന്നത് ഇതിനടുത്താണ്.

കൗതുകം തോന്നി അകത്തുകയറുന്നവർക്ക് മനംമടുപ്പിക്കുന്ന കാഴ്ചയാണ് ഉള്ളിൽ. പുരാവസ്തുവകുപ്പ് ഏറ്റെടുക്കാൻ ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. ഇവ സംരക്ഷിക്കുമെന്ന് മന്ത്രിമാർ ഉൾപ്പെടെ പലതവണ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.

Nissen Hut Ambalavayal
സാമൂഹ്യവിരുദ്ധർ താവളമാക്കിയ നീസൺ ഹട്ടിന്റെ ഉൾവശം | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായ കെട്ടിടത്തിൽ ഇപ്പോൾ മദ്യപരും സാമൂഹികവിരുദ്ധരും തമ്പടിക്കുകയാണ്. ഒഴിഞ്ഞ മദ്യക്കുപ്പികൾ, ലഹരിവസ്തുകളുടെ പാക്കറ്റുകൾ മറ്റുമാലിന്യം എന്നിവയൊക്കെയാണ് ഉള്ളിലെ കാഴ്ചകൾ.

പകൽ തെരുവുനായ്ക്കൾ ഇവിടെ താവളമാക്കുന്നു. കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകളും വാതിലുകളും ഇളകിമാറിയ അവസ്ഥയിലാണ്. മഴപെയ്താൽ വെള്ളം ഉള്ളിൽ കെട്ടിക്കിടക്കും. ചരിത്രസ്മാരകമായി സൂക്ഷിക്കേണ്ട കെട്ടിടങ്ങളാണ് ആർക്കും വേണ്ടാതെ കിടക്കുന്നത്.

മിനിപാർക്ക് ആക്കണം

വയനാടൻ ടൂറിസത്തിന്റെ ഇടനാഴിയായ അമ്പലവയലിൽ ചരിത്രസ്മാരകമായി നിലനിർത്തേണ്ട നിർമിതിയാണിത്. ഇവിടെ പ്രാഥമികവിദ്യാഭ്യാസം നടത്തിയ വിദ്യാർഥിയാണ് ഞാൻ. നീസൺ ഹട്ടിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സങ്കടമുണ്ട്. ഗ്രാമപ്പഞ്ചായത്ത് ഇതേറ്റെടുത്ത് മിനി പാർക്ക് ആക്കണം. നിലവിൽ അഞ്ചുമണികഴിഞ്ഞാൽ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടയ്ക്കുന്നതിനാൽ ടൂറിസ്റ്റുകൾക്ക് മറ്റ് വിനോദങ്ങളില്ല. സായാഹ്നങ്ങൾ ചെലവഴിക്കാൻ പ്രദേശവാസികൾക്കും ഇത് ഉപകരിക്കും.

- സുബൈർ വയനാട്, പൊതുപ്രവർത്തകൻ

Content Highlights: Nissen hut Amabalavayal, wayanad tourism, kerala tourism