ഊട്ടി: നീലഗിരിയിലേക്ക് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. ഏപ്രില്‍ 30 വരെ ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശിക്കാനാകില്ല. പക്ഷേ സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതിനേത്തുടര്‍ന്നാണ് പുതിയ തീരുമാനം തമിഴ്‌നാട് കൈക്കൊണ്ടത്.

മുതുമല ടൈഗര്‍ റിസര്‍വ്, ഊട്ടി തടാകം, കൂനൂരിലെ സിംസ് പാര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് പ്രധാനമായും നിരോധിച്ചിരിക്കുന്നത്. 

നിലഗീരി കളക്ടര്‍ ജെ ഇന്നസെന്റ് ദിവ്യാണ് ഇക്കാര്യം അറിയിച്ചത്. സഞ്ചാരികളല്ലാത്ത മറ്റ് ആവശ്യങ്ങള്‍ക്കായി നീലഗിരിയിലെത്തുന്നവര്‍ക്ക് പ്രവേശനം അനുവദിക്കും. പക്ഷേ കൃത്യമായ രേഖകള്‍ ഇവര്‍ ഹാജരാക്കണം. 

നീലഗിരിയിലേക്ക് സഞ്ചാരികളെ തടയുന്നതിനായി സ്‌പെഷ്യല്‍ ടീമിനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അവശ്യവസ്തുക്കളുടെ സര്‍വീസിനും വിലക്കില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഊട്ടിയിലേക്ക് സന്ദര്‍ശകര്‍ എത്തിയിരുന്നില്ല. ഇതുകൊണ്ടുതന്നെ ഊട്ടിയിലെ ടൂറിസം ആകെ തകിടം മറിഞ്ഞ അവസ്ഥയിലാണ്.

Content Highlights: Nilgiris to stay closed for visitors till April 30