ഗൂഡല്ലൂർ: കോവിഡ് നൽകിയ മാസങ്ങൾ നീണ്ട പ്രതിസന്ധിക്കൊടുവിൽ നീലഗിരിയിലെ വിനോദസഞ്ചാരമേഖല സജീവമായി. മഞ്ഞുപെയ്യുന്ന ക്രിസ്മസ് - ന്യൂയർ രാവുകളെ ആഘോഷിക്കാൻ സഞ്ചാരികൾ ഊട്ടിയിലെത്തിത്തുടങ്ങി. ഊട്ടി കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളും ഹോട്ടൽ, റിസോർട്ട് മേഖലയും വിനോദസഞ്ചാരികൾക്കായി തുറന്നുനൽകി. എട്ടുമാസത്തെ കാത്തിരിപ്പിനുശേഷമാണ് ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നത്.
ഊട്ടി ബോട്ട് ഹൗസ്, ദോഡാബെട്ട, ഊട്ടി - ഗൂഡല്ലൂർ ദേശീയ പാതയോട് ചേർന്നുകിടക്കുന്ന പൈക്കര തടാകം, വെള്ളച്ചാട്ടം, പൈൻ ഫോറസ്റ്റ്, ഒമ്പതാം മൈൽ, കൂനൂരിലെ ഡോൾഫിൻ നോസ് തുടങ്ങിയ എല്ലാ സഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്കുണ്ട്. ബോട്ട് ഹൗസിൽ പ്രതിദിനം നൂറിലേറെ പേരാണ് വരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം. മലയാളികളുടെ ഇഷ്ടകേന്ദ്രമാണ് ബോട്ട് ഹൗസ്.

വർഷംതോറും മുപ്പത് ലക്ഷത്തിൽ കൂടുതൽ സഞ്ചാരികളാണ് ഊട്ടിയിൽ എത്തുന്നത്. പതിനായിരക്കണക്കിന് പേരാണ് ടൂറിസം മേഖലയെ ആശ്രയിച്ച് വിവിധ സംരംഭങ്ങളും തൊഴിലും നടത്തുന്നത്. ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം സഞ്ചാരികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് കാരണം മാർച്ച് അവസാനം നീലഗിരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൂട്ടിയതോടെ മേഖലയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് പേർ വരുമാനമില്ലാത്ത പ്രതിസന്ധിയിലായിരുന്നു. മേഖലയെ ആശ്രയിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർ പ്രയാസത്തിലായിരുന്നു. ഊട്ടിയിലെ പ്രധാന സീസണുകളിലൊന്നാണ് ഡിസംബർ - ജനുവരി മാസങ്ങൾ. കഴിഞ്ഞ മാസങ്ങളിലെ നഷ്ടം നികത്താനാവില്ലെങ്കിലും വലിയ പ്രതീക്ഷയിലാണ് സഞ്ചാരികൾ.
Content Highlights: Nilgiri Tourism, Ootty Boat House, Ootty Travel